മഴയും വേനലും പകുത്തെടുത്ത തീരങ്ങള്‍

ശുദ്ധ ജലത്തിന്റെ അഭാവം മൂലം നിരവധി രോഗങ്ങളാണ് തീരദേശവാസികളെ വേട്ടയാടുന്നത്. സാംക്രമിക രോഗങ്ങള്‍ പലപ്പോഴും പൊട്ടിപ്പുറപ്പെടുന്നത് തീരദേശത്ത് നിന്നാണ്. ജലജന്യ രോഗങ്ങളാണ് തീരദേശവാസികളെ ഏറ്റവുമധികം വേട്ടയാടുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ കാരണമാകട്ടെ, ശുദ്ധജലം ലഭ്യമല്ലെന്നതും. വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടി വരുന്നത് തീരദേശവാസികളായിരിക്കുമെന്ന ബോധ്യം ബന്ധപ്പെട്ടവര്‍ക്കെല്ലാമുണ്ടെങ്കിലും യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചു ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് എല്ലാവരും.
Posted on: December 18, 2016 10:09 am | Last updated: December 18, 2016 at 10:09 am

കാലാവസ്ഥാ വ്യതിയാനത്തിന്റെയും മനുഷ്യന്റെ പ്രകൃതി ചൂഷണത്തിന്റെയും അനന്തര ഫലങ്ങള്‍ ആദ്യം പ്രകടമാകുന്ന ഇടമാണ് കടലും തീരപ്രദേശവും. വരള്‍ച്ചയുടെയും കാലവര്‍ഷത്തിന്റെയും പ്രത്യാഘാതങ്ങള്‍ ഒരേ പോലെ നേരിടേണ്ടിവരുന്ന തീരദേശ ജനത അനുഭവിക്കുന്ന കഷ്ടതകള്‍ ഒരു വേള ആദിവാസി സമൂഹത്തേക്കാളധികമാണ്. നഗരവത്കരണത്തിന്റെ കെടുതികള്‍ക്കൊപ്പം വികസനരാഹിത്യത്തിന്റെ കഷ്ടപ്പാടുകളും തീരദേശ സമൂഹം അനുഭവിക്കേണ്ടി വരുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ മാത്രം അനുഭവിക്കേണ്ടിവന്നിരുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും കഴിഞ്ഞ കുറേ നാളുകളായി മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. സുനാമി ദുരന്തത്തോടെ കടലിന്റെ ആവാസ വ്യവസ്ഥ എന്നെന്നേക്കുമായി മാറി. അതുപോലെ തീരഭാഗത്ത് കടല്‍ അടുത്ത കുറേ കാലങ്ങളായി മുന്നേറിക്കോണ്ടിരിക്കുകയോ പിന്‍വാങ്ങുകയോ ചെയ്യുകയാണ്.
അതിശക്തമായ തരംഗങ്ങള്‍ കരയെ ആക്രമിച്ച് കുറേക്കാലമായി നിലവിലുണ്ടായിരുന്ന തീരരേഖ നശിപ്പിക്കുകയും അലകള്‍ കരയ്ക്കു കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പെട്ടെന്നുണ്ടാകുന്ന ശക്തമായ പ്രകൃതിക്ഷോഭം മൂലമാണ് ഇതുണ്ടാകുന്നത്. കടലിനോടടുത്ത് കരയ്ക്കു താമസിക്കുന്ന മനുഷ്യര്‍ക്കും അവരുടെ സമ്പത്തിനും ഇത്തരം കടലാക്രമണം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം തരംഗങ്ങള്‍ ഉയര്‍ന്ന വേലിയേറ്റം, ഭൂമികുലുക്കം, കൊടുങ്കാറ്റുകള്‍ മുതലായ ദുരന്തങ്ങള്‍ക്കാണ് വഴി വെക്കുന്നത്.
