അലപ്പോയിലെ ചോരക്ക് ഉത്തരവാദികളാര്?

Posted on: December 18, 2016 10:06 am | Last updated: December 18, 2016 at 10:06 am

സിറിയയില്‍ അഞ്ച് വര്‍ഷമായി തുടരുന്ന സംഘര്‍ഷം അതിന്റെ ഏറ്റവും ഭീകരമായ നിലയില്‍ എത്തിയിരിക്കുകയാണ്. വംശീയതയുടെയും സാമ്രാജ്യത്വ കുതന്ത്രങ്ങളുടെയും യാതൊരു തത്വദീക്ഷയുമില്ലാതെ മാറിമറിയുന്ന കൂട്ടുകെട്ടുകളുടെയും ഇടയില്‍ ഒരു രാഷ്ട്രം കൂടി സമ്പൂര്‍ണ നാശത്തിലേക്ക് നീങ്ങുന്നുവെന്നതാണ് ആത്യന്തികമായി അവശേഷിക്കുന്ന സത്യം. ഇവിടെ ആര് വാഴുന്നു ആര് വീഴുന്നുവെന്നത് പ്രസക്തമല്ല. ചരിത്രത്തിലുടനീളം വേരുകളുള്ള ഒരു നാഗരികത അസ്തമിക്കുന്നു. ജനത ശിഥിലമാകുന്നു. അവര്‍ അഭയാര്‍ഥികളാകുന്നു. അരാജകത്വത്തിന്റെ ഇരുള്‍ നാളുകളിലേക്ക് രാജ്യമൊന്നാകെ കൂപ്പു കുത്തുന്നു. ഈ വ്യവസ്ഥയില്ലായ്മയില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ തീവ്രവാദ സംഘങ്ങള്‍ രൂപപ്പെട്ട് വരുന്നു. പാരമ്പര്യ ശേഷിപ്പുകള്‍ മുഴുവന്‍ തകര്‍ക്കപ്പെടുന്നു. ഇസില്‍ പോലുള്ളവക്ക് കഴിഞ്ഞു കൂടാന്‍ ഇടങ്ങളുണ്ടാകുന്നു. ഇതൊക്കെയാണ് സിറിയയില്‍ നടക്കുന്നത്. അത്യന്തം വൈകാരികമായ ദൃശ്യങ്ങള്‍ സിറിയയില്‍ നിന്ന്, പ്രത്യേകിച്ച് രാജ്യത്തെ ഏറ്റവും വലിയ ജനവാസ നഗരമായ അലപ്പോയില്‍ നിന്ന് വരുന്നുണ്ട്. അവയില്‍ ചിലത് കൃത്രിമമാണ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന ഭൂരിഭാഗം ചിത്രങ്ങളും ട്വിറ്റര്‍ സന്ദേശങ്ങളും സത്യം വിളിച്ചു പറയുന്നവ തന്നെയാണ്. സ്വാഭാവികമായും അത് ബശര്‍ അല്‍ അസദിനെതിരെ ശാപവാക്കുകള്‍ തൊടുത്തു വിടുന്നുണ്ട്. ശാപ പ്രാര്‍ഥനകള്‍ക്കുള്ള ആഹ്വാനവും പല കോണില്‍ നിന്ന് വരുന്നു. യഥാര്‍ഥത്തില്‍ ബശര്‍ അല്‍ അസദിനെയും കടന്ന് ഭൗമ രാഷ്ട്രീയത്തിലെ അത്യന്തം സങ്കീര്‍ണമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് സിറിയ പ്രവേശിച്ചിരിക്കുന്നത്.
