മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താവ്യക്തിത്വ പുരസ്‌കാരം

Posted on: December 22, 2016 6:35 pm | Last updated: December 22, 2016 at 6:35 pm

ദുബൈ: റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താവ്യക്തിത്വ പുരസ്‌കാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തു. എസ് എം എസ് സര്‍വേയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. ശ്രോതാക്കളില്‍ നിന്നുമാണ് വാര്‍ത്താവ്യക്തിയായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ അടങ്ങിയ പാനല്‍ റേഡിയോ ഏഷ്യ ക്ഷണിച്ചത്. പിണറായി വിജയന് പുറമെ ജേക്കബ് തോമസ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലികുട്ടി, ഒ രാജഗോപാല്‍, പി സി ജോര്‍ജ്, ഡോ. തോമസ് ഐസക്, വാവ സുരേഷ്, മഞ്ജു വാര്യര്‍, പി ആര്‍ ശ്രീജേഷ് എന്നിവരുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റാണ് അന്തിമമായി പരിഗണിച്ചത്. ആവേശകരമായ പങ്കാളിത്തവും പ്രതികരണവുമാണ് മുന്‍കാലങ്ങളിലേത് പോലെ ഇത്തവണയും ലഭിച്ചത്.

നാളെ (വെള്ളി) ദുബൈ ഫ്‌ളോറ ക്രീക്ക് ഹോട്ടലില്‍ ഉച്ചക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് റേഡിയോഏഷ്യാ നെറ്റ്‌വര്‍ക് സി ഇ ഒ ബ്രിജ് ഭല്ല അറിയിച്ചു. സര്‍വേയില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ശ്രോതാവിന് 25,000 ഇന്ത്യന്‍ രൂപയാണ് നല്‍കുന്നത്. 777 പാര്‍ ബോയില്‍ഡ് റൈസ് ആണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.
തൊഴിലാളികളെ രക്ഷിക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങവേ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെയാണ് പോയ വര്‍ഷത്തെ(2015) റേഡിയോ ഏഷ്യയുടെ വാര്‍ത്താ വ്യക്തിയായി ശ്രോതാക്കള്‍ തിരഞ്ഞെടുത്തിരുന്നത്. 1992 മെയ് ഒന്‍പതിനാണ് റേഡിയോഏഷ്യയുടെ പ്രക്ഷേപണം ആരംഭിച്ചത്.