Connect with us

Palakkad

പേര്യ 38ലെ കിണറും ടാങ്കും നോക്കുകുത്തി; കുടിവെള്ളമില്ലാതെ കുടുംബങ്ങള്‍

Published

|

Last Updated

മാനന്തവാടി: ജില്ല കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും കിണറും, ടാങ്കും നിര്‍മ്മിച്ച് 10 വര്‍ഷം കഴിഞ്ഞിട്ടും കുടിവെള്ളം കിട്ടാക്കനിയായി നിരവധി കുടുംബങ്ങള്‍.
തവിഞ്ഞാല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പേര്യ 38 ലെ 30 ഓളം വീട്ടുകാരാണ് വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നത്. കുടിവെള്ള പദ്ധതിക്കായി 10 വര്‍ഷം മുമ്പാണ് 9 ലക്ഷത്തോളം രൂപ ചിലവഴിച്ച് കിണറും അതിനോട് ചേര്‍ന്ന് പമ്പ് ഹൗസും 250 മീറ്റര്‍ അകലെ കുന്നിന്‍ മുകളിലായി 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും നിര്‍മ്മിച്ചത്.തുടര്‍ന്ന് പൈപ്പ് സ്ഥാപിക്കുന്ന പ്രവര്‍ത്തി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

എന്നാല്‍ ഈ ഇത് പൂര്‍ത്തീകരിക്കാന്‍ തയ്യാറാകാത്തതാണ് കുടിവെള്ള വിതരണത്തിന് ഏക തടസ്സം. അതെ സമയം പൈപ്പ് സ്ഥാപിക്കുന്നതിനുള്ള തുക ഇതിനോടകം കൈപ്പറ്റിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്. വനത്തോട് ചേര്‍ന്ന് വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്തെ മലയിടുക്കില്‍ നിന്നുള്ള വെള്ളം ശേഖരിച്ചാണ് പ്രദേശവാസികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. വെള്ളത്തിനായി കുന്നിറങ്ങുന്ന വീട്ടമ്മമാര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്.

നവംബറോടെ ഈ വെള്ളവും വറ്റും. മലയടിവാരത്ത് വെള്ളത്തിനായി കേണികള്‍ നിര്‍മ്മിച്ചാല്‍ വന്യമൃഗങ്ങളുടെ സ്വൈരവിഹാരം മൂലം കേണികളും ഉപയോഗ യോഗ്യമല്ലാതായി മാറുകയാണ്. പ്രദേശത്തെ അംഗന്‍വാടിയിലെ കുട്ടികളും ദൈനംദിന ആവശ്യങ്ങള്‍ക്ക് വെള്ളമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്.പ്രശ്‌ന പരിഹാരമാവശ്യപ്പെട് ഗ്രാമസഭ മുതല്‍ ജില്ലാ കലക്ടര്‍ക്ക് വരെ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികളും ഈ കുടുംബങ്ങളുടെ ആവശ്യത്തിന് നേരെ കണ്ണടക്കുകയാണ്.തങ്ങളുടെ ദൈനംദിന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനമായ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിരാഹാര മടക്കമുള്ള സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ഈ കുടുംബങ്ങള്‍.