ഇത് പോരാ, ഇനിയും സൂപ്പറാകണം

Posted on: December 20, 2016 12:59 pm | Last updated: December 20, 2016 at 12:54 pm
മാര്‍സെലീഞ്ഞോ ഗോള്‍ഡന്‍ ബൂട്ട് സ്വീകരിച്ച ശേഷംമാര്‍സെലീഞ്ഞോ ഗോള്‍ഡന്‍ ബൂട്ട് സ്വീകരിച്ച ശേഷം

ജുവെലിന്റെ സ്‌പോട് കിക്ക് ഗ്രഹാം സ്റ്റാക്കിനെ കീഴടക്കിയ നിമിഷം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മരണ വീടായി ! തിളച്ച് മറിഞ്ഞ മഞ്ഞക്കടല്‍ ഒരു മിനുട്ട് നിശ്ചലമായതിന് ശേഷം സ്റ്റേഡിയത്തിന്റെ വിവിധ ഭാഗത്തുള്ള ഗെയ്റ്റുകളിലൂടെ കൈവഴിയായി ഒഴുകിച്ചോര്‍ന്നു പോകുന്ന കാഴ്ച. കിരീടം നഷ്ടപ്പെട്ട് നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ കാണുവാന്‍ അവര്‍ ആരും തന്നെ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തം. സെഡ്രിച് ഹെംഗ്ബര്‍ട്ടിന്റെ നേതൃത്വത്തില്‍ ഫാന്‍സിന് നന്ദിയര്‍പ്പിച്ചു കൊണ്ടുള്ള ബാനറുമായി സ്റ്റേഡിയം വലം വെക്കുന്നത് പോകുന്ന പോക്കിന് ഒന്ന് കൈവീശിക്കാണിച്ച് കൊണ്ട് മാത്രമാണ് അവരെല്ലാം കണ്ടതും ഉള്‍ക്കൊണ്ടതും. നിരാശ അത്രമാത്രം ഉയര്‍ന്ന തോതിലായിരുന്നു. തങ്ങളുടെ ടീം തോറ്റു നില്‍ക്കുന്ന കാഴ്ച കാണുവാന്‍ അവര്‍ക്കിഷ്ടമില്ലായിരുന്നു. കൊല്‍ക്കത്തക്കാര്‍ കപ്പുയര്‍ത്തുന്ന രംഗം കാണുവാന്‍ സ്റ്റേഡിയത്തില്‍ അങ്ങിങ്ങായി കുറച്ച് പേര്‍ മാത്രമാണുണ്ടായിരുന്നത്.
സ്റ്റേഡിയം ഒന്നടങ്കം മരണവീടായി മാറിയ ആ കാഴ്ച ഐ എസ് എല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അമരക്കാരിയായ നിത അംബാനിയെ ആശ്ചര്യം കൊള്ളിച്ചു. ഇന്ത്യയില്‍ വേറെ എവിടെയും കണ്ടിട്ടില്ല ഇത്രക്ക് ആവേശമുള്ള കാണിക്കൂട്ടത്തെ എന്നവര്‍ പറഞ്ഞു. ശരിയാണ്, ഒരു ജനത ഒരു ടീം തോല്‍ക്കുമ്പോള്‍ ശോകമൂകമാകുന്നുവെങ്കില്‍ അവര്‍ക്കിടയിലെ ആത്മബന്ധം എത്രമാത്രം ഔന്നത്യത്തില്‍ ആയിരിക്കും.

സച്ചിനും ദാദയും സെലിബ്രിറ്റീസും…
ഫൈനലിന് മുമ്പും പിമ്പും വിവിഐപി ഗേറ്റിന് മുന്നില്‍ വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു. ആര്‍പ്പും വിളിയും ആഘോഷവുമായിട്ട്. അവര്‍ സച്ചിനും സൗരവ് ഗാംഗുലിക്കും ജയ് വിളിച്ചു. സച്ചിനേക്കാള്‍ ദാദക്കായിരുന്നു ആളുകളേറെ. സച്ചിന്‍ ഇടക്കിടെ വന്ന് പോകുന്നതാണല്ലോ. ക്രിക്കറ്റിലെ ദാദയെ വല്ലപ്പോഴും ഒന്ന് കാണാന്‍ കിട്ടുന്നതല്ലേ. ലവ് യു ദാദാ..എന്നായിരുന്നു പ്ലക്കാര്‍ഡ്. നിത അംബാനിയും സംഘവും ഐ എസ് എല്‍ വഴി ഫുട്‌ബോളിനെ മാര്‍ക്കറ്റ് ചെയ്യുന്നത് ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള വലിയ ഫാന്‍ബേസിന്റെ വേരുകളന്വേഷിച്ചാണ്. അത് എത്രമാത്രം വിജയകരമാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് മേല്‍പറഞ്ഞ സംഭവം.

