മാള്‍ ഓഫ് ഖത്വറിലെ സൂപ്പര്‍മാര്‍ക്കറ്റ് ലൈഫ് സ്റ്റൈല്‍ പലചരക്കു വില്‍പ്പനശാല

Posted on: December 21, 2016 9:35 pm | Last updated: December 21, 2016 at 9:35 pm

ദോഹ: മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ലൈഫ് സ്റ്റൈല്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്ന വിശേഷണവുമായി മാള്‍ ഓഫ് ഖത്വറില്‍ പ്രമുഖ റീട്ടെയില്‍ ശൃംഖലയമായ കാരിഫോര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമീണ മാര്‍ക്കറ്റിന്റെ പരിസരം സൃഷ്ടിച്ചു കൊണ്ടാണ് ലൈഫ് സ്റ്റൈല്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതെന്നും പരമ്പരാഗത ഹൈപ്പര്‍മാര്‍ക്കറ്റ് രീതികളെ മാറ്റിപ്പണിതു കൊണ്ടാണ് ലൈഫ് സ്റ്റൈല്‍ രീതി അവതരിപ്പക്കുന്നതെന്നും മിഡില്‍ ഈസ്റ്റില്‍ കാരിഫോറിനു നേതൃത്വം നല്‍കുന്ന മാജിദ് അല്‍ ഫുതൈ്വം കമ്പനി പറഞ്ഞു.

ഖത്വറില്‍ കാരിഫോറിന്റ പ്രവര്‍ത്തനങ്ങളില്‍ നടപ്പിലാക്കുന്ന വൈവിവിധ്യവ്തകരണത്തിന്റെ ഭാഗമായാണ് പുതിയ ആശയം അവതരിപ്പിക്കുന്നത്. 16 വര്‍ഷമായി ഖത്വറില്‍ സജീവ സാന്നിധ്യമുള്ള കാരിഫോറിന് ഖത്വര്‍ മാളിലെ പുതിയ ശാഖയിലൂടെ ലൈഫ് സ്റ്റൈല്‍ എന്ന കാഴ്ചപ്പാട് അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത് കണ്‍ട്രി ഹെഡ് ലോറന്റ് ഹൗസ്‌നെക്ട് പറഞ്ഞു. നവീനമായ ഹൈപര്‍മാര്‍ക്കറ്റ് രൂപകല്പനയാണിത്. മേഖലയില്‍ കാരിഫോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പുതിയ മാറ്റത്തിന്റെ തുടക്കം കൂടിയായിരിക്കും ഇത്. സാങ്കേതിക വിദ്യകള്‍ കൂടുതല്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും മികച്ച അനുഭവവും സൗകര്യവും നല്‍കുന്നതിനും പുതിയ രീതി ശ്രദ്ധ പുലര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹൈപര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവ ഒരു കുടക്കീഴിലാക്കിയാണ് മാള്‍ ഓഫ് ഖത്വറില്‍ ലൈഫ് സ്റ്റൈല്‍ ഔട്ട്‌ലെറ്റ് തുറക്കുന്നത്. ഖത്വറില്‍ വില്ലേജിയോ മാള്‍, ലാന്‍ഡ് മാര്‍ക്ക് മാള്‍, സിറ്റി സെന്റര്‍ ദോഹ മാള്‍ എന്നിവിടങ്ങളിലാണ് കാരിഫോര്‍ ഹൈപര്‍മാര്‍ക്കറ്റുള്‍ പ്രവര്‍ത്തിക്കുന്നത്. ദാര്‍ അല്‍ സലാം, ലഗൂണ മാള്‍, ഇസ്ദാന്‍ മാള്‍ എന്നിവിടങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നു. 50,000 ഉത്പന്നങ്ങലാണ് ഹൈപര്‍മാര്‍ക്കറ്റിലും സൂപ്പര്‍മാര്‍ക്കറ്റിലുമായി കാരിഫോര്‍ ഉപഭോക്താക്കള്‍ക്കായി എത്തിക്കുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു.