അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: പുനര്‍വിചാരണ വേണമെന്ന് ഇറ്റാലിയന്‍ കോടതി

Posted on: December 17, 2016 11:42 pm | Last updated: December 18, 2016 at 1:24 pm

ന്യൂഡല്‍ഹി: അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് വി വി ഐ പി കോപ്റ്റര്‍ ഇടപാട് കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന ഇറ്റലിയിലെ പരമോന്നത കോടതി വിധി സി ബി ഐ അന്വേഷണത്തില്‍ നിര്‍ണായകമാകും. കഴിഞ്ഞ ആഴ്ചയാണ് ഇറ്റാലിയന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതി കേസില്‍ ഭരണ- പ്രതിപക്ഷം ശക്തമായ വാഗ്വാദങ്ങള്‍ നടത്തുന്നതിനിടെയാണ് കോടതി വിധി. 450 കോടിയുടെ അഴിമതിക്കേസില്‍ വ്യോമസേനാ മേധാവിയായിരുന്ന എസ് പി ത്യാഗിയെ ഈ മാസം പത്തിന് അറസ്റ്റ് ചെയ്തിരുന്നു.
ഫിന്‍മെക്കാനിക്ക കമ്പനിയുടെ മുന്‍ സി ഇ ഒ ഗുസെപ്പെ ഒര്‍സി, അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് മുന്‍ മേധാവി ബ്രൂണൊ സ്പാഗ്‌നോലിനി എന്നിവരെ കഴിഞ്ഞ ഏപ്രിലില്‍ മിലാനിലെ വിചാരണാ കോടതി ശിക്ഷിച്ചിരുന്നു. അഴിമതി, തെറ്റായ രേഖകള്‍ ചമയ്ക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ വിചാരണ കോടതി ശിക്ഷിച്ചത്. ഒര്‍സിയെ നാലര വര്‍ഷവും സ്പാഗ്‌നോലിനിയെ നാല് വര്‍ഷവുമാണ് തടവിന് ശിക്ഷിച്ചത്. ഈ വിധി റദ്ദാക്കിക്കൊണ്ടാണ് മേല്‍ക്കോടതി ഉത്തരവ്.
ഇരുവരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് മേല്‍ക്കോടതി പുനര്‍ വിചാരണ നടത്തുന്നതിന് ഉത്തരവിട്ടത്. മിലാനിലെ അപ്പീല്‍ കോടതിയില്‍ തന്നെയാകും പുനര്‍വിചാരണ നടക്കുക. അറസ്റ്റിലായ എസ് പി ത്യാഗിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് സി ബി ഐ അവകാശപ്പെടുന്നത്. ഇതില്‍ ഭൂരിഭാഗവും ഇറ്റലിയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. നിലവിലെ കോടതി വിധിയില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് ഇവിടെ നടക്കുന്ന കേസിനെയും ബാധിക്കും.
കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്താണ് ഇറ്റാലിയന്‍ കമ്പനിയായ അഗുസ്ത വെസ്റ്റ്‌ലാന്‍ഡില്‍ നിന്ന് പന്ത്രണ്ട് വി വി ഐ പി കോപ്റ്ററുകള്‍ വാങ്ങാന്‍ ധാരണയായത്. 3,700 കോടി രൂപയുടെ കരാറാണ് ഒപ്പുവെച്ചത്. 2012 ഡിസംബറില്‍ മൂന്ന് ഹെലിക്കോപ്റ്ററുകള്‍ നല്‍കുകയും ചെയ്തു.
ആറായിരമടി ഉയരത്തില്‍ പറക്കല്‍ശേഷി ഉണ്ടാകണമെന്ന സാങ്കേതിക നിബന്ധന ഇടപാട് നടക്കുന്ന സമയത്ത് വ്യോമസേനാ മേധാവിയായിരുന്ന എസ് പി ത്യാഗി ഇടപെട്ട് 4,500 അടിയായി കുറച്ച് അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന് കരാര്‍ കിട്ടാന്‍ വഴിയൊരുക്കിയെന്നാണ് സി ബി ഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. തീരുമാനം ഒറ്റക്കല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടായി കൈക്കൊണ്ടതാണെന്നും സാങ്കേതിക മാറ്റം വേണമെന്ന് നിര്‍ദേശിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും ചോദ്യം ചെയ്തപ്പോള്‍ എസ് പി ത്യാഗി വെളിപ്പെടുത്തിയിരുന്നു.
കരാര്‍ ലഭിക്കാന്‍ കോഴ നല്‍കിയെന്ന കാര്യം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഇറ്റാലിയന്‍ അന്വേഷണ ഏജന്‍സി മുമ്പാകെ ഇടനിലക്കാര്‍ വെളിപ്പെടുത്തിയതോടെയാണ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട വലിയ അഴിമതിക്കഥ പുറത്തുവന്നത്. തുടര്‍ന്ന് അന്നത്തെ പ്രതിരോധ മന്ത്രിയായ എ കെ ആന്റണി സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിയുടെ ഇടനിലക്കാരുമായി എസ് പി ത്യാഗിയും ബന്ധുക്കളായ സഞ്ജീവ് ത്യാഗി, രാജീവ് ത്യാഗി തുടങ്ങിയവരും പലകുറി കൂടിക്കാഴ്ച നടത്തിയെന്നും കോഴപ്പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നുമാണ് സി ബി ഐ വാദം. കരാര്‍ തുകയുടെ പന്ത്രണ്ട് ശതമാനം വരുന്ന കോഴപ്പണം ടുനീഷ്യന്‍ കമ്പനിയില്‍ നിന്ന് മൗറീഷ്യസ് വഴി ഇന്ത്യയില്‍ ത്യാഗിയുടെ ബന്ധുക്കളിലേക്ക് എത്തിയെന്നും സി ബി ഐ അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. എസ് പി ത്യാഗിയും ബന്ധുക്കളും ഇറ്റാലിയന്‍ കമ്പനിയുടെ ഇടനിലക്കാരായ ക്രിസ്റ്റ്യന്‍ മിഷല്‍, ഗ്വിഡോ ഹാഷ്‌കെ, കാര്‍ലെ ജെറോസ തുടങ്ങി പതിനെട്ട് പേരാണ് സി ബി ഐയുടെ കേസില്‍ പ്രതിസ്ഥാനത്തുള്ളത്.