Connect with us

National

ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം ഭരണഘടനക്ക് മുകളിലല്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് അനുവദിച്ചു നല്‍കിയ സ്വയംഭരണ അവകാശം ഭരണഘടനക്ക് മുകളിലല്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ അധ്യക്ഷതയിലുള്ള ബഞ്ചിന്റെതാണ് സുപ്രധാന വിധി. ജമ്മു കശ്മീരിന്റെ ഭരണഘടന ഇന്ത്യന്‍ ഭരണഘടനക്ക് തുല്യമാണെന്ന ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ നിരീക്ഷണം തള്ളിക്കൊണ്ടാണ് ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടനക്ക് മുകളില്‍ പരമാധികാരമില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.
ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലാണ്. കശ്മീര്‍ നിവാസികള്‍ ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും അതോടൊപ്പം സംസ്ഥാന ഭരണഘടന അനുസരിച്ചും ജീവിക്കണമെന്നും കോടതി നിരീക്ഷിച്ചു.
കശ്മിരിന്റെ സ്വയംഭരണമെന്ന നിയമ പ്രശ്‌നം പരിഗണിക്കുമ്പോള്‍ സര്‍ഫേസി ആക്ട് കശ്മീരിന് ബാധകമാകുമോ എന്നത് പരിഗണിക്കണമെന്നും അതോടൊപ്പം ജമ്മു കശ്മീര്‍ സ്വത്ത് കൈമാറ്റ നിയമത്തിലെ 140-ാം വകുപ്പ് സര്‍ഫേസി നിയമത്തിന് വിരുദ്ധമായതിനാല്‍ നിയമം നടപ്പാക്കുന്നത് പാര്‍ലിമെന്റിന്റെ അധികാര പരിധിക്ക് പുറത്താണോ എന്നുള്ളതും പരിഗണിക്കണമെന്നും കോടതി പറഞ്ഞു. സര്‍ഫേസി ആക്ട് അനുസരിച്ച് ബേങ്കുകള്‍ക്ക് ജപ്തി നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വത്ത് സംബന്ധിച്ച നിയമ നിര്‍മാണത്തിന് സംസ്ഥാനത്തിനാണ് പൂര്‍ണാധികാരം എന്നാണ് ഹൈക്കോടതി വിധി. ഇതിനെതിരെ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍, കശ്മീരികളുടെ സ്വത്ത് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് വില്‍ക്കാന്‍ കഴിയില്ലെന്നും സര്‍ഫേസി നിയമം കശ്മീരിന് ബാധകമാക്കുമ്പോള്‍ ആര്‍ട്ടിക്കള്‍ 370 പ്രകാരം പാര്‍ലിമെന്റ് അഭിപ്രായം ചോദിക്കേണ്ടതായിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഈ വാദങ്ങളെ തള്ളിയ സുപ്രീം കോടതി, സര്‍ഫേസി ആക്ട് ബേങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കടങ്ങള്‍ തിരിച്ചു പിടിക്കുന്നത് സംബന്ധിച്ചതാണെന്നും അത് കേന്ദ്രത്തിന്റെ അധികാരപരിധിയിലാണെന്നും സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായേണ്ടതില്ലെന്നും അറിയിച്ചു. സര്‍ഫേസി നിയമത്തില്‍ തന്നെ ജമ്മു കശ്മീരിനായി പ്രത്യേക വകുപ്പുണ്ട്. സംസ്ഥാനത്തിന്റെ നിയമവും കേന്ദ്രത്തിന്റെ നിയമവും നേര്‍ക്കുനേര്‍ വരുമ്പോള്‍ സംസ്ഥാന നിയമം വഴിമാറണമെന്നും അറിയിച്ചു.
കശ്മീര്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ ഇന്ത്യന്‍ യൂനിയന്റെ അവിഭാജ്യ ഘടകമാണ് കശ്മീരെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്. കശ്മീരികള്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്ന് കശ്മീര്‍ ഹൈക്കോടതിയെ ഓര്‍മിപ്പിക്കുകയാണ്. കശ്മീരികള്‍ ആത്യന്തികമായി ഇന്ത്യന്‍ പൗരന്‍മാരാണെന്നിരിക്കെ പരമാധികാരമുള്ളവരാണെന്ന് പറയുന്നതിലൂടെ വ്യത്യസ്ത വിഭാഗമാണെന്ന് സ്വയം പറയാന്‍ ശ്രമിക്കുകയാണ്. ഇത് തെറ്റാണെന്ന് ഓര്‍മിപ്പിച്ച സുപ്രീം കോടതി, കശ്മീരികള്‍ക്ക് ഇരട്ടപൗരത്വം അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഒരു വിധി പ്രസ്താവനയില്‍ മൂന്ന് സ്ഥലത്തെങ്കിലും ഇല്ലാത്ത പരമാധികാരത്തെ കുറിച്ച് ഹൈക്കോടതി പറഞ്ഞതിനാലാണ് ഈ നിരീക്ഷണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Latest