2004ലെ സുനാമി ദുരന്തത്തെ തുടര്‍ന്ന് ഏറ്റവുമധികം ദുരിതം ഏറ്റുവാങ്ങേണ്ടി വന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പല്ലന, പാനൂര്‍ പ്രദേശങ്ങളടക്കമുള്ള തീരദേശത്തെ ജനങ്ങള്‍ ഇപ്പോഴും കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയാണ്. കായംകുളം കുടിവെള്ള പദ്ധതിയുടെ ഭാഗമായി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആറാട്ടുപുഴ പഞ്ചായത്തില്‍ സ്ഥാപിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്കുകള്‍ ഇപ്പോഴും നോക്കുകുത്തിയാണ്. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച ഇത് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാന്‍ പോലും സര്‍ക്കാറോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ തയ്യാറായിട്ടില്ല. മറ്റു ചില പ്രദേശങ്ങളില്‍ സ്ഥാപിക്കപ്പെട്ട പമ്പ് ഹൗസുകളിലെ മോട്ടോറുകള്‍ ആകട്ടെ കാലപ്പഴക്കം കാരണം പ്രവര്‍ത്തനരഹിതമാണ്. ഇവ മാറ്റി സ്ഥാപിക്കാനും നടപടിയില്ല. എല്ലവാര്‍ക്കും പൈപ്പിലൂടെ കുടിവെള്ളം എന്നത് തീരദേശവാസികള്‍ക്കെങ്കിലും തീര്‍ത്തും അപ്രാപ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍. സുനാമി പുനരധിവാസ പദ്ധതി പ്രകാരം കോടിക്കണക്കിന് രൂപ കുടിവെള്ള പദ്ധതിക്കും മറ്റുമായി കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിച്ചെങ്കിലും ഇതൊന്നും ഫലപ്രദമായി വിനിയോഗിക്കപ്പെടാത്തത് കൊണ്ട് തന്നെ പ്രദേശത്തുകാര്‍ ഇപ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണുള്ളത്. ജില്ലയുടെ മറ്റു തീരപ്രദേശങ്ങളിലെയും അവസ്ഥ ഭിന്നമല്ല. തോട്ടപ്പള്ളി, അമ്പലപ്പുഴ, പുറക്കാട്, വളഞ്ഞവഴി, തുമ്പോളി, വാടക്കല്‍, കാട്ടൂര്‍, അര്‍ത്തുങ്കല്‍, തൈക്കല്‍, അന്ധകാരനഴി തുടങ്ങിയ പ്രദേശങ്ങളിലും വര്‍ഷകാലത്ത് പോലും ശുദ്ധജലം കിട്ടാക്കനിയാണ്. ശുദ്ധ ജലത്തിന്റെ അഭാവം മൂലം നിരവധി രോഗങ്ങളാണ് തീരദേശവാസികളെ വേട്ടയാടുന്നത്. സാംക്രമിക രോഗങ്ങള്‍ പലപ്പോഴും പൊട്ടിപ്പുറപ്പെടുന്നത് തീരദേശത്ത് നിന്നാണ്. ജലജന്യ രോഗങ്ങളാണ് തീരദേശവാസികളെ ഏറ്റവുമധികം വേട്ടയാടുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതിന്റെ കാരണമാകട്ടെ, ശുദ്ധജലം ലഭ്യമല്ലെന്നതും. വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയില്‍ ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടി വരുന്നത് തീരദേശവാസികളായിരിക്കുമെന്ന ബോധ്യം ബന്ധപ്പെട്ടവര്‍ക്കെല്ലാമുണ്ടെങ്കിലും യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചു ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുകയാണ് എല്ലാവരും.
കടലില്‍ പോയാല്‍ മീന്‍ കിട്ടാനില്ലാത്ത അവസ്ഥായാണിപ്പോള്‍. കിട്ടുന്ന മത്സ്യത്തിന് തന്നെ കരയിലെത്തുമ്പോള്‍ ഏജന്റുമാര്‍ കല്‍പ്പിച്ചു നല്‍കുന്ന വില കൊണ്ട് തൃപ്തിപ്പെട്ടുകൊള്ളണം. കടലിലേക്ക് പുറപ്പെടുന്ന കുടുംബനാഥന്‍ ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചുവരുമെന്നോ താന്‍ തിരികെ വരുമ്പോള്‍ വീടും കുടുംബവും ശേഷിച്ചിരിപ്പുണ്ടാകുമെന്നോ ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥ ഏറെ ഭീതിതമാണ്. മുന്‍ കാലങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് പോലും ഇത്ര ഭീതിതമായ അവസ്ഥയുണ്ടായിരുന്നില്ലെന്ന് പഴയ തലമുറയിലുള്ളവര്‍ പറയുന്നു. കോരിച്ചൊരിയുന്ന കാലവര്‍ഷത്തിലും കടല്‍ നല്ല നിലയില്‍ മീന്‍ കനിഞ്ഞുനല്‍കിയിരുന്നു. എന്നാലിന്ന് നല്ല കാലാവസ്ഥയില്‍ പോലും ശാന്തമായ കടല്‍ കണ്ട് മത്സ്യബന്ധനത്തിനിറങ്ങുന്നവര്‍ക്ക്, വള്ളമിറക്കാന്‍ പലരില്‍ നിന്നായി വാങ്ങിയ കടം വീട്ടാന്‍ പോലും ആവശ്യമായ മത്സ്യം കിട്ടുമെന്നോ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തുമെന്നോ ഉറപ്പിക്കാനാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ച് ചെന്നാല്‍ എത്തിപ്പെടുന്നത് മനുഷ്യരുടെ അമിതമായ പ്രകൃതി ചൂഷണത്തിലേക്ക് തന്നെയാണ്. വന്‍കിട റിസോര്‍ട്ടുകള്‍, ലക്ഷ്വറി ഹോട്ടലുകള്‍, കൂറ്റന്‍ യന്ത്രവത്കൃത ബോട്ടുകള്‍, സ്വിമ്മിംഗ് പൂളുകള്‍, കോട്ടേജുകള്‍, ഹെലിക്കോപ്ടര്‍ സര്‍വീസ് ശൃംഖലകള്‍, ടൂറിസത്തി്‌ന്റെ പേരില്‍ നടക്കുന്ന മറ്റു വിവിധ വികസന പദ്ധതികള്‍ എന്നിവയെല്ലാം തീരദേശത്തിന്റെ പരിസ്ഥിതി തകിടം മറിക്കുന്നു. അത്‌കൊണ്ട് വരള്‍ച്ചയുടെ കാഠിന്യം മുമ്പത്തേക്കാളും അതീവ രൂക്ഷമായിരിക്കുമെന്ന ആശങ്കയിലാണ് തീരദേശം.
തീരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 300ഓളം വന്‍കിട, ഇടത്തരം വ്യവസായ ശാലകളും രണ്ടായിരത്തോളം ചെറുകിട വ്യവസായശാലകളും തങ്ങളുടെ മലിനജലം കടലിലേക്ക് തള്ളുന്നുണ്ട്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയില്‍ 10-15 ശതമാനം വരും തീരദേശം. അഥവാ 590 കിലോമീറ്റര്‍. 40 ശതമാനത്തോളം തീരദേശവാസികള്‍ കടലുമായി ഏറ്റവും അടുത്തും ദുരന്തസാധ്യത മേഖലയിലുമാണ് അധിവസിക്കുന്നത്. ഏകദേശം 370 കിലോമീറ്റര്‍ തീരപ്രദേശം കടലാക്രമണ ഭീഷണി നേരിടുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കേരളത്തിലെ ശരാശരി ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണെങ്കില്‍ തീരദേശത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 2262 ആണ്.
37 ശതമാനം തീരദേശം മാത്രമാണ് മനുഷ്യ കൈകടത്തലുകളില്ലാതെ പരിസ്ഥിതി സന്തുലിതമായുള്ളത്. 590 കിലോമീറ്ററില്‍ 8 ശതമാനം വരുമിത്. ഈ പ്രദേശത്തെ മാത്രമാണ് കടല്‍ക്ഷോഭം ബാധിക്കാത്തത്. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളില്‍ തുറമുഖമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ട്. കടല്‍ക്ഷോഭം ഏറ്റവും കുറവ്(1.5 ശതമാനം) തൃശൂര്‍ ജില്ലയിലും കൂടുതല്‍ (23 ശതമാനം) തിരുവനന്തപുരം ജില്ലയിലുമാണ്. കടലിലെ ജലനിരപ്പ് വ്യത്യാസപ്പെടല്‍, അപ്രതീക്ഷിതമായ വേലിയേറ്റം, കടല്‍ പരപ്പിലെ താപനില വ്യത്യാസപ്പെടലും ലവണാംശം വര്‍ധിക്കലും, പ്രാദേശികമായ വര്‍ഷവും മണ്‍സൂണിന്റെ വേര്‍തിരിവും, അനാരോഗ്യകരമായ ആള്‍ഗകളുള്‍പെടെയുള്ളവയുടെ പ്രത്യക്ഷപ്പെടല്‍, രോഗങ്ങള്‍ വര്‍ധിക്കല്‍ എന്നിവയെല്ലാം മേഖലക്ക് ഭീഷണിയാകുന്നതായി പഠനം വ്യക്തമാക്കുന്നു. മത്സ്യത്തിന്റെ പ്രജനന കാലഘട്ടമെന്ന നിലയില്‍ ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ 45 ദിവസം മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാലയളവിലും പരമ്പരാഗത മത്സ്യബന്ധനോപകരണങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍ പിടിത്തത്തിന് നിരോധനമില്ലെങ്കിലും മുന്‍ കാലങ്ങളില്‍ ലഭിച്ചിരുന്ന ചാകരകൊയ്ത്ത് പോലും അപ്രത്യക്ഷമായെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മണ്‍സൂണ്‍ സീസണില്‍ പഞ്ഞമാസ സമ്പാദ്യപദ്ധതി പ്രകാരമുള്ള സഹായം മാത്രമാണ് മത്സ്യത്തൊഴിലാളികളുടെ ഏക ആശ്രയം. എന്നാല്‍ ഇത് കാലങ്ങളായി യഥാസമയം വിതരണം ചെയ്യാന്‍ അധികൃതര്‍ വൈമനസ്യം കാണിക്കുകയാണ്. സംസ്ഥാനത്തെ തീരപ്രദേശങ്ങളധികവും കുടിനീരിനായി എല്ലാക്കാലത്തും നെട്ടോട്ടമോടുകയാണ്. കേരളം ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനമാണെങ്കിലും മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ വേര്‍തിരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് തന്നെ, ലഭിക്കുന്ന മഴയുടെ 96 ശതമാനവും മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴുകി കടലിലേക്ക് പോകുന്ന സ്ഥിതിയാണുള്ളത്. അതിനാല്‍ മഴ ലഭിക്കാത്ത കാലങ്ങളില്‍ മലനാടും തീരപ്രദേശവും ഒരുപോലെ ജലദൗര്‍ലഭ്യം നേരിടുന്നു.
