വഖ്ഫ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

Posted on: December 18, 2016 10:03 am | Last updated: December 18, 2016 at 10:03 am

കൊച്ചി: വഖ്ഫ് അഴിമതി കണ്ടെത്തുന്നതിനും വഖ്ഫ് ബോര്‍ഡിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍, വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തിയത് തുടങ്ങിയവ കണ്ടെത്തുന്നതിനും മറ്റും 2008ല്‍ സര്‍ക്കാര്‍ നിയമിച്ച വഖ്ഫ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേരള വഖ്ഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് ടിഎം അബ്ദുസ്സലാം, സെക്രട്ടറി നാസര്‍ മനയില്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം അനേകം കോടി രൂപയുടെ വഖ്ഫ് സ്വത്തുക്കളുണ്ട്. ഇവ 1960-ല്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് രൂപവത്കരിച്ചിട്ടും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലാത്തവയാണ്. അഴിമതിയും സ്വജനപക്ഷപാതവും ധിക്കാര സമീപനവും സംബന്ധിച്ച് ധാരാളം പരാതികള്‍ സര്‍ക്കാറിന് ലഭിച്ച സാഹചര്യത്തിലാണ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തില്‍ റിട്ട. ജില്ലാ ജഡ്ജി എം എ നിസാര്‍ ചെയര്‍മാനായും അബൂബക്കര്‍ ചെങ്ങോട്ട് മെമ്പര്‍ സെക്രട്ടറിയായും അന്വേഷണ കമ്മീഷനെ നിയമിച്ചത്. കേരളത്തിലുടനീളം കോടിക്കണക്കിന് രൂപയുടെ വഖ്ഫ് കൊള്ളയാണ് കമ്മീഷന്‍ കണ്ടെത്തിയതെന്നും കേരള വഖ്ഫ് സംരക്ഷണവേദി ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗൗരവമേറിയ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്.
വഖ്ഫ് ബോര്‍ഡിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധ നിയമനങ്ങളും അഴിമതിയും കൃത്യമായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വഖ്ഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വഖ്ഫ് ബോര്‍ഡിന്, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലവും മറ്റും ഉണ്ടായ നഷ്ടങ്ങളുടെ കണക്കും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
ടു ജി സ്‌പെക്ട്രം അഴിമതിയേക്കാള്‍ വലിയ അഴിമതിയാണ് കേരളത്തില്‍ വഖഫുമായി ബന്ധപ്പെട്ടുള്ളത് എന്നാണ് പൊതുതാത്പര്യഹരജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഹൈക്കോടതിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൃത്യമായ നടപടികളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേരള വഖ്ഫ് സംരക്ഷണവേദി നേതാക്കളായ ടി എം അബ്ദുസ്സലാം, റഷീദ് അറയ്ക്കല്‍, ഇ കെ യൂസുഫ് എന്നിവര്‍ പറഞ്ഞു.