അലപ്പോ പൂര്‍ണമായി അസദ് വിരുദ്ധ വിമത ആയുധധാരികളുടെ നിയന്ത്രണത്തിലായിരുന്നു. ഇസിലിനോടും സിറിയന്‍ സൈന്യത്തോടും ഒരു പോലെ പൊരുതിയാണ് ഈ ഗ്രൂപ്പുകള്‍ നിയന്ത്രണം പിടിച്ചത്. ഇക്കാര്യത്തില്‍ അവര്‍ക്ക് തുര്‍ക്കിയുടെയും അമേരിക്കന്‍ ചേരിയുടെയും പിന്തുണയുണ്ടായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ റഷ്യന്‍ പിന്തുണയോടെ ബശര്‍ അല്‍ അസദിന്റെ സൈന്യം അലപ്പോയുടെ കിഴക്കന്‍ മേഖല തിരിച്ചു പിടിച്ചിരിക്കുന്നു. സാധാരണഗതിയില്‍ ഈ അധികാര കൈമാറ്റം വലിയ പ്രതിസന്ധി സൃഷ്ടിക്കേണ്ട കാര്യമില്ല. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ നേടിയ നിര്‍ണായക വിജയം ആഘോഷിക്കാന്‍ സര്‍ക്കാറിന്റെ സൈനികര്‍ മുതിര്‍ന്നതോടെയാണ് മാനുഷിക പ്രതിസന്ധി രൂപപ്പെട്ടത്. ക്രൂരമായ അതിക്രമങ്ങളാണ് അവര്‍ നടത്തിയത്. സിവിലിയന്‍മാരെന്നോ ആയുധധാരികളെന്നോ വ്യത്യാസമില്ലാതെ അവര്‍ നരനായാട്ട് നടത്തി. ഇതേതുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. വിമതര്‍ ആയുധമുപേക്ഷിച്ചുവെന്നോ സമാധാനപ്രിയരായി മാറിയെന്നോ ഈ വിട്ടുവീഴ്ചക്ക് അര്‍ഥമില്ല. മറ്റു വഴികളില്ലാത്തതിനാല്‍ അവര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് തയ്യാറാകുകയായിരുന്നു. തുര്‍ക്കിയുടെ മാധ്യസ്ഥ്യത്തില്‍ നടന്ന ചര്‍ച്ചയുടെ പ്രധാന തീരുമാനം ഇതായിരുന്നു: നഗരം വിടാന്‍ താത്പര്യമുള്ള മുഴുവന്‍ പേര്‍ക്കും അതിനുള്ള അവസരമൊരുക്കണം. വിമത ആയുധധാരികള്‍ക്കും അവരുടെ ഭരണനിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സുരക്ഷിത പാതയൊരുക്കണം. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലേക്ക് പോകാനാകും അവസരമൊരുക്കുക. പക്ഷേ, തടവുകാരെ കടത്താന്‍ പാടില്ല. ആയുധങ്ങളും കൊണ്ടു പോകരുത്.
ഈ നിബന്ധനകള്‍ പ്രകാരം വ്യാഴാഴ്ച വരെ 8,000 പേരെ മാറ്റിയെന്നാണ് സര്‍ക്കാര്‍ കണക്ക്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കും വൈദ്യുതി അടക്കമുള്ള സംവിധാനങ്ങള്‍ തകര്‍ന്ന് ജീവിതം അസാധ്യമായ പ്രദേശങ്ങള്‍ക്കും നടുവില്‍ നിന്ന് രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹവുമായി ആയിരക്കണക്കിനാളുകളാണ് സൈനിക വലയത്തില്‍ തയ്യാറാക്കി നിര്‍ത്തിയ ബസുകള്‍ക്കടുത്ത് എത്തുന്നത്. ഏത് നിമിഷവും തീ തുപ്പാന്‍ തയ്യാറായി നില്‍ക്കുന്ന ആയുധങ്ങള്‍ക്ക് മുമ്പില്‍ പകലിരവുകള്‍ തള്ളി നീക്കാന്‍ അലപ്പോക്കാര്‍ ഇപ്പോള്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ട്. ഒന്നുകില്‍ വിമതര്‍. അല്ലെങ്കില്‍ സര്‍ക്കാര്‍ സൈന്യം. അതുമല്ലെങ്കില്‍ വിദേശ സൈന്യം. പിന്നെ ഇസില്‍. ഇത് അലപ്പോയുടെ മാത്രം അനുഭവമല്ല. സിറിയയിലെ മിക്ക നഗരങ്ങളും അത്രമേല്‍ അശാന്തമാണ്.
