ക്രിസ്മസ്, പുതുവത്സര തിരക്ക്; വിമാന യാത്രക്ക് നിരക്കുയര്‍ന്നു

Posted on: December 19, 2016 9:47 pm | Last updated: December 21, 2016 at 8:02 pm

ദോഹ: ക്രിസ്മസ്, പുതുവത്സര വേളയില്‍ നാട്ടിലേക്ക് പോകുന്നവര്‍ വര്‍ധിച്ചതോടെ ദോഹയില്‍ നിന്നും കേരളത്തിലേക്ക് ടക്കറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക്. ഈ മാസം അവസാനം വരെയുള്ള ദിവസങ്ങളില്‍ സാധാരണ നിരക്കിന്റെ ഇരട്ടിയോ അതിലധികമോ തുകയാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. കൊച്ചിയിലേക്കാണ് ഉയര്‍ന്ന നിരക്ക്. കോഴിക്കോട്ടേക്ക് താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്തവരും ഉയര്‍ന്ന നിരക്കിലാണ് യാത്രക്കാര്‍ ടിക്കറ്റെടുത്തത്.

ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ നിരക്ക് 800നു മുകളിലാണ്. ജെറ്റ് എയര്‍വേയ്‌സില്‍ 1200നു മുകളിലും ഖത്വര്‍ എയര്‍വേയ്‌സില്‍ 1600നു മുകളിലുമാണ് ടിക്കറ്റുകള്‍. കണക്ഷന്‍ യാത്രക്ക് എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ഫ്‌ളൈ ദുബൈ തുടങ്ങിയ വിമാനങ്ങള്‍ക്കും 900നു മുകളിലാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് യാത്രക്കുള്ള എക്‌സ്പ്രസ് ടിക്കറ്റ് ആരംഭിക്കുന്നത് 750ലാണ്. ജെറ്റ് എയര്‍വേയ്‌സിലും 750നു മുകളില്‍ നല്‍കേണ്ടി വരുന്നു. ഇത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ വിമാനങ്ങളില്‍ കണക്ഷന്‍ യാത്രക്കും 650 റിയാലിനു മുകളില്‍ നല്‍കണം. അതേസമയം, കേരളത്തില്‍നിന്നും തിരിച്ച് ദോഹയിലേക്കുള്ള ടിക്കറ്റുകള്‍ക്ക് കൊച്ചിയില്‍ നിന്നും കോഴിക്കോടു നിന്നും 450 മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. കൊച്ചിയില്‍ നിന്നാണ് നിരക്ക് കുറവുള്ളത്.

ക്രിസ്മസ്, പുതുവത്സര സീസണു പുറമേ ഗള്‍ഫില്‍ തണുപ്പു കാലമായതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിന്റര്‍ അവധിക്ക് സ്‌കൂളുകള്‍ അടച്ചതും കേരളത്തിലേക്കുള്ള യാത്രക്കാര്‍ വര്‍ധിക്കാനിടയാക്കിയതായി ട്രാവല്‍ എജന്റുമാര്‍ പറയുന്നു. വിപണിയില്‍ മത്സരം സൃഷ്ടിക്കുന്ന മറ്റു ഗള്‍ഫ് നാടുകളിലെ വിമാനങ്ങള്‍ അതതു രാജ്യത്തു നിന്നു തന്നെയുള്ള യാത്രക്കാരാല്‍ ഫുള്‍ ആയതിനാല്‍ ദോഹയില്‍ നിന്നും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ യാത്രക്കാരെ വഹിക്കാന്‍ സന്നദ്ധമാകുന്നില്ല. അതൊടൊപ്പം വിന്റര്‍ സീസണില്‍ ഗള്‍ഫ് രാജ്യങ്ങളിള്‍ക്കിടയിലും ഇതര ഭൂഖണ്ഡങ്ങളിലേക്കും യാത്രക്കാര്‍ വര്‍ധിച്ചതും കണക്ഷന്‍ വിമാനങ്ങള്‍ക്ക് ദോഹയില്‍നിന്നും കൂടുതല്‍ യാത്രക്കാരെ വഹിക്കാന്‍ സാധിക്കാത്തതും നിരക്ക് ഉയരാന്‍ കാരണമാകുന്നുണ്ട്.
ജനുവരു ആദ്യ വാരത്തോടെ സാധാരണ നിലയിലേക്ക് ടിക്കറ്റുകള്‍ താഴുമെന്ന് വെബ് സെര്‍ച്ച് എന്‍ജിനുകള്‍ അറിയിക്കുന്നു. 500 നിലവാരത്തിലേക്കാണ് നിരക്കുകള്‍ താഴുന്നത്. എന്നാല്‍ ക്രിസ്മസ്, ന്യൂ ഇയര്‍ ഹ്രസ്വകാല അവധിക്കു പോകുന്നവര്‍ മടങ്ങുന്നതോടെ നാട്ടില്‍ നിന്നും ഇങ്ങോട്ടുള്ള നിരക്ക് ഉയരുമെന്നാണ് കരുതുന്നത്.
നാട്ടില്‍ രൂപ നോട്ടുകള്‍ ലഭിക്കാനുള്ള പ്രയാസം പരിഗണിച്ച് പ്രവാസികളില്‍ പലരും യാത്ര വേണ്ടെന്നു വെക്കുന്നുണ്ടെങ്കിലും തിരക്കു കൂടുതലുള്ളതാണ് ടിക്കറ്റ് നിരക്ക് ഉയരാനിടയാക്കിയത്.