Connect with us

International

ബെര്‍ലിനിലെ ട്രക്ക് ആക്രമണം; കൊലയാളി ടുണീഷ്യക്കാരന്‍; വ്യാപക തിരച്ചില്‍

Published

|

Last Updated

ക്രിസ്മസ് ചന്തക്ക് സമീപം കാവല്‍ നില്‍ക്കുന്ന
സുരക്ഷാ ഉദ്യോഗസ്ഥര്‍

ബെര്‍ലിന്‍: ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയ ടുണീഷ്യന്‍ വംശജനായ ഡ്രൈവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. 12 പേരുടെ മരണത്തിനിടയാക്കിയ സംഭവം തീവ്രവാദി ആക്രമണമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍കല്‍ വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനയായ ഇസില്‍ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടത്തിയെന്ന് കരുതി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പാക്കിസ്ഥാനി യുവാവിനെ കുറ്റവാളിയല്ലെന്ന് കണ്ട് വിട്ടയച്ചിട്ടുണ്ട്. 25 ടണ്‍ ഭാരമുള്ള ട്രക്കാണ് ജനക്കൂട്ടത്തിലേക്ക് ഇരച്ചുകയറിയത്. ഫ്രാന്‍സിലെ നീസില്‍ നടന്നതിന് സമാനമായി ഉണ്ടായ ആക്രമണത്തില്‍ 45 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തന്നെ തുടരുകയാണ്.

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ നടക്കാനിരിക്കെ രാജ്യത്തുണ്ടായ ആക്രമണം കനത്ത പ്രത്യാഘാതങ്ങള്‍ക്കാണ് ഇടയാക്കുന്നത്. അഭയാര്‍ഥിയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞാല്‍ രാജ്യത്തെ ക്രമസമാധാനം വഷളാകാന്‍ ഇടയുണ്ട്. കടുത്ത അഭയാര്‍ഥിവിരുദ്ധ നിലപട് വെച്ചുപുലര്‍ത്തുന്ന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പ്രക്ഷോഭത്തിനൊരുങ്ങിയിട്ടുണ്ട്. സിറിയയില്‍ നിന്നും മറ്റും പലായനം ചെയ്‌തെത്തിയ ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തികൊടുത്ത ചാന്‍സലറിന്റെ രാഷ്ട്രീയ ഭാവിക്ക് ട്രക്ക് ആക്രമണം വിഘാതമായേക്കും.
പ്രതിക്ക് വേണ്ടി വ്യാപകമായ തിരച്ചിലാണ് പോലീസും അന്വേഷണ ഉദ്യോഗസ്ഥരും നടത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസില്‍ സ്വാധീനം ശക്തമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബെര്‍ലിനിലെ ട്രക്ക് ആക്രമണം. ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിക്കുമെന്ന് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടുണീഷ്യയിലെ ടാതഔനിക്കാരനായ ആനിസ് എന്ന 21കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
വിദേശിയായ പ്രതിക്ക് ഒറ്റക്ക് ഇത്തരമൊരു ആക്രമണം നടത്താന്‍ സാധിക്കില്ലെന്നും ജര്‍മന്‍ പൗരന്മാരുടെ സഹായത്തോടെയും സഹകരണത്തോടെയുമാണ് ആക്രമണം നടന്നിട്ടുണ്ടാകുകയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അക്രമിയെയും സഹായികളെയും നിയമത്തിന് മുന്നിലെത്തിക്കാനാണ് അധികൃതര്‍ പരിശ്രമിക്കുന്നത്.

വിദഗ്ധ പരിശോധനയിലൂടെ പ്രതിയിലേക്കെത്താനുള്ള ശ്രമവും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഡി എന്‍ എ പരിശോധനകളും തിരച്ചിലിന്റെ ഭാഗമായി നടക്കുന്നുണ്ട്.