കോപ്പലിനെ വിടില്ല..
കിക്കോഫിന് തൊട്ട് മുമ്പായിട്ട് സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ടീം ലൈനപ്പ് ചിത്ര സഹിതം പ്രഖ്യാപിക്കുന്നു. ഓരോ കളിക്കാരനുമുള്ള സ്വീകാര്യതയുടെ അളവ് കോലായി ഇത്. സി കെ വിനീതിനെ കാണിച്ചപ്പോള്‍ ആരവം പതിന്‍മടങ്ങായി. എന്നാല്‍, അത്ഭുതപ്പെടുത്തിയത് സ്റ്റേഡിയം പൊട്ടിത്തെറിക്കുന്ന രീതിയിലൊരു ഫാന്‍സ് ബ്ലാസ്റ്റുണ്ടായത് കോച്ച് സ്റ്റീവ് കോപ്പലിനെ കാണിച്ചപ്പോഴായിരുന്നു. ശരാശരി ടീമിനെയും കൊണ്ട്, മികച്ച കോമ്പിനേഷനുകള്‍ പരീക്ഷിച്ച് അത്ഭുകരമായ റിസള്‍ട്ടുണ്ടാക്കിയ കോച്ചിനുള്ള കൈയ്യടി ഗംഭീരം.
വീഴ്ച സംഭവിക്കുമ്പോഴും വാഴ്ചയുണ്ടാകുമ്പോഴും മുഖത്ത് ശാന്തത. അമിതാഹ്ലാദപ്രകടനങ്ങളിലൊന്നും താത്പര്യമില്ല. ഫൈനല്‍ തോറ്റതിന് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ക്ഷമ ചോദിക്കുകയാണ് ചെയ്തത്. നിരന്തരമായ യാത്രകള്‍ കാരണം ടീം ഏറെ ക്ഷീണിതരായിരുന്നുവെന്നും. ഫൈനലില്‍ ഇത് പ്രകടമായിരുന്നുവെന്നും കോപ്പല്‍ പറയുന്നു. അടുത്ത സീസണിലും കോപ്പല്‍ ടീമിനൊപ്പം കാണുമോ എന്ന ചോദ്യമാണ് കേരളക്കരയുടെ മനസിനുള്ളില്‍ അലയടിക്കുന്നത്.
കോപ്പല്‍ നിങ്ങളെവിടെയും പോകുന്നില്ല, നിങ്ങളെ ഞങ്ങള്‍ വിടില്ല ! ഫാന്‍സിന് പറയാനുള്ളത് ഇതാണ്.

സ്ഥിരതയുള്ള ടീം കാണികളുടേത് !
55000 ത്തോളം സീറ്റിംഗ് കപ്പാസിറ്റിയുള്ള കലൂര്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ മൂന്ന് ഐ എസ് എല്‍ സീസണിലും ആളൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. കഴിഞ്ഞ സീസണില്‍ കൊച്ചി മഴയില്‍ കുതിര്‍ന്നപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആകര്‍ഷകമല്ലാതെ കളിച്ചപ്പോഴും കാണികള്‍ മുപ്പത്തയ്യായിരത്തിലേക്ക് ചുരുങ്ങിയ ഒറ്റപ്പെട്ട സന്ദര്‍ഭമുണ്ടായി. ഇതൊഴിച്ചാല്‍ മഞ്ഞപ്പടയുടെ ഫാന്‍സിന് എല്ലാ കളിയിലും സ്ഥിരതയുണ്ടായിരുന്നു !

ടീം മാനേജ്‌മെന്റ് ഉണരണം…
ഇത്രയും വലിയൊരു ഫാന്‍ബേസ്‌വേറെ എവിടെ കിട്ടാനാണ്. അത് മുതലെടുക്കുവാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇനിയും തുനിഞ്ഞിറങ്ങിയിട്ടില്ല. ഇയാന്‍ ഹ്യൂമിനെ ടീമില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനുള്ള തിരിച്ചടി രണ്ടാം സീസണില്‍ അനുഭവിച്ചതാണ്. അവിടെ കൊണ്ടും പഠിച്ചില്ല, മൂന്നാം സീസണില്‍ സ്റ്റീവ് കോപ്പലിനെ കോച്ചായി കൊണ്ടു വന്നത് വിജയം കണ്ടത് കൊണ്ട് മാനേജ്‌മെന്റിന് വിമര്‍ശകരെ നേരിടാം.
എങ്കിലും ഒരു ടീം ബ്യുള്‍ഡ് ചെയ്യുക എന്ന പ്രക്രിയ വലുതാണ്. അലക്‌സ് ഫെര്‍ഗൂസന്‍ യുഗത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇനിയും പ്രതാപം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നോര്‍ക്കണം. അത് ആ ക്ലബ്ബിനുണ്ടാക്കിക്കൊണ്ടിരിക്കുന്ന നഷ്ടം ചെറുതല്ല. മാഞ്ചസ്റ്ററിന്റെ കളി കാണുന്നവരുടെ എണ്ണത്തില്‍ സ്റ്റേഡിയത്തിലും ആഗോള തലത്തിലും ഇടിവ് സംഭവിച്ചിരിക്കുന്നു. അത് ഓര്‍മയിലിരിക്കട്ടെ.

