വയലിന്റെ തൊണ്ട വരളുമ്പോള്‍..

ഈ വര്‍ഷം മണ്ണില്‍ ഉറവകള്‍ പൊട്ടിയൊലിക്കുന്ന പതിവുകാഴ്ച ഉണ്ടായില്ല. സാധാരണ നിലയില്‍ വരള്‍ച്ചയുടെ രൂക്ഷതയില്‍ വെള്ളം നനച്ച് നിലനിര്‍ത്തിയിരുന്ന പച്ചക്കറി കൃഷിയും നാശത്തിലായി. കൊയ്ത്ത് കഴിയുന്ന പാടശേഖരങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പച്ചക്കറി കൃഷി നടത്തുക പതിവായിരുന്നു. എന്നാല്‍ ജലക്ഷാമം രൂക്ഷമായതോടെ ഇത്തരം സ്ഥലങ്ങളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. പയര്‍, പടവലം, പാവല്‍, മുളക് തുടങ്ങിയ കൃഷികളാണ് ഇത്തരത്തില്‍ കൃഷി ചെയ്തിരുന്നത്. ഊര്‍ജിത പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായി കൃഷിയിറക്കിയവരും ദുരിതത്തിലായി. ഇഞ്ചി, വെറ്റില തുടങ്ങി പാടങ്ങളില്‍ നടത്തിയിട്ടുള്ള ഇതര കൃഷികളും നാശത്തിന്റെ വക്കിലാണ്. കശുവണ്ടി, അടയ്ക്ക, കുരുമുളക് തുടങ്ങിയവയില്‍ കാലാവസ്ഥയുടെ ചെറിയ വ്യതിയാനം പോലും പ്രതികൂലഫലം ഉളവാക്കും. കശുമാവിന് തളിരിടുംമുമ്പ് മഴ ധാരാളം വേണം. എന്നാല്‍ ഇത്തവണ അതുണ്ടാകാത്തത് കശുമാവ് കൃഷിയെയും സാരമായി ബാധിച്ചു. കൃഷി നാശം തടയാന്‍ അടിയന്തിര നടപടി: മന്ത്രി വി എസ് സുനില്‍കുമാര്‍ കണ്ണൂര്‍: സംസ്ഥാനത്ത് വരള്‍ച്ചയെത്തുടര്‍ന്നുണ്ടാകാനിടയുള്ള രൂക്ഷമായ കൃഷിനാശം തടയുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുവരുന്നതായി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സിറാജ് പ്രസിദ്ധീകരിക്കുന്ന 'ഉണരാം വരണ്ടുണങ്ങാതിരിക്കാന്‍' എന്ന വാര്‍ത്താ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ആദ്യപടിയെന്നോണം എല്ലാ ജില്ലകളിലേക്കും കൃഷി-കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി 57കോടി രൂപ അനുവദിച്ചിട്ടുണ്ട്. വരള്‍ച്ചയില്‍ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഹെക്ടര്‍ ഒന്നിന് 13,500 രൂപയും വിള ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ഇതിനു പുറമേ ഹെക്ടറിന് 12,500 രൂപയും ലഭിക്കും. വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചതിനാല്‍ കൃഷി വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്കു കൃഷിക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കുറവു കാര്യമായ കൃഷിനാശമുണ്ടാക്കിയ പശ്ചാത്തലത്തില്‍ ഇക്കാലയളവിലെ റവന്യു റിക്കവറി നടപടികളും നിര്‍ത്തിവെക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബേങ്കുകളുടെയും യോഗം ഇതിനകം ചേര്‍ന്നു കഴിഞ്ഞു. ഇടവപ്പാതിയിലും തുലാവര്‍ഷത്തിലും കാര്യമായ തോതില്‍ മഴക്കുറവുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ കുറവാണിത്.ഈ പശ്ചാത്തലത്തില്‍ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നു. പാലക്കാട്, വയനാട്, ജില്ലകളില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതുമൂലം വന്‍തോതില്‍ കൃഷിനാശമുണ്ടായി. ഇവിടങ്ങളിലെല്ലാം നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. വയനാട്ടിലെ കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ വിപണനാടിസ്ഥാനത്തിലുള്ള നെല്‍കൃഷി എന്നതിനപ്പുറം സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്യുന്ന