Connect with us

Gulf

ഉദര സംബന്ധ രോഗങ്ങള്‍ നിസാരവല്‍കരിക്കാതെ ചികിത്സ തേടണമെന്ന് ഡി എച്ച് എ

Published

|

Last Updated

ദുബൈ: ഉദര സംബന്ധമായ വേദന അനുഭവിക്കുന്നവര്‍ നിസാരമായി തള്ളിക്കളയാതെ വൈദ്യ സഹായം തേടണമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റിയുടെ വിദഗ്ധ ഡോക്ടര്‍മാര്‍.
ഉദര വേദന അനുഭവപ്പെടുന്ന സമയത്ത് ഔഷധ സസ്യങ്ങള്‍കൊണ്ട് പരിഹാരങ്ങള്‍ തേടുകയാണ് പതിവ്. വീടുകളില്‍ പ്രാഥമിക ഘട്ടത്തില്‍ ചെയ്യുന്ന ചികിത്സാ രീതികള്‍ ശ്വാശ്വത പരിഹാരമായി കരുതരുതെന്ന് റാശിദ് ഹോസ്പിറ്റല്‍ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഹൈതം സവാല്‍മഹ് അഭിപ്രായപ്പെട്ടു.

പലരും വേദന മൂര്‍ച്ഛിച്ചു തീരാ വേദനയായി മാറുമ്പോഴാണ് ഡോക്ടറെ സമീപിക്കാറുള്ളത്. ഈ ഘട്ടങ്ങളില്‍ ചികിത്സ സങ്കീര്‍ണമായിത്തീരാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈ ഹെല്‍ത് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ക്ലിനിക്കുകള്‍ വഴി ആരോഗ്യ സംരക്ഷണ മുന്‍കരുതലടങ്ങുന്ന മുന്നറിയിപ്പുകള്‍ ആഴ്ചതോറും നല്‍കുന്നുണ്ട്.

ഇത്തരത്തില്‍ രോഗം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ചികിത്സ തേടിയാല്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ വൈദ്യസഹായം അനിവാര്യമാകും. വേദന അനുഭവപ്പെടുന്ന പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടിയാല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റാശിദ് ഹോസ്പിറ്റലിലെ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ 80 ശതമാനവും നടന്ന സര്‍ജറികള്‍ ഉദര സംബന്ധമായ രോഗങ്ങളാല്‍ ചികിത്സ തേടിയവര്‍ക്കുള്ളതാണ്.
75 ശതമാനം ഉദര രോഗങ്ങളും ജീവിത രീതിയില്‍ മാറ്റം വരുത്തിയും വ്യായാമ മുറകളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും മാറ്റിയെടുക്കാന്‍ കഴിയും. 25 ശതമാനം ആന്തരീകാവയവങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. അതിന് ശസ്ത്രക്രിയ വഴിയോ അല്ലാതെയോ മറ്റ് ചികിത്സാ മാര്‍ഗങ്ങളുണ്ട്.
ഉദര സംബന്ധമായ വേദനകള്‍ക്കൊപ്പം പനി, വിട്ടുമാറാത്ത ഛര്‍ദി, നിര്‍ജലീകരണം, മൂത്ര തടസം, വേദന മണിക്കൂറുകളോളം ഉണ്ടാകല്‍, ശ്വാസ തടസം, ഗര്‍ഭസ്ഥാവസ്ഥയില്‍ വിട്ടുമാറാത്ത വേദന എന്നിവ അനുഭവപ്പെട്ടാലും എത്രയും പെട്ടന്ന് വൈദ്യസഹായം തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest