മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്കെതിരെ നടപടി

Posted on: December 17, 2016 12:24 pm | Last updated: December 17, 2016 at 12:24 pm

വടകര: വടകര, നാദാപുരം, കുറ്റിയാടിയ ബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ബസുകള്‍ക്കെതിരെ നടപടി. നാദാപുരം ബസ് സ്റ്റാന്‍ഡില്‍ തലശ്ശേരി- പാറക്കടവ് റൂട്ടിലോടുന്ന സ്മാര്‍ട്ട് ബസിന്റെ ഡ്രൈവര്‍ എസ് ഷബീറിന്റെ ലൈസന്‍സിന്റെ കാലാവധി തീര്‍ന്നിട്ട് മൂന്നര മാസമായതിനാല്‍ ഡ്രൈവര്‍ക്കെതിരേയും ബസ് ഉടമക്കെതിരെയും കേസെടുത്തു. പകരം ഡ്രൈവറെ കിട്ടാത്തതിനാല്‍ വാഹനം താത്കാലികമായി സര്‍വീസ് നിര്‍ത്തിവെപ്പിച്ചു. പരിശോധനയില്‍ 15 ബസുകള്‍ക്കെതിരെ നടപടിയെടുത്തു.

വളയം, കല്ലുനിര റൂട്ടില്‍ വച്ച് ഒരു വര്‍ഷത്തിലേറെയായി റോഡ് ടാക്‌സ് അടക്കാതെയും മൂന്ന് മാസത്തിലേറെയായി ഫിറ്റ് സര്‍ട്ടിഫിക്കറ്റില്ലാതെയും അഞ്ച് മാസത്തിലേറെയായി പെര്‍മിറ്റില്ലാതെയും സര്‍വീസ് നടത്തിയ ചരക്ക് വാഹനം പിടിച്ചെടുത്തു. സണ്‍ കണ്‍ട്രോള്‍ ഫിലിം പതിച്ച 12 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.

ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ ഒരു ബൈക്കില്‍ ഹെല്‍മെറ്റ് പോലും ധരിക്കാതെ ഹൈവേയിലൂടെ അപകടകരമായി ഓടിച്ചു വരവേ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനാല്‍ ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ ‘സ്മാര്‍ട്ട് ട്രേയ്‌സ്’ വഴി വാഹന ഉടമയുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും കണ്ടെത്തുകയായിരുന്നു. ലൈസന്‍സില്ലാതെ വാഹനം അപകടരമായി ഓടിച്ചതിനും നിര്‍ത്താതെ പോയതിനും വാഹന ഉടമയായ രക്ഷാകര്‍ത്താവിനെതിരെ കേസെടുത്തു.
രാത്രി പരിശോധയില്‍ ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവ ശരിയായ വണ്ണം പ്രകാശിക്കാതിരുന്ന 10 വാഹനങ്ങള്‍ക്കെതിരേയും അനധികൃതമായി കളര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച അഞ്ച് വാഹനങ്ങള്‍ക്കെതിരേയും ലൈസന്‍സില്ലാതെ വാഹനമോടിച്ച 10 പേര്‍ക്കെതിരേയും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത മൂന്ന് വാഹനങ്ങള്‍ക്കെതിരേയും അപകടകരമായി വാഹനം ഓടിച്ച മൂന്ന് പേര്‍ക്കെതിരേയും ഹെല്‍മെറ്റ് ധരിക്കാത്ത 16 പേര്‍ക്കെതിരേയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ച ഒരാള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. ടാക്‌സ് അടയ്ക്കാത്ത ആറ് വാഹനങ്ങള്‍ പിടിച്ചെടുത്തു.

മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ സലിം വിജയകുമാര്‍, ദിനേശ് കീര്‍ത്തി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വി ഐ അസീം, ഡി കെ ഷീജി, വിജിത്ത്കുമാര്‍ പങ്കെടുത്തു.