പരമ്പരാഗത കര്‍ഷകര്‍ ഏറെയുണ്ട്. അവരുടെ സംരക്ഷണം പ്രധാനമാണ്. എല്ലാ പഞ്ചായത്തുകളിലും കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വയനാടന്‍ കാര്‍ഷിക മേഖലയിലെ വരള്‍ച്ചാ പ്രശ്‌നം തടയാന്‍ ഒരു കോടി ചിലവില്‍ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നീര്‍ത്തടാധിഷ്ഠിത പരിപാടി തയ്യാറാക്കുന്നുണ്ട്. വെള്ളം കുറവുള്ള കൃഷിസ്ഥലങ്ങളില്‍ മൂപ്പു കുറഞ്ഞ വിത്ത് ഉപയോഗിക്കാനും അതു മൂലം കൃഷി നഷ്ടം കുറക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനും ബന്ധപ്പെട്ട കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതു പോലെ വിത്തു സംഭരണത്തിനുള്ള നടപിയും എല്ലായിടത്തും കൈക്കൊള്ളുന്നുണ്ട്. വരള്‍ച്ച മൂലം പച്ചക്കറി കൃഷിക്കുണ്ടാകുന്ന നഷ്ടം തടയാന്‍ ജലസംരക്ഷണ തടയണകളുടെ നിര്‍മാണം നടത്തുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തടയണകള്‍ നിര്‍മിക്കുക. വെള്ളം നഷ്ടപ്പെടുത്താതെ കിണറുകളും കുളങ്ങളും ശുചിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേന്ദ്ര ജലവകുപ്പിന്റെ കൂടി സഹകരണത്തോടെയുള്ള വിവിധ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഫാമുകളിലെ പച്ചക്കറി കൃഷിക്കുള്ള ജലസേചനത്തിന് സൗകര്യമൊരുക്കും. ഇടുക്കി ജില്ലയിലെ വട്ടവട, കാന്തല്ലൂര്‍ മേഖലകളിലെ ജലസംരക്ഷണ സംവിധാനം കാര്യക്ഷമമാക്കാനും നടപടിയെടുത്തിട്ടുണ്ട്. എല്ലാ ഡാമുകളുടെയും ജലസംഭരണ ശേഷിയനുസരിച്ച് കാര്‍ഷിക വൃത്തിക്കുള്ള ജലസേചനസംവിധാനത്തിനുള്ള മാര്‍ഗങ്ങളും സ്വീകരിക്കും.
Posted on: December 19, 2016 8:50 am | Last updated: December 19, 2016 at 8:50 am

കൃഷിയെ എങ്ങനെയാണ് മഴക്കുറവ് ബാധിക്കുകയെന്നത് എളുപ്പത്തില്‍ മനസ്സിലാകും. നെല്‍കൃഷിയും മറ്റ് കാര്‍ഷിക വിളകളും കരിഞ്ഞുണങ്ങുന്നത് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യമാകുമെങ്കിലും മണ്ണിന്റെ ഘടനയിലും രാസപ്രതികരണാവസ്ഥയിലും കാലാവസ്ഥയുണ്ടാക്കുന്ന മാറ്റങ്ങള്‍ പെട്ടെന്ന് നമുക്ക് മനസ്സിലാകില്ല. മണ്‍തരികളെ ഒട്ടിച്ചുചേര്‍ക്കുന്നതിലും മണ്ണിലെ പോഷകങ്ങളെ ചെടികളില്‍ എത്തിക്കുന്നതിനും ഇക്കുറിയുണ്ടായ മഴക്കുറവ് വലിയ പ്രയാസമുണ്ടാക്കുമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ പറയുന്നത്. മഴക്കുറവ് മണ്ണില്‍ ജലസംഭരണവും ഈര്‍പ്പവും നിലനില്‍ക്കുന്ന പ്രക്രിയയില്‍ കുറവുവരുത്തുകയും ഉപരിതല ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ ജലദാരിദ്ര്യമുണ്ടാക്കുകയും ചെയ്യും. അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന ജലബാഷ്പീകരണ പ്രക്രിയക്ക് ആക്കം കൂട്ടുന്നത് രോഗകീടബാധക്ക് ശക്തി പകരുന്നതിനൊപ്പം, മണ്ണിന്റെ താപനിലയില്‍ ഉണ്ടാക്കുന്ന മാറ്റം വിളകളുടെ ഉറ്റമിത്രമായ അണുജീവികളുടെ നാശത്തിലേക്കും വഴിവെക്കും. മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ സംഭരണം, വിതരണം, ആഗിരണ സാധ്യത എന്നിവക്കും മഴക്കുറവ് പ്രയാസമുണ്ടാക്കും. നെല്‍ കൃഷി പോലെ ജലം നന്നായി ഉപയോഗിക്കേണ്ട കൃഷിക്കു പുറമെ ഫലവര്‍ഗങ്ങളില്‍ പോലും ഇത്തവണത്തെ മഴക്കുറവ് പലവിധത്തിലുള്ള പ്രയാസങ്ങളുണ്ടാക്കും.
