Connect with us

Ongoing News

സഞ്ജു വി സാംസണ്‍ മാപ്പ് പറഞ്ഞു; കടുത്ത നടപടി ഒഴിവാക്കി കെസിഎ

Published

|

Last Updated

കൊച്ചി: രഞ്ജി ട്രോഫിക്കിടെ മോശം പെരുമാറ്റമടക്കമുള്ള ആരോപണങ്ങളില്‍ ഉള്‍പ്പെട്ട മലയാളി താരം സഞ്ജു വി സാംസണിനെതിരെ അച്ചടക്ക നടപടികള്‍ വേണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) തീരുമാനിച്ചു. സഞ്ജു അച്ചടക്ക സമിതിയ്ക്ക് മുമ്പാകെ നല്‍കിയ വിശദീകരണം കണക്കിലെടുത്താണ് താരത്തിനെതിരെ നടപടികള്‍ അവസാനിപ്പിച്ചത്.

സഞ്ജുവിന്റെ വിശദീകരണം ആത്മാര്‍ഥമാണെന്ന് കരുതുന്നതായും സംഭവം സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേക സമിതി വ്യക്തമാക്കി. മാനസികമായ സമ്മര്‍ദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടി ഉണ്ടയാതെന്നാണ് സമിതി വിലയിരുത്തിയത്.

മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്‍കി. ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും സഞ്ജു അറിയിച്ചു. “ഇന്ത്യ എ ടീമിനുവേണ്ടിയെല്ലാം നന്നായി കളിച്ച എനിക്ക് രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി നന്നായി കളിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ നിരാശയും ദേഷ്യവും കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. നമ്മളൊക്കെ മനുഷ്യല്ലെ”എന്നും സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

Latest