ജീവന്‍രക്ഷാ ദൗത്യത്തിലെ മികവുകള്‍ക്ക് ആംബുലന്‍സ് ജീവനക്കാര്‍ക്ക് ആദരം

Posted on: December 21, 2016 9:24 pm | Last updated: December 23, 2016 at 9:33 pm
വിവിധ ആംബുലന്‍സ് സേവനങ്ങളുടെ പ്രദര്‍ശനം (ഫയല്‍ ചിത്രം)

ദോഹ: അസുഖം പിടിച്ചും അപകടത്തില്‍ പെട്ടും ജീവന്‍ പ്രതിസന്ധിയിലായവര്‍ക്ക് അതിവേഗ രക്ഷാദൗത്യവുമായി പാഞ്ഞെത്തുന്ന ആംബുലന്‍സ് ജീവനക്കാര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ആദരം. സേവനത്തില്‍ മികവു പുലര്‍ത്തുന്ന ആംബുലന്‍സ് സംഘാംഗങ്ങള്‍ക്കു നല്‍കിയ അവാര്‍ഡ് വിതരണച്ചടങ്ങ് ആഘോഷമാക്കി 700ലധികം ആംബുലന്‍സ് സേനാംഗങ്ങളാണ് കഴിഞ്ഞ ദിവസം കതാറ ഹാളില്‍ സംഗമിച്ചത്. ഈ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അവാര്‍ഡുകള്‍.

ആംബുലന്‍സ് സേവനങ്ങളില്‍ ഈ വര്‍ഷം നിര്‍ണായകമായ പുരോഗതിയാണ് കൈവരിക്കാനായതെന്ന് എച്ച് എം സി ആംബുലന്‍സ് സര്‍വീസ് സി ഇ ഒ ഡോ. റോബര്‍ട്ട് ഓവന്‍ പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഈ വര്‍ഷം സാധിച്ചു. കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപിപ്പിക്കാനും സാധിച്ചു. രക്ഷാദൗത്യത്തില്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. രാജ്യാന്തര നിലവാരത്തിലുള്ള ആംബുസന്‍സ് സേവനങ്ങളാണ് രാജ്യത്ത് ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും അവാര്‍ഡ് വിതരണം ചെയ്തു. എമര്‍ജന്‍സി റസ്‌പോണ്‍സ് സര്‍വീസ്, പേഷ്യന്റ് ട്രാന്‍സ്‌പോര്‍ട്ട്, ബിസിനസ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസ് എന്നീ വിഭാഗങ്ങളിലായിരുന്നു അവാര്‍ഡുകള്‍. മൊബൈല്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ്, പേഷ്യന്റ് കോണ്‍ടാക്റ്റ് സെന്റര്‍ എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും അനുമോദിച്ചു.

രോഗികള്‍ക്ക് മികച്ച സേവനം ലഭിക്കുന്നതിനായി എച്ച് എം സി ആംബുലന്‍സ് സേവനങ്ങള്‍ ആധുനീകവത്കരിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള വാഹനങ്ങള്‍, വാഹനത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ചു. അത്യാഹിതമല്ലാത്ത രോഗികള്‍ക്കു വേണ്ടി പുതിയ വാഹനങ്ങള്‍ ഈ വര്‍ഷം സേവനത്തിനായി ഇറക്കിയെന്ന് ഓപറേഷന്‍ മാനേജര്‍ അഹ്മദ് അല്‍ ബക്‌രി പറഞ്ഞു. കംപ്യൂട്ടര്‍ എയ്ഡഡ് ഡിസ്പാച്ച് ടെക്‌നോളജിയിലൂടെ അത്യാഹിത ഘട്ടങ്ങളിലേക്ക് അതിവേഗം ആംബുലന്‍സുകള്‍ പറഞ്ഞയക്കാന്‍ സാധിക്കുന്നു. ഇലക്‌ട്രോണിക് പേഷ്യന്റ് ക്ലിനിക്കല്‍ റെക്കോര്‍ഡ് ആംബുലന്‍സ് സേവനവുമായി ബന്ധിപ്പിച്ചത് മികച്ച സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നു. പ്രധാന അപകടഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ആംബുലസന്‍സ് സേവനങ്ങളുടെ ശേഷി വര്‍ധിപ്പിച്ചിട്ടുമുണ്ട്. എല്ലാ മേഖലയിലെയും സേവനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അവാര്‍ഡിനായി അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന വാര്‍ഷിക സംഗമമാണിത്.