കള്ളപ്പണക്കാര്‍ ബിനാമികളെ ഉപയോഗിച്ച് കരാര്‍ പണികള്‍ നടത്തുന്നതായി ആരോപണം

Posted on: December 20, 2016 12:44 pm | Last updated: December 20, 2016 at 12:44 pm

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ള കള്ളപ്പണക്കാര്‍ ബിനാമികളെ ഉപയോഗിച്ച് കരാര്‍ പണികള്‍ നടത്തിവരുന്നതായി ആരോപണം.പണം മുടക്കുന്നവര്‍ തന്നെ ബില്ലുകള്‍ പാസ്സാക്കുന്ന സ്ഥിതി പൊതുമരാമത്ത് വകുപ്പില്‍ നിലനില്‍ക്കുന്നതായും ഇത് യഥാര്‍ഥ കരാറുകാരുടെ തൊഴില്‍ സാധ്യത നഷ്ടപ്പെടുത്തുന്നതായും കേരള ഗവണ്മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഉദ്യോഗസ്ഥര്‍ ബിനാമികളെ ഉപയോഗിച്ച് സമ്പാദിച്ച ലൈസന്‍സുകള്‍, ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നല്‍കപ്പെട്ട ലൈസന്‍സുകള്‍, ടെന്‍ഡറില്ലാതെ നല്‍കുന്ന പ്രവൃത്തികള്‍ എന്നിവ അടിയന്തരമായി റദ്ദാക്കണമെന്ന് വകുപ്പ് മന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇപ്പോഴുള്ള മുഴുവന്‍ ലൈസന്‍സുകളുടെയും സാധുത പരിശോധിക്കണം. ടെണ്ടറില്ലാതെ പ്രവൃത്തികള്‍ നല്‍കുന്നതിനെതിരെ കോടതി നിലനില്‍ക്കുന്നുണ്ട്. ഇത് പാലിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ സ്ഥലം മാറ്റം അഴിമതിമുക്തമാക്കിയ മന്ത്രി, ലൈസന്‍സ് പുതുക്കുന്നതിനും കരാര്‍ വെക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാകണം. പൂര്‍ണ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറുന്നതിന് കരാറുകാരെ പ്രാപ്തരാക്കാനുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി പത്തിന് ആലപ്പുഴയില്‍ നടക്കുമെന്ന് കണ്ണമ്പള്ളി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് ഇസ്മാഈല്‍, കെ കെ ശിവന്‍, ശാഹുല്‍ഹമീദ് പങ്കെടുത്തു.