തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതി അനുവദിക്കില്ല: മന്ത്രി ജലീല്‍

Posted on: December 22, 2016 8:16 am | Last updated: December 22, 2016 at 12:16 am

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യാതൊരുവിധ അഴിമതിയും അനുവദിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍. തിരുവനന്തപുരത്ത് സ്വരാജ് ഭവനില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന 33 വെര്‍ച്വല്‍ ക്ലാസ്‌റൂമുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ശക്തമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള പരാതികളില്‍ ശക്തമായ നടപടിയുണ്ടാകും. പതിനാലോളം തദ്ദേശ സ്ഥാപനങ്ങളില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അത്തരം നടപടികള്‍ തുടരുമെന്നും ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനുള്ള ഫോര്‍ ദി പീപ്പിള്‍ എന്ന വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജനുവരി ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.