Connect with us

Kannur

അശാസ്ത്രീയ കുഴല്‍ക്കിണര്‍ നിര്‍മാണം ഭൂഗര്‍ഭ ജലവിതാനം താഴുന്നു

Published

|

Last Updated

കണ്ണൂര്‍: മഴക്കുറവുമൂലം ഭൂഗര്‍ഭജല വിതാനത്തിന്റെ തോത് അപകടകരമാംവിധം കുറയുമ്പോഴും സംസ്ഥാനത്ത് കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നത് ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ. കുഴല്‍ക്കിണര്‍ നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളില്‍ പലതും തമിഴ് നാട്ടില്‍ നിന്നോ മറ്റ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നോ വാടകക്കെടുക്കുന്ന റിഗ്ഗുകള്‍ ഉപയോഗിച്ച് തികച്ചും അശാസ്ത്രീയമായാണ് കിണര്‍ നിര്‍മിക്കുന്നത്. ഇത്തരത്തിലുളള്ള കുഴല്‍ക്കിണര്‍ നിര്‍മാണം വര്‍ധിക്കുന്നത് കടുത്ത ഭൂഗര്‍ഭ ജല ചൂഷണത്തിനും ഉപയോഗ ശൂന്യമായ കിണറുകളുടെ എണ്ണം വര്‍ധിക്കുന്നതിനും കാരണമാകുന്നുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇതു വരെയായി 2772 കുഴല്‍ക്കിണറുകള്‍ക്ക് മാത്രകമാണ് ശാസ്ത്രീയമായി സ്ഥാന നിര്‍ണയം നടത്തിയത്. കുടിവെള്ളത്തിന് വളരെയധികം ദൗര്‍ലഭ്യം അനുഭവിക്കുന്ന ഇടങ്ങളിലായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഭൂജല വകുപ്പ് ഇത്രയും കിണറുകള്‍ക്ക് ശാസ്ത്രീയമായി സ്ഥാനം നിര്‍ണയിച്ചത്. എന്നാല്‍ അതിലും എത്രയോ ഇരട്ടി കിണറുകളാണ് കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
കുഴല്‍ക്കിണര്‍ കുഴിക്കുമ്പോള്‍ ഉറച്ച പാറ എത്തിയതിന് ശേഷം രണ്ടടിയെങ്കിലും പാറയില്‍ താഴ്ത്തി നാല് മുതല്‍ എട്ടിഞ്ച് വരെ വ്യാസമുള്ള പി വി സി, ജി ഐ കുഴല്‍(കേസിംഗ് പൈപ്പ്) കിണറിലേക്ക് ഇറക്കേണ്ടതുണ്ട്. മേല്‍മണ്ണും അതിലെ ഭൂജലവും കിണറിലേക്ക് ഇറങ്ങാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.എന്നാല്‍ പലരും ഈ കേസിംഗ് പൈപ്പ് ഇത്തരത്തില്‍ ഇടാറില്ല. പാറ എത്തുന്നതിനു മുമ്പുള്ള ഉറച്ച പഴകിപ്പൊടിഞ്ഞ പാറ എത്തുമ്പോഴേക്കും മിക്കപ്പോഴും നിര്‍ത്തുകയും ചെയ്യും. പൈപ്പിന്റെ പണം അത്രയും ലാഭിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്ന പ്രശ്‌നം ചില്ലറയല്ല. പൈപ്പിനും കടുത്ത പാറക്കും ഇടയിലുള്ള മണ്ണ് കാലക്രമേണ ഇടിഞ്ഞ് കുഴല്‍ക്കിണര്‍ പ്രവര്‍ത്തന രഹിതമാകും. സമീപത്തുള്ള സാധാരണ കിണറുകളിലെ ഉറവകള്‍ കേസിംഗ് പൈപ്പിനും പാറക്കും ഇടയിലുള്ള വിടവിലൂടെ കുഴല്‍ക്കിണറിലേക്ക് അരിച്ച് ഇറങ്ങും. പിന്നീട് കുഴല്‍ക്കിണര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ സമീപത്തുള്ള കിണറുകളിലെ വെള്ളം വറ്റും. അതിനെല്ലാമപ്പുറം കുഴല്‍ക്കിണര്‍ കുഴിക്കുമ്പോള്‍ വെള്ളം കണ്ടില്ലെങ്കില്‍ പാറ എത്തുന്നതിനു മുമ്പ് കേസിംഗ് പൈപ്പ് ഒന്നുയര്‍ത്തി വെച്ചാല്‍ ചുറ്റുവട്ടത്തുള്ള കിണറില്‍ നിന്നോ കുളത്തില്‍ നിന്നോ വെള്ളം യഥേഷ്ടം അരിച്ചെത്തുകയും അവ ക്രമേണ വറ്റി വരളുകയും ചെയ്യും.
ഇതു തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമായതു കൊണ്ടാണ് അശാസ്ത്രീയ കുഴല്‍ക്കിണറുകള്‍ വഴിയുള്ള ജല ചൂഷണം വളരെയധികം നടക്കുന്നത്. കുഴല്‍ക്കിണറുകളില്‍ വെക്കുന്ന മോട്ടോര്‍ പമ്പിന്റെ കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര വെള്ളം ലഭിക്കും എന്ന് അറിയുന്ന പമ്പ് ടെസ്റ്റ് നടത്തിയാണ് മോട്ടോര്‍ ഘടിപ്പിക്കേണ്ടത്. എന്നാല്‍ പലയിടത്തും ഇത് നടത്താറില്ല. ഇതു കാരണം മോട്ടോര്‍ ഘടിപ്പിക്കുമ്പോള്‍ കനത്ത സാമ്പത്തിക നഷ്ടവും വൈദ്യുതി നഷ്ടവും ഉണ്ടാകുന്നു. കുഴല്‍ക്കിണറിലെ ജലഗുണമേന്മാ പരിശോധന നടത്തണമെന്ന നിയമവും ഒരിടത്തും പാലിക്കാറില്ല. പാലക്കാട് ജില്ലയില്‍ ചിലയിടങ്ങളില്‍ നടത്തിയ പഠനത്തില്‍ ഫഌറൈഡിന്റെ അംശം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കുഴല്‍ക്കിണറുകള്‍ തമ്മില്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്ന നിയമവും പാലിക്കപ്പെടാറില്ല.
വരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയുപ്പുണ്ടായതോടെ പലയിടത്തും കുഴല്‍ക്കിണര്‍ നിര്‍മാണം സജീവമായിട്ടുണ്ട്. മഴക്കുറവും പ്രകൃതിനാശവും മൂലം അനുദിനം ഭൂഗര്‍ഭ ജലവിതാനത്തിന്റെ തോത് കുറഞ്ഞുകൊണ്ടിരിക്കുന്ന മലയോര ജില്ലകളില്‍ കുഴല്‍ക്കിണറുകളുടെ വ്യാപനത്തോടെ സാധാരണ കിണറുകളിലെ വെള്ളം വറ്റുമെന്ന ആശങ്കയുണ്ട്. വേനലില്‍ കിണറുകള്‍ സ്ഥിരമായി വറ്റുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കുഴല്‍ക്കിണര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം. ഒരു നിബന്ധകളും പാലിക്കാതെയാണ് കുഴല്‍ക്കിണറുകള്‍ ആഴത്തില്‍ കുഴിക്കുന്നത്. വരള്‍ച്ചബാധിത പ്രദേശങ്ങളില്‍ പ്രത്യേക അനുമതിയുണ്ടെങ്കിലേ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ പാടുള്ളൂ എന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് അനുമതി വേണ്ട. 30 മീറ്റര്‍ ചുറ്റളവില്‍ പൊതു ജലസ്രോതസ്സുണ്ടെങ്കില്‍ ഭൂജല വകുപ്പിന്റെ അനുമതി ലഭിക്കണം. ഇതൊന്നും പാലിക്കാതെയാണ് എല്ലായിടത്തും കുഴല്‍ക്കിണര്‍ നിര്‍മാണം സജീവമായിട്ടുള്ളത്.

