Connect with us

Kerala

ഫൈസല്‍ വധം: പ്രതികളുമായി തിരൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് തെളിവെടുപ്പ് നടത്തി

Published

|

Last Updated

പ്രധാന പ്രതികളെ തിരൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍

തിരൂരങ്ങാടി/തിരൂര്‍: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളായ മൂന്ന്‌പേരുമായി പോലീസ് തെളിവെടുപ്പ് നടത്തി. സംഭവ സ്ഥലത്തും, കൊലപാതകത്തിന് ശേഷം പ്രതികളെത്തിയ തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്‍ എസ് എസ് ആസ്ഥാനമായ ലളിതകലാ സമിതി റോഡിലെ സംഘ മന്ദിറിലുമാണ് തെളിവെടുപ്പ് നടത്തിയത്.

തിരൂര്‍ മംഗലം പുല്ലാണി കരാട്ട്കടവ് സ്വദേശി കണക്കല്‍ പ്രജീഷ് എന്ന ബാബു(30), ബൈക്ക് ഓടിച്ചവരായ വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയം കാവ് പറമ്പ് സ്വദേശി പുല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയും തിരൂര്‍ പുല്ലാണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു (25)എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഇവരെ മൂന്ന് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തത്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് പരപ്പനങ്ങാടി കോടതി പരിസരത്തും തിരൂരങ്ങാടി പോലീസ് സ്റ്റേഷന്‍ പരിസരത്തും കൊടിഞ്ഞി ഫാറൂഖ്‌നഗറിലും വന്‍ ജനകൂട്ടമാണ് തടിച്ചു കൂടിയിരുന്നത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടന്നത്. പ്രതികള്‍ സ്വയം മുഖം മറച്ച നിലയിലായിരുന്നു. അതിനിടെ മുഖത്തെ തുണി മാറ്റണമെന്ന് ആളുകള്‍ വിളിച്ചു പറഞ്ഞുവെങ്കിലും പോലീസ് ഗൗനിച്ചില്ല. ഫൈസലിനെ വെട്ടിയ പ്രതി പ്രതീഷ് വെട്ടിയ രീതി പോലീസിന് മുമ്പില്‍ വിവരിച്ചു. പത്ത് മിനുട്ടിനുള്ളില്‍ ഇവിടത്തെ തെളിവെടുപ്പ് തീര്‍ന്നു. എന്നാല്‍ ഫൈസല്‍ പുറപ്പെട്ടിരുന്ന വീടിന്റെ പരിസരമോ ഫൈസലിനെ പ്രതികള്‍ പിന്തുടര്‍ന്ന രൂപമോ ഫൈസലിന്റെ ഓട്ടോ തടഞ്ഞ രൂപമോ പോലീസ് ചോദിച്ചിരുന്നില്ല. ഫാറൂഖ് നഗറിലെ തെളിവെടുപ്പിന് ശേഷം തിരൂരിലെ ആര്‍ എസ് എസ് കാര്യാലയത്തിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഈ കാര്യാലയത്തിലേക്കാണ് വന്നത്. ഇവിടെ വെച്ച് കുളിക്കുകയും വസ്ത്രങ്ങള്‍ മാറ്റുകയും അക്രമസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചുട്ടുകരിക്കുകയും ചെയ്തുവത്രെ.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇവിടെ പുഴയില്‍ ഉപേക്ഷിച്ചുവെന്നാണ് വിവരം. ഇവ കണ്ടെത്താന്‍ തെളിവെടുപ്പ് ഇന്ന് നടത്താനിടയുണ്ട്. കൊലപാതക സംഘത്തിലെ ഒരാളെയും പ്രധാന സൂത്രധാരനും തിരൂര്‍ യാസിര്‍ വധക്കേസിലെ പ്രതിയുമായ ഒരാളെയും ഗൂഢാലോചനയില്‍ പങ്കെടുത്ത ചിലരേയും ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല.

Latest