വികസനം നടപ്പാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കില്ല; ഹിന്ദുത്വം ഉയര്‍ത്തിക്കാട്ടണമെന്ന് സുബ്രഹ്മണ്യം സ്വാമി

Posted on: December 18, 2016 1:23 pm | Last updated: December 19, 2016 at 10:36 am

മുംബൈ: വികസനം നടപ്പാക്കിയാല്‍ മാത്രം തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടിയാല്‍ മാത്രമേ ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രധാനമന്ത്രിമാരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്വാമി സംസാരിച്ചത്. ലൈസന്‍സ് രാജ് ഇല്ലാതാക്കിയ നരസിംഹ റാവുവിനും വ്യാവസായിക വിപ്ലവം കൊണ്ടുവന്ന രാജീവ് ഗാന്ധിക്കും റേഷന്‍വില പിടിച്ചുനിര്‍ത്തിയ മൊറാര്‍ജി ദേശായിക്കും തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസന പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. എന്നാല്‍ അതുമാത്രം പോരാ. ഗുജറാത്ത് മോഡലും ഹിന്ദുത്വ അജണ്ടയും ഉയര്‍ത്തിക്കാട്ടിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന് അദ്ദേഹം പറഞ്ഞു.