Connect with us

Kerala

ദേശീയ ഗാനം; ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ദേശീയഗാനത്തെ അനാദരിച്ചുവെന്ന കേസുകളില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിന് മുഖ്യമന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.

ദേശീയഗാനത്തെ അപമാനിച്ച് ഫെയ്‌സ്ബുക് പോസ്റ്റിട്ട നാടക കലാകാരനും എഴുത്തുകാരനുമായ കമല്‍സി ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കമല്‍ സി ചവറയ്‌ക്കെതിരെ 124( എ )വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യന്ത്രിയുടെ നിര്‍ദേശം. വി.എസ് അച്യുതാന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ദേശീയഗാനത്തോടുള്ള അനാദരവ് സംബന്ധിച്ച കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രാജ്യദ്രോഹക്കുറ്റം ഉണ്ടാകാന്‍ പാടില്ല എന്നാണ് നിര്‍ദേശം. ദേശീയഗാനത്തെ അനാദരിച്ചാല്‍ കേസെടുക്കുന്നതിന് തടസമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. സംഭവം വിവാദമായ സാഹചര്യത്തിലാണ് പൊലീസ് നടപടി. നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെളിവില്ലെന്നു കണ്ടപ്പോള്‍ വിട്ടയച്ചുവെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.