അത്‌ലറ്റികോ പ്രീ ക്വാര്‍ട്ടറില്‍

Posted on: December 22, 2016 12:55 am | Last updated: December 22, 2016 at 12:11 am

മാഡ്രിഡ്: സ്പാനിഷ് ലീഗ് വമ്പനായ അത്‌ലറ്റികോ മാഡ്രിഡ് കോപ ഡെല്‍റെ ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 32ാം റൗണ്ടിന്റെ രണ്ടാം പാദ പോരാട്ടത്തില്‍ സിഗുണ്ട ഡിവിഷന്‍ ബി ക്ലബായ ഗുയ്‌ജെളോയെ 4-1ന് കീഴടക്കിയാണ് സിമിയോണിയുടെ കുട്ടികള്‍ അവസാന പതിനാറിലേക്ക് മുന്നേറിയത്.

ഇരുപാദങ്ങളിലുമായി 10-1ന്റെ തകര്‍പ്പന്‍ ജയമാണ് അത്്‌ലറ്റിക്കോ നേടിയത്. ആദ്യ പാദത്തില്‍ അവര്‍ 6-0ത്തിന് ജയിച്ചിരുന്നു. 17ാം മിനുട്ടില്‍ നിക്കോ ഗെയ്താനാണ് അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. ഏഞ്ചല്‍ കോറെ (22), യുവാന്‍ഫ്രാന്‍ (29), ഫെര്‍ണാണ്ടോ ടോറസ് (45) എന്നിവര്‍ കൂടി സ്‌കോര്‍ ചെയ്തതോടെ ഗുയ്‌ജെളോ വലിയ തോല്‍വിയെ തുറിച്ചുനോക്കി. 80ാം മിനുട്ടില്‍ അന്റോണിയോ പിനോ ഗുയ്ജളോയുടെ ആശ്വാസ ഗോള്‍ നേടി. അത്‌ലറ്റിക്കോയെ കൂടാതെ റിയല്‍ സോസിഡാഡും ലാല്‍പാല്‍മസും കൊര്‍ഡോബയും അവസാന പതിനാറിലേക്ക് മുന്നേറിയിട്ടുണ്ട്.
മലാഗയെ രണ്ടാം പാദ മത്സരത്തില്‍ 4-3ന് തോല്‍പ്പിച്ചാണ് കൊര്‍ഡോബയുടെ കുതിപ്പ്. ഇരു പാദങ്ങളിലുമായി 6-3ന്റെ വിജയമാണ് കൊര്‍ഡോബ നേടിയത്. റിയല്‍ സോസിഡാഡ് റിയല്‍ വല്ലഡോലിഡിനെ ഇരുപാദങ്ങളിലുമായി 4-2ന് കീഴടക്കി.