പ്രവാസികളോട് കരുതലുണ്ടാകും: മുഖ്യമന്ത്രി

Posted on: December 22, 2016 7:50 pm | Last updated: December 22, 2016 at 7:50 pm

ദുബൈ: നാടിനെ പുരോഗതിപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത സംഭാവന ചെയ്യുന്ന പ്രവാസികളെ നന്ദിയോടെ പരിഗണിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ അഭിവൃദ്ധിക്ക് വഴിവെച്ച പ്രധാന ഘടകങ്ങളില്‍ ഒന്നാണ് പ്രവാസികളുടെ പിന്തുണയും സഹായവും. ദുബൈ അല്‍ ഖൂസില്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന് പുറത്തു പോയി ജോലി ചെയ്യുന്ന പ്രവാസികളുടെ പിന്തുണയാണ് യഥാര്‍ഥത്തില്‍ കേരളത്തിന്റെ പച്ചപ്പിന് ഏറ്റവും വലിയ ഘടകമായി നില്‍ക്കുന്നത്. അത്തരമൊരു സംഭാവന നാടിന് നല്‍കുന്ന ഒരു വിഭാഗത്തെ അതേരീതിയില്‍ തിരിച്ചു നന്ദി പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന മനസ്താപം കേരളത്തിനുണ്ട്. ആ കുറവ് പരിഹരിക്കുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ അതിവേഗം നീങ്ങിക്കൊണ്ടിയിരിക്കുകയാണ് പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ആവശ്യമായ സഹായ നടപടികള്‍ കൂടുതല്‍ ത്വരിതപ്പെടുത്താന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കം. പ്രവാസികളെ കുറിച്ചുള്ള ശ്രദ്ധ എപ്പോഴും സര്‍ക്കാരിനുണ്ടെന്നും പ്രവാസികളോടൊപ്പം ചിന്തിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടെന്ന് ഉറപ്പ് തരുന്നതായും അദ്ദേഹം പറഞ്ഞു.

ഗള്‍ഫിലേക്ക് വരുമ്പോള്‍ ഒരു ലേബര്‍ ക്യാമ്പെങ്കിലും സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചതില്‍ സന്തോഷമുണ്ട്. ഗള്‍ഫിലെ സാഹചര്യവും നാട്ടിലെ സാഹചര്യവും വളരെ വിത്യാസമുണ്ട്, നാട്ടില്‍ നിന്നും അകന്ന്‌നിന്ന് ഇവിടെ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ പലരേയും അലട്ടുന്നുണ്ട്. ഇതിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ക്കരികില്‍ എത്തിയ പിണറായിക്ക് മുദ്രാവാക്യം വിളികളോടെയുള്ള ആവേശകരമായ വരവേല്‍പാണ് ലഭിച്ചത്. ഏവരേയും കൈവീശി അഭിവാദ്യം ചെയ്ത് തിരക്കുകൂട്ടാതെ ക്യാമ്പിലേക്കെത്തിയ മുഖ്യമന്ത്രി തൊഴിലാളികളുടെ താമസയിടവും ഭക്ഷണശാലയുമെല്ലാം ചുറ്റിനടന്നു കണ്ടു. പിന്നെ, തൊഴിലാളികളുമായി സംസാരിക്കാന്‍ ക്യാമ്പിലെ ഓഡിറ്റോറിയത്തിലേക്കു നീങ്ങി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം നടത്തിയ ആദ്യവിദേശയാത്ര തങ്ങള്‍ക്കരികിലേക്ക് ആയതിന്റെ ആവേശത്തിലായിരുന്നു തൊഴിലാളികള്‍.