പുറത്ത് കടക്കാമെന്ന പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. കരാര്‍ ലംഘിച്ചത് സര്‍ക്കാറാണെന്ന് വിമതര്‍ പറയുന്നു. തിരിച്ച് സര്‍ക്കാറും. വിമതര്‍ തടവുകാരെ കടത്താന്‍ സിവിലിയന്‍മാരെ മറയാക്കുകയാണെന്നും വീട്ട് സാധനങ്ങളുടെ കൂട്ടത്തില്‍ ആയുധം കടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ സുരക്ഷിത പാതയൊരുക്കാന്‍ സര്‍ക്കാറിന് താത്പര്യമില്ലെന്നും കടുത്ത വഞ്ചനയാണ് സൈന്യം നടത്തുന്നതെന്നും വിമതര്‍ പരാതിപ്പെടുന്നു. സത്യം ഇതില്‍ ഏതായാലും നിതാന്തമായ ഭയത്തിന്റെ കയങ്ങളിലേക്ക് അലപ്പോ നിവാസികള്‍ എടുത്തെറിയപ്പെട്ടിരിക്കുന്നു. ഏത് നിമിഷവും കൊല്ലപ്പെടാമെന്ന സ്ഥിതി. ഇന്നലെ ഇവാക്വേഷന്‍ പോയിന്റിലെത്തി ബസിലേക്ക് കയറുന്നതിനിടെ നാല് പേരെ സൈനികര്‍ വെടിവെച്ച് കൊന്നുവെന്നാണ് അല്‍ ജസീറയടക്കമുള്ളവ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ ഒഴിപ്പിക്കല്‍ പ്രക്രിയ പൂര്‍ണമായി നിര്‍ത്തി വെക്കുകയും ചെയ്തു. കാരണമാരുമാകട്ടേ ‘മരണമുഖത്ത് നിന്ന് ഞങ്ങളെ രക്ഷിക്കൂ’വെന്ന അലപ്പോയിലെ മനുഷ്യരുടെ നിലവിളി സത്യമാണ്. മരണഭയം കൊണ്ട് വീടിന് വെളിയിലിറങ്ങാന്‍ കഴിയാത്ത നിലയില്‍ തന്നെയാണ് അവരുള്ളത്. ക്രൂരമായ വേട്ടയാടലുകളും പകപ്പോക്കലും നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാര്‍ഥി സംഘങ്ങള്‍ പോലും ആക്രമിക്കപ്പെടുന്നു.
ഇവിടെ മൂന്ന് കാര്യങ്ങള്‍ ഏറെ പ്രസക്തമാണ്. ഒന്ന്, മനുഷ്യക്കുരുതിയില്‍ വംശീയതയുടെ തലം ഉണ്ട്. ഇറാന്റെയും ഹിസ്ബുല്ലയുടെയും ഇറാഖി സര്‍ക്കാറിന്റെയും പിന്തുണയോടെയും പങ്കാളിത്തത്തോടെയുമാണ് സിറിയന്‍ സൈന്യം മനുഷ്യക്കുരുതി നടത്തുന്നത്. ആ കൂട്ടുകെട്ട് തികച്ചും വംശീയമായ ഒന്നാണ്. സിറിയന്‍ ജനതയില്‍ മഹാഭൂരിപക്ഷവും സുന്നി വംശജരാണ്. അസദാകട്ടേ ന്യൂനാല്‍ ന്യൂനപക്ഷമായ അലവൈറ്റ് ശിയായും. അസദിന്റെ അധികാരത്തെ ചോദ്യം ചെയ്തത് സുന്നീ ഗ്രൂപ്പുകളാണ്. അലപ്പോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഈ വിഭജനം കൂടുതല്‍ വ്യക്തമായിരിക്കുന്നു. അവിടെ ശിയാ ആയുധധാരികളാണ് രംഗം കീഴടക്കിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പൊളിക്കുന്നതില്‍ ഇത്തരം ഗ്രൂപ്പുകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
റഷ്യയുടെ സാന്നിധ്യം പ്രശ്‌നത്തെ സങ്കീര്‍ണമാക്കുന്നുവെന്നതാണ് രണ്ടാമത്തെ വസ്തുത. അസദിന് എക്കാലത്തും റഷ്യന്‍ പിന്തുണ ഉണ്ടായിരുന്നു. വഌദമീര്‍ പുടിന്റെ കാലത്ത് അത് കൂടുതല്‍ പ്രത്യക്ഷമായെന്നേയുള്ളൂ. ഇറാന് നല്‍കുന്ന പിന്തുണയുടെ തുടര്‍ച്ചയാണ് അത്. അമേരിക്കക്ക് എതിര്‍ ദിശയില്‍ നില്‍ക്കുക എന്ന പഴയ ശീതസമര ഹാംഗ് ഓവറും അതിലുണ്ട്. അമേരിക്ക അസദ്‌വിരുദ്ധ ഗ്രൂപ്പുകളെ തിരശ്ശീലക്ക് പിന്നില്‍ നിന്ന് പിന്തുണച്ചപ്പോള്‍ 2015 മുതല്‍ റഷ്യ അസദിന് വേണ്ടി മറ പൊളിച്ച് രംഗത്ത് വരിക തന്നെ ചെയ്തു. ഇതോടെ ചിത്രം മാറി. അസദ് ശക്തനായി. അദ്ദേഹം കൂടുതല്‍ അപകടകാരിയായി. അലപ്പോയില്‍ കാണുന്നത് ഈ അപകടത്തിന്റെ പ്രതിഫലനമാണ്.