ഈവര്‍ഷം മണ്ണില്‍ ഉറവകള്‍ പൊട്ടിയൊലിക്കുന്ന പതിവുകാഴ്ച ഒരിടത്തും ഉണ്ടായില്ല. ജലസ്രോതസ്സുകളില്‍ ഉറവകളിലൂടെയാണ് വെള്ളം നിക്ഷേപിക്കുക. ഈ പ്രക്രിയ നടക്കാത്തതു തന്നെയാണ് വയലുകളില്‍ നിന്ന് വെള്ളം അപ്രത്യക്ഷമാകുന്നതിന് കാരണമായത്. സംസ്ഥാനത്ത് ഇക്കുറി പ്രതീക്ഷിക്കുന്നതിലുമപ്പുറം കനത്ത കൃഷിനാശമാണ് സംഭവിക്കുകയെന്ന് വരള്‍ച്ചാ നിരീക്ഷണ സെല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയായ വയനാട്ടിലാണ് കൃഷി നാശം ഏറുക. ഇത് ഇവിടുത്തെ 90 ശതമാനം ജനത്തെയും നേരിട്ട് ബാധിക്കും. കര്‍ണാടകയോട് ചേര്‍ന്നുള്ള വയനാടന്‍ പ്രദേശങ്ങളില്‍ കൃഷിനാശം ഇപ്പോള്‍ തന്നെ രൂക്ഷമാണ്. നെല്‍പ്പാടങ്ങള്‍ ഭൂരിഭാഗവും കരിഞ്ഞുണങ്ങി. വയനാടിന്റെ മൊത്തം വിസ്തൃതി 2,09,153 ഹെക്ടറാണ്. ഇതില്‍ 11794 ഹെക്ടറിലാണ് കൃഷി. 2011ലെ സെന്‍സസ് അനുസരിച്ച് 8,17,420 ആണ് ജനസംഖ്യ. ഇതില്‍ 6,28,800 പേരുടേയും ഉപജീവനോപാധി കൃഷിയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു വര്‍ഷം മാത്രമാണ് വയനാട്ടില്‍ ശരാശരി മഴ ലഭിച്ചത്. 1970 കളില്‍ വയനാട്ടില്‍ മുപ്പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്താണ് കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയിരുന്നത്. 2015 ആയപ്പോള്‍ ഇതു 8,630 ഹെക്ടറായി കുറഞ്ഞു. 2014ല്‍ അത് 9,200 ഹെക്ടറായിരുന്നു. ഇപ്പോള്‍ വീണ്ടും നെല്‍വയലിന്റെ വിസ്തൃതി കുറഞ്ഞു. ഇതെല്ലാം കണക്കിലെടുത്ത് വയനാട്ടിലെ കൃഷി പുനരുജ്ജീവനത്തിന് നടപടികള്‍ സ്വീകരിച്ചു വരവെയാണ് വരള്‍ച്ച കനത്ത കൃഷി നാശത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും വിളനാശം ഇത്തവണ കടുത്തതായിരിക്കാമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ നെല്‍കൃഷിയുടെ 40 ശതമാനത്തോളമുള്ള പാലക്കാട് ജില്ലയില്‍ കൃഷി വലിയ തോതിലാണ് നശിച്ചത്. വെള്ളമില്ലാതായതോടെ പല പാശേഖരങ്ങളിലും രണ്ടാം വിളയിറക്കാനായില്ല. അണക്കെട്ടിലെ വെള്ളത്തെ ആശ്രയിക്കാതെ ചിലയിടങ്ങളില്‍ മാത്രമാണ് നെല്‍കൃഷി നടത്തുന്നത്. വടക്കഞ്ചേരി, ചിറ്റൂര്‍, കോങ്ങാട്, തുടങ്ങി മഴ കൂടുതല്‍ ലഭിക്കാറുള്ള മേഖലകള്‍ പോലും വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. ജില്ലയിലെ ഡാമുകള്‍ കൃഷി ആവശ്യത്തിന് വെള്ളം നല്‍കാനാവാത്ത വിധം ജലനിരപ്പ് ഏറെ താഴെയെത്തി. ചിറ്റൂര്‍ താലൂക്കില്‍ ഇത്തവണ രണ്ടാം വിളയില്ല. വായ്പ എടുത്തും കടംവാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഒന്നാംവിള പോലും നേരാംവണ്ണം ഇത്തവണ ലഭിച്ചില്ല.
