റിപ്പര്‍ ജയാനനന്ദന്റെ വധശിക്ഷ റദ്ദാക്കി

Posted on: December 20, 2016 7:44 am | Last updated: December 19, 2016 at 11:57 pm

കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകത്തില്‍ റിപ്പര്‍ ജയാനനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതിക്ക് ജീവിതാവസാനം വരെ തടവ് ഹൈക്കോടതി വിധിച്ചു. ജയാനന്ദന്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഉത്തരവ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയാണ് ഹൈക്കോടതി ഇളവ് ചെയ്തത്. പരോള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് പ്രതി അര്‍ഹനല്ലെന്ന് കോടതി വ്യക്തമാക്കി.

വടക്കന്‍ പറവൂര്‍ പൂത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ കോലപ്പെടുത്തിയ കേസിലാണ് റിപ്പര്‍ ജയാനന്ദന് വധശിക്ഷ വിധിച്ചിരുന്നത്. ഇയാള്‍ പ്രതിയായ ദമ്പതി വധക്കേസിലും വധശിക്ഷ റദ്ദാക്കിയിരുന്നു. ഉറങ്ങിക്കിടന്ന ദേവകി എന്ന ബേബിയെ 2006 ഒക്‌ടോബര്‍ രണ്ടിന് രാത്രി തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

ആറ് സ്വര്‍ണവള മോഷ്ടിക്കാന്‍ ഇടതുകൈ മുറിച്ചെടുക്കുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ആക്രമിക്കുകയും ചെയ്തിരുന്നു. അത്യപൂര്‍വമായ കേസായതിനാല്‍ ജയാനന്ദന് വധശിക്ഷ നല്‍കണമെന്നായിരുന്നു വാദം.
തൃശൂര്‍ പൊയ്യ പള്ളിപ്പുറംകര സ്വദേശി ജയാനന്ദന്റെ പേരില്‍ ഏഴ് കൊലക്കേസുകളും 14 കവര്‍ച്ചാ കേസുകളിലും പ്രതിയാണ് ജയാനന്ദന്‍. ചില കേസുകളില്‍ നേരത്തെ ഇയാളെ കോടതി വിട്ടയച്ചിരുന്നു. മാള ഇരട്ടക്കൊലപാതക കേസിലും വിചാരണ കോടതി ജയാനന്ദന് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തിരുന്നു.