അമേരിക്കയിലെ ഭരണ മാറ്റമാണ് മൂന്നാമത്തെ എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട വസ്തുത. അവിടെ എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയിരിക്കുന്നു. പുടിന്റെ അടുത്ത സുഹൃത്താണ് ട്രംപ്. തീവ്ര വലതുപക്ഷ നിലപാടുകളുടെ ആവിഷ്‌കാരമായ ട്രംപിനെ അധികാരത്തിലേറ്റാന്‍ പുടിന്‍ നേരിട്ട് കളിച്ചുവെന്നാണ് കേള്‍ക്കുന്നത്. റഷ്യയുമായുള്ള വടംവലികള്‍ മുഴുവന്‍ അസ്തമിച്ച് അപകടകരമായ ഒരു കൂട്ട് ഈ വന്‍ശക്തികള്‍ക്കിടയില്‍ രൂപപ്പെടാന്‍ പോകുന്നുവെന്ന് സാരം. അതിന്റെ ആദ്യത്തെ ഇര സിറിയയായിരിക്കും. സര്‍വ ക്രൗര്യങ്ങളോടെയും അസദ് ഭരണകൂടത്തെ താങ്ങി നിര്‍ത്താന്‍ ട്രംപും പുടിനും കൈകോര്‍ക്കും. ആ ആത്മവിശ്വാസം കൂടിയാകാം അലപ്പോയിലെ ‘ആഘോഷ’ത്തിന് പിന്നില്‍.
സിറിയയിലെ പരമ്പരാഗത പണ്ഡിതന്‍മാര്‍ അസദ് ഭരണകൂടത്തെ ഒരുഘട്ടത്തില്‍ പിന്തുണച്ചിരുന്നു. ബശറിന്റെ പിതാവ് ഹാഫിസ് അല്‍ അസദ് ഹമയിലടക്കം നടത്തിയ കൂട്ടക്കുരുതി മറന്ന് കൊണ്ടായിരുന്നില്ല അത്. ബദല്‍ രൂപപ്പെടുമെന്ന് ഒരു ഉറപ്പുമില്ലാതെ നിലവിലുള്ള ഒന്നിനെ തകര്‍ത്തെറിയുന്നതിലെ മൗഢ്യമാണ് പണ്ഡിതര്‍ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല, അസദ്‌വിരുദ്ധ പ്രക്ഷോഭത്തിലെ സാമ്രാജ്യത്വ സാന്നിധ്യം അതിന്റെ ദേശീയ സ്വഭാവം കളഞ്ഞ് കുളിച്ചിരുന്നു. അമേരിക്കയുടെ കാര്‍മികത്വത്തിലാണ് സായുധ പ്രക്ഷോഭം തുടങ്ങിയത്. അത്തരമൊരു പ്രക്ഷോഭത്തിന്റെ ആത്യന്തിക ഫലം രാജ്യത്തിന്റെ ശൈഥില്യം മാത്രമായിരിക്കുമെന്ന് പണ്ഡിതന്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ആ മുന്നറിയിപ്പ് അര്‍ഥവത്തായിരുന്നുവെന്നും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളുടെ എടുത്തു ചാട്ടം ക്രൂരമായ പാതകമായിരുന്നുവെന്നും ഇന്ന് വ്യക്തമാകുകയാണ്.