തീരദേശ വികസത്തിനായി നബാര്‍ഡ് നേതൃത്വം നല്‍കുന്ന പദ്ധതികള്‍ വലിയൊരു അനുഗ്രഹമാണ്. റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട്(ആര്‍ ഐ ഡി എഫ്) സഹായത്തോടെ കുടിവെള്ളം, ഡ്രെയിനേജ്, റോഡുകള്‍, ഫിഷ് ലാന്‍ഡിംഗ് സെന്ററുകള്‍ എന്നിവയെല്ലാം തീരദേശത്ത് നടപ്പാക്കി വരുന്നുണ്ടെങ്കിലും ഇതും ഭരണതലത്തില്‍ സ്വാധീനമുള്ള മേഖലകളില്‍ മാത്രമേ ലഭിക്കാറുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ, വിദ്യാഭ്യാസ സൗകരങ്ങളിലെല്ലാം ഈ വിഭാഗം ഇന്നും പിന്നാക്കം തന്നെയാണ്. പല കാരണങ്ങള്‍ കൊണ്ട് മാരക രോഗങ്ങള്‍ക്കടിമപ്പെടുന്ന ഇവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഭരണകൂടങ്ങള്‍ തീര്‍ത്തും പരാജയമാണെന്ന് പറയേണ്ടിവരും. തീരദേശവാസികള്‍ക്ക് സുരക്ഷിത താമസമൊരുക്കാന്‍ ഫഌറ്റ് സൗകര്യമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഇതിനോട് മത്സ്യത്തൊഴിലാളി സംഘടനകള്‍ക്ക് വിയോജിപ്പാണ്. തീരദേശത്തെ നിലവിലെ ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറിത്താമസിക്കുന്നതിന് 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.ഇത്തരം പദ്ധതികള്‍ക്ക് പിന്നാലെ തീരദേശ ഹരിത ഇടനാഴി പോലുള്ള വിനോദസഞ്ചാരാധിഷ്ഠിത വികസന പദ്ധതികള്‍ കൂടി നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തെ തീരദേശവാസികള്‍ ആശങ്കയോടെ മാത്രമാണ് നോക്കിക്കാണുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശത്തെ വന്‍ തോതിലുള്ള ധാതുമണല്‍ നിക്ഷേപത്തില്‍ കണ്ണുവെച്ചുള്ള പദ്ധതികളാണോ ഇതെന്നതില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ക്കും ആശങ്കയുണ്ട്. അടുത്തിടെ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴിയില്‍ നിന്ന് നീക്കം ചെയ്ത മണല്‍ പൊതുമേഖലാ സ്ഥാപനമായ ഐ ആര്‍ ഇ ധാതുഖനനത്തിനായി ശേഖരിക്കാന്‍ നീക്കം നടത്തിയത് നാട്ടുകാരുടെ എതിര്‍പ്പിനിടയാക്കിയിരുന്നു. അടുത്തകാലത്തായി ആലപ്പുഴയിലെ തീരപ്രദേശങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അറപ്പന്‍കടല്‍. അപ്രതീക്ഷിതമായി കടല്‍ പിന്‍വാങ്ങുകയും ശക്തമായി തിരിച്ചുവന്ന് കരയാകെ കവര്‍ന്നെടുക്കുന്നതാണ് അറപ്പന്‍കടല്‍ പ്രതിഭാസം. ഈ വര്‍ഷം തന്നെ അര ഡസനിലധികം തവണ ഇത്തരം അറപ്പന്‍ കടല്‍ പ്രതിഭാസം ജില്ലയിലെ ചില തീരദേശങ്ങളിലുണ്ടാകുകയും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളടക്കം കടല്‍ കവര്‍ന്നെടുക്കുകയും ചെയ്തിട്ടുണ്ട്.
നാളെ: വയലിന്റെ തൊണ്ട വരളുമ്പോള്‍