കുഴല്‍ക്കിണര്‍ ഏജന്‍സികളെ നിയന്ത്രിക്കാനായി ഭൂജല വകുപ്പ് രജിസ്‌ട്രേഷന്‍ കൊണ്ടുവന്നിരുന്നെങ്കിലും കാര്യക്ഷമമായി അത് നടപ്പാക്കാനായിട്ടില്ല. മഴക്കുറവുമൂലം ഏറെ ആഴത്തില്‍ കുഴിച്ചാല്‍ മാത്രമേ ഇപ്പോള്‍ സാധാരണ കിണറുകളില്‍നിന്ന് വെള്ളം ലഭിക്കൂ. ഇതിന് വന്‍ചെലവും വരുന്നു. ഏറെ ആഴത്തില്‍ കുഴിച്ചാല്‍ പോലും വെള്ളം കിട്ടുമെന്ന് ഉറപ്പുമില്ല.
ഈ സാഹചര്യത്തിലാണ് ആളുകള്‍ വ്യാപകമായി കുഴല്‍ക്കിണറുകളിലേക്ക് തിരിയുന്നത്. ഭൂമിയുടെ അടിത്തട്ടിലെ ശേഷിക്കുന്ന വെളളം കൂടി നിയന്ത്രണമില്ലാതെ ഊറ്റിയെടുക്കുന്നത് ഭാവിയില്‍ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ നല്‍കുന്നു .
കുഴല്‍ക്കിണര്‍ നിര്‍മാണത്തിനും ഉപയോഗത്തിനും സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നിയമങ്ങളില്ലാത്തതാണ് ജലചൂഷണത്തിന് വഴിവെക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി