എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഇമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍

Posted on: December 22, 2016 9:43 am | Last updated: December 22, 2016 at 5:44 pm

ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഇമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍. ഹിന്ദി, ഗുജറാത്തി, ഉറുദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാമെയിലുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

പ്രാദേശിക ഭാഷയില്‍ ഇമെയില്‍ സേവനം നല്‍കുന്നതിലൂടെ പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നാം കൂടുതല്‍ അടുക്കുകയാണെന്ന് ബിഎസ്എന്‍എല്‍ എംഡി അനുപം ശ്രീനിവാസ്തവ പറഞ്ഞു. ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് സൗകര്യം ലഭ്യമാക്കുക. ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ആപ്പ് ലഭ്യമാണ്.