തൃശൂര്‍ ജില്ലയുടെ നെല്‍ സമ്പത്തിന് വലിയ പങ്ക് നല്‍കുന്ന കോള്‍നിലങ്ങളില്‍ ജലനിരപ്പ് താഴുന്നത് നെല്‍കൃഷിയെ ഗുരുതരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ജൈവകൃഷി സംരംഭങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയ സാഹചര്യത്തില്‍ മഴയും ജലലഭ്യതയും കുറയുന്നത് അത്തരം ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. വേണ്ടത്ര മഴ ലഭിക്കാതിരുന്നതിനാല്‍ പകല്‍സമയത്തെ അന്തരീക്ഷ ഊഷ്മാവ് കൂടിയിട്ടുണ്ട്. പീച്ചി, വാഴാനി ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു. കാര്‍ഷികമേഖലയെ കാര്യമായിത്തന്നെ ഇത് ബാധിച്ചു. ജില്ലയുടെ വടക്ക് പടിഞ്ഞാറന്‍ നെല്ലറയായ പഴഞ്ഞി മേഖലയിലാണ് വരള്‍ച്ചയുടെ കാഠിന്യം ആദ്യം തുടങ്ങിയത്. പിന്നീടങ്ങോട്ട് കോള്‍പാടങ്ങളുടെ പറുദീസയായ അന്തിക്കാട്, മണലൂര്‍ മേഖലയിലേക്കും കര്‍ഷകരെ തേടി വരള്‍ച്ചയെത്തി. കണ്ണൂര്‍ ജില്ലയിലെ പ്രധാന പാടശേഖരങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. ഏഴോം പഞ്ചായത്തിലെ അടുത്തില പാടശേഖരം ഇതിനകം വരണ്ടുണങ്ങി. ലക്ഷങ്ങള്‍ ചെലവിട്ടാണ് ഇവിടത്തെ ഏക്കറുകണക്കിന് പാടം കൃഷിയോഗ്യമാക്കിയത്. അറുപതിലധികം കര്‍ഷകരുടെ കൂട്ടായ്മയില്‍ ബാങ്കില്‍നിന്ന് മൂന്ന് ലക്ഷത്തോളം രൂപ വായ്പയെടുത്താണ് 63 ഏക്കറോളം വരുന്ന അടുത്തില പാടശേഖരത്തിലെ കൃഷിയിടം നന്നാക്കിയെടുത്തത്. ആതിര, ഏഴോം രണ്ട് എന്നീ നെല്‍വിത്തുകള്‍ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കര്‍ഷകര്‍. ഇതിനായി മുളപ്പിച്ച വിത്തുകള്‍ ഉണങ്ങി. ഏറെ കഷ്ടപ്പെട്ട് ഒരുക്കിയ ഞാറ്റടി വെള്ളമില്ലാത്തതിനാല്‍ പറിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തുലാമഴ ചതിച്ചതാണ് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായത്. ഇതിനുസമാനമായി ജില്ലയുടെ പലഭാഗത്തും വെള്ളത്തിന്റെ ദൗര്‍ലഭ്യവും രൂക്ഷമാണ്. അതേസമയം പാലക്കാട്, വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഇത്തവണ നെല്‍കൃഷി കൂടുതല്‍ നാശം നേരിട്ടിട്ടുളളത്. സംസ്ഥാനത്ത് വെള്ളം കിട്ടാതെ 11998 ഹെക്ടറാണ് നെല്‍കൃഷി നശിച്ചത്. ഇതില്‍ പാലക്കാട് മാത്രം 7001 ഹെക്ടര്‍ വരും. വയനാട് 480 ഹെക്ടറും കാസര്‍കോട് 1415 ഹെക്ടറും മലപ്പുറത്ത് 289 ഹെക്ടറും ഉണങ്ങി. മിക്ക പാടശേഖരങ്ങളിലും രണ്ടാം വിള നെല്‍കൃഷി ജല ദൗര്‍ലഭ്യം കാരണം പാടേ ഉണങ്ങി കരിഞ്ഞ നിലയിലാണ്. മഴക്കുറവ് തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ ദീര്‍ഘകാല നാണ്യവിളകളിലും ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളില്‍ കുരുമുളകിനും കാപ്പിക്കും ഏലത്തിനും ഇഞ്ചിക്കും വരള്‍ച്ച ബാധിച്ചുതുടങ്ങിയിട്ടുണ്ട്. വെള്ളമില്ലാതെ ഉണങ്ങിനശിക്കുന്നതിനൊപ്പം വിളവും ഗണ്യമായി കുറയുന്നുണ്ട്. ദിവസേന 40 ലിറ്ററോളം വെള്ളം ആവശ്യമായി വരുന്ന ജാതിച്ചെടികള്‍ വരള്‍ച്ചയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളില്‍ ഏറെക്കുറെ കരിഞ്ഞുണങ്ങിത്തുടങ്ങി. ഏലകൃഷയും കൂട്ടത്തോടെ നശിച്ചു. വിലത്തകര്‍ച്ചയെ തുടര്‍ന്ന് നട്ടം തിരിഞ്ഞിരുന്ന കര്‍ഷകര്‍ക്ക് കൃഷി നാശം ഇരുട്ടടിയായി. പല തോട്ടങ്ങളിലും ജോലികള്‍ നിര്‍ത്തിവെച്ചു. ഇതിനെയെല്ലാം ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ഇതോടെ പട്ടിണിയിലായത്. മലയോര പ്രദേശങ്ങളില്‍ ഏത്തവാഴയും ഇതര വാഴകളും ഇലകള്‍ കരിയുകയും പിണ്ടിയില്‍ ജലാംശം നഷ്ടപ്പെട്ട് ഒടിഞ്ഞുവീഴുകയും ചെയ്യുന്നതു ഇപ്പോള്‍ പതിവായി. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നാശം നേരിടുന്നത്.
സാധാരണനിലയില്‍ വരള്‍ച്ചയുടെ രൂക്ഷതയില്‍ വെള്ളം നനച്ച് നിലനിര്‍ത്തിയിരുന്ന പച്ചക്കറി കൃഷിയും നാശത്തിലായി. കൊയ്ത്ത് കഴിയുന്ന പാടശേഖരങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പച്ചക്കറി കൃഷി നടത്തുക പതിവായിരുന്നു. എന്നാല്‍ ജലക്ഷാമം രൂക്ഷമായതോടെ ഇത്തരം സ്ഥലങ്ങളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ്. പയര്‍, പടവലം, പാവല്‍, മുളക് തുടങ്ങിയ കൃഷികളാണ് ഇത്തരത്തില്‍ പാടശേഖരങ്ങളില്‍ കൃഷി ചെയ്തിരുന്നത്. ഊര്‍ജിത പച്ചക്കറി കൃഷി വ്യാപനത്തിന്റെ ഭാഗമായി കൃഷിയിറക്കിയവരും ദുരിതത്തിലായി. ഇഞ്ചി, വെറ്റില തുടങ്ങി പാടങ്ങളില്‍ നടത്തിയിട്ടുള്ള ഇതര കൃഷികളും നാശത്തിന്റെ വക്കിലാണ്. കശുവണ്ടി, അടയ്ക്ക, കുരുമുളക് തുടങ്ങിയവയില്‍ കാലാവസ്ഥയുടെ ചെറിയ വ്യതിയാനം പോലും പ്രതികൂല ഫലം ഉളവാക്കും.
കശുമാവ് പോലുളളവക്ക് തളിരിടുംമുമ്പ് മഴ ധാരാളം വേണം. എന്നാല്‍ ഇത്തവണ അതുണ്ടാകാത്തത് കശുമാവ് കൃഷിയെയും സാരമായി ബാധിച്ചു. സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ ഗണ്യമായ പങ്കു വഹിക്കുന്ന മറയൂരിലെ ശീതകാലപച്ചക്കറി പാടങ്ങള്‍ ഇതിനകം തന്നെ കരിഞ്ഞുണങ്ങി. സംസ്ഥാനത്തൊട്ടാകെ 431 ഹെക്ടറിലെ തെങ്ങുകൃഷിയെയും മഴക്കുറവ് ബാധിച്ചു. നെല്ലും പച്ചക്കറിയും നാണ്യവിളകളും ഉള്‍പ്പെടെയുള്ള 16263.61 ഹെക്ടര്‍ കൃഷി ഇതുവരെ നശിച്ചതായാണ് കൃഷിവകുപ്പിന്റെ റിപ്പോര്‍ട്ട്. കൂടുതല്‍ നാശം നെല്‍കൃഷിക്കാണ്. മഴക്കുറവ് മൂലം ഇക്കുറി ആകെ 85 കോടിയുടെ കൃഷി നാശമുണ്ടായിട്ടുണ്ട്.വരും ദിവസങ്ങളില്‍ ഇതിന്റെ തോത് കുത്തനെ ഉയരും.