മിഡ്ഫീല്‍ഡില്‍ ഒരു മലൂദ വരട്ടെ…
ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ ഒരു മികച്ച പ്ലേമേക്കര്‍ വരണം. എത്ര കാശ് ചെലവായാലും അടുത്ത സീസണില്‍ മലൂദയെ പോലെ അധ്വാനിച്ചു കളിക്കുന്ന, അത്യാവശ്യം സെലിബ്രിറ്റി ടാഗുള്ള ഒരു പ്ലേമേക്കറെ ലഭിക്കുന്നത് ടീമിന് പുത്തനുണര്‍വേകും. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സെമിയുടെ രണ്ടാം പാദത്തില്‍ മലൂദ പത്ത് പേരായി കളിച്ച ടീമിനെ നയിച്ചത് അതിഗംഭീര കാഴ്ചയായിരുന്നു. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന മലയാളികള്‍ മലൂദയെ പോലൊരു താരം ബ്ലാസ്റ്റേഴ്‌സില്‍ വരണമെന്ന അഭിപ്രായക്കാരാണ്.

ഐ എസ് എല്‍,
ഇനിയെന്താണ് പ്ലാന്‍ ?
ഐ എസ് എല്‍ എത്രയും വേഗം സീസണ്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ലീഗ് ഫോര്‍മാറ്റിലേക്ക് മാറണമെന്ന് ഡിയഗോ ഫോര്‍ലാന്‍ ഉള്‍പ്പടെയുള്ള വിദേശ താരങ്ങള്‍ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍, വിശ്രമമില്ലാതെ ലീഗ് കളിക്കുന്നത് കളിക്കാരെ തളര്‍ത്തും. ഇത് കളിയുടെ നിലവാരത്തിന്റെ ഗ്രാഫ് താഴാനിടയാക്കും.
മൂന്നാം സീസണില്‍ ഗോളുകളുടെ എണ്ണം കുറഞ്ഞതോടെ തന്നെ നിലവാരം ചര്‍ച്ചയായി. ഫൈനല്‍ തന്നെ നോക്കൂ. രണ്ട് ടീമും ക്ഷീണിച്ചവശരായാണ് പന്ത് തട്ടിയത്. പലരും പരുക്കിനെ അവഗണിച്ചാണ് കളിക്കാനിറങ്ങിയത്. വേണ്ടത്ര വിശ്രമമില്ലാത്തതിനാല്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് ഫൈനലില്‍ തുടക്കത്തില്‍ തന്നെ പേശീവലിവുമായി കളം വിട്ടു.ആഴ്ചയില്‍ ശനിയും ഞായറും ഹോം-എവേ രീതിയില്‍ ലീഗ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതാകട്ടെ ഭാവിയിലെ ഐ എസ് എല്‍.

ഐ എസ് എല്ലിന് ഉപലീഗുകളുണ്ടാകണം…
ഐ എസ് എല്ലിന് രണ്ടാം ഡിവിഷനും മൂന്നാം ഡിവിഷനും നാലാം ഡിവിഷനുമുണ്ടാകണം. ഫസ്റ്റ് ഡിവിഷനില്‍ നിന്ന് അവസാന സ്ഥാനക്കാര്‍ റെലഗേറ്റഡാകുമ്പോള്‍ രണ്ടാം ഡിവിഷന്‍ ചാമ്പ്യന്‍മാര്‍ പ്രമോട്ടഡ് ആകുന്ന രീതിയില്‍ ടൂര്‍ണമെന്റിന്റെ മൊത്തം ഫോര്‍മാറ്റ് തന്നെ ഉടച്ചു വാര്‍ത്താല്‍ വലിയ വിപ്ലവമാകും.

കുട്ടി ലീഗുകള്‍, വനിതാ ലീഗുകള്‍
അതും പ്രധാനമാണ്..
ഐ എസ് എല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തം അക്കാദമിയിലൂടെ ഭാവിതാരങ്ങളെ വളര്‍ത്തിക്കൊണ്ടു വരുകയും, വിവിധ വയസ് കാറ്റഗറിയിലുള്ള ഐ എസ് എല്‍ കുട്ടി ടീമുകള്‍ തമ്മില്‍ ടൂര്‍ണമെന്റ് കളിക്കുകയും ഇടക്ക് വിദേശ പര്യടനത്തിന് പോവുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണം. ഈ മുന്നേറ്റം പെണ്‍കുട്ടികളുടെ കാര്യത്തിലും ഉണ്ടാകണം. ഫ്രാഞ്ചൈസികള്‍ സമാനമായി പെണ്‍ ക്ലബ്ബുകളുണ്ടാക്കുകയും ഐ എസ് എല്‍ വനിതാ ലീഗിനെ കുറിച്ച് ചിന്തിക്കുകയും വേണം.