അന്യസംസ്ഥാന തൊഴിലാളികള്‍ ക്രൂരമായി മര്‍ദിച്ചു; എഎസ്‌ഐ ആശുപത്രിയില്‍

Posted on: December 19, 2016 8:28 pm | Last updated: December 19, 2016 at 8:28 pm

പാലാ: അന്യസംസ്ഥാന തൊഴിലാളികളുടെ മര്‍ദനമേറ്റ എഎസ്‌ഐയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ ബിജു സൈമണിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ഗതാഗത നിയന്ത്രണത്തിനായി എത്തിയതായിരുന്നു എഎസ്‌ഐ. ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ വാക്ക്തര്‍ക്കമുണ്ടായി സംഘട്ടനത്തിന്റെ വക്കോളം എത്തിയപ്പോള്‍ എഎസ്‌ഐ ബിജു പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഇവര്‍ എഎസ്‌ഐക്കെതിരെ തിരിയുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

സ്റ്റാന്‍ഡിലുണ്ടായിരുന്ന നാട്ടുകാര്‍ ഒത്തുകൂടി ഇവരെ പിടികൂടുകയായിരുന്നു. അപ്പോഴേക്കും വിവരമറിഞ്ഞെത്തിയ പോലീസ് സംഘം സംഭവത്തില്‍ പ്രതികളായ ദിലീപ് എക്ക, അമിത് എക്ക, സന്ദീപ് എക്ക, സഞ്ജയ് എക്ക, ജിഫ്രാന്‍ എക്ക എന്നിവരെ കസ്റ്റഡിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി പാലാ കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

മര്‍ദനമേറ്റ എഎസ്‌ഐ ബിജു സൈമണെ പാലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.