Connect with us

Gulf

കൊടുംചൂടില്‍ തണുപ്പേകാന്‍ സൗരോര്‍ജ ഹെല്‍മെറ്റുകള്‍

Published

|

Last Updated

ദോഹ: നിര്‍മാണ തൊഴിലാളികള്‍ക്ക് കൊടും ചൂടില്‍ തണുപ്പ് പകരാന്‍ സാധിക്കുന്ന ഹെല്‍മറ്റ് ഖത്വറിലെ ഗവേഷകര്‍ വികസിപ്പിച്ചു. തൊഴിലാളികളുടെ ത്വക്കിന്റെ ചൂട് 10 ഡിഗ്രിവരെ കുറക്കാന്‍ ഹെല്‍മറ്റിന് സാധിക്കുമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലഗസി (എസ് സി) അറിയിച്ചു. ചൂട് കാലത്ത് സുരക്ഷിതവും സുഖപ്രദവുമായ തൊഴില്‍ സാഹചര്യം ഒരുക്കാന്‍ പുതുതായി വികസിപ്പിച്ച ഹെല്‍മറ്റിന് സാധിക്കുമെന്ന് ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകകര്‍ പറഞ്ഞു.

പരീക്ഷണം പൂര്‍ത്തിയാക്കിയ ഹെല്‍മറ്റിന് ലോകതലത്തില്‍ പേറ്റന്റ് എടുത്തിട്ടുണ്ട്. എസ് സിയുടെയും ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെയും സഹായത്തോടെയാണ് ഇതു നിര്‍മിച്ചു പുറത്തിറക്കുക. അടുത്ത വേനല്‍ക്കാലമാവുമ്പോഴേക്കും സുപ്രിം കമ്മിറ്റിയുടെ പദ്ധതികളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഹെല്‍മെറ്റ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ നേരത്തേ അമേരിക്കയില്‍ സ്‌പോര്‍ട്‌സ് ട്രെയ്‌നിംഗ് ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു. ഇത് തൊഴിലാളികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ വികസിപ്പിച്ചെടുക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന് ഖത്വര്‍ യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിംഗ് കോളജ് പ്രൊഫസര്‍ ഡോ. സൗദ് അബ്ദുല്‍ അസീസ് അബ്ദുല്‍ ഗനി പറഞ്ഞു.
ഹെല്‍മറ്റിന്റെ മുകളില്‍ ഘടിപ്പിച്ചിട്ടുള്ള സൗരോര്‍ജ ഫാന്‍ തണുപ്പിച്ച ഒരു വസ്തുവിലേക്ക് കാറ്റ് അടിച്ചു വിടുകയാണ് ചെയ്യുക. ഈ കാറ്റ് ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നയാളുടെ മുഖത്തേക്ക് അടിക്കും. തലയിലെയും മുഖത്തെയും ചൂട് കുറയുന്നതോടെ ശരീരം മൊത്തം അതിനനുസരിച്ച് തണുക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഈ സാങ്കേതിക വിദ്യ ഘടിപ്പിക്കുന്നതിലൂടെ പരമാവധി 300 ഗ്രാം മാത്രമാണ് ഹെല്‍മെറ്റിന്റെ ഭാരം വര്‍ധിക്കൂ.