Connect with us

Palakkad

നെല്ലിയാമ്പതിയില്‍ ഓറഞ്ച് കൃഷിക്ക് പുതുജീവന്‍

Published

|

Last Updated

പാലക്കാട്: നെല്ലിയാമ്പതി ഗവ.ഓറഞ്ച് ആന്‍ഡ് വെജിറ്റബ്ള്‍ ഫാമിന്റെ സമഗ്ര വികസനത്തിനായി രാഷ്ട്രീയ കൃഷിവികാസ് യോജനയിലുള്‍പ്പെടുത്തി (ആര്‍ കെ വി വൈ)ട്രെയിനീസ് ഹോസ്റ്റല്‍ നിര്‍മിക്കുന്നു.

ഒരു കോടി ചെലവില്‍ നിര്‍മിക്കുന്ന ഹോസ്റ്റലിന്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് മൂന്നിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും.പരിപാടിയോടനുബന്ധിച്ച് ഓറഞ്ച് കൃഷി പുനരുജ്ജീവന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്യും.
ഫാമില്‍ പരിശീലനത്തിലെത്തുന്നവര്‍ക്കാണ് ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. ഓറഞ്ച് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി 25 ഹെക്ടര്‍ സ്ഥലത്ത് നാലായിരം ഓറഞ്ച് തൈകള്‍ 50 ലക്ഷം രൂപ ചെലവിട്ട് നടും. തൈകളുടെ സംരക്ഷണത്തിനായി ട്രീഗാര്‍ഡും ജലസേചന സൗകര്യങ്ങളും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപിപ്പിക്കുന്നതിന് പുതിയ പന്തല്‍ നിര്‍മിക്കാന്‍ എട്ട് ലക്ഷം , പോളിഹൗസുകളില്‍ പുതിയ യു.വി.ഷീറ്റുകള്‍ക്കായി 10 ലക്ഷം, 15 ലേബര്‍ ക്വാര്‍ട്ടേര്‍സുകളുടെ അറ്റകുറ്റപ്പണിക്കായി 25 ലക്ഷം, നാല് പമ്പ് ഹൗസുകള്‍ക്കായി 10 ലക്ഷം , സ്റ്റാഫ് ക്വാര്‍ട്ടേസ് അറ്റകുറ്റപ്പണിക്കായി 15 ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
ശീതകാല പഴം-പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിലൂടെ നെല്ലിയാമ്പതി ഫാം ടൂറിസം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

“ഫ്രൂട്ടിനല്‍” എന്ന പേരില്‍ സ്‌ക്വാഷുകള്‍ , ജെല്ലികള്‍ , അച്ചാറുകള്‍ ,ജാമുകള്‍ ഫാമില്‍ വില്‍പന നടത്തുന്നുണ്ട്. ഇതിലൂടെ പ്രതിവര്‍ഷം 25 ലക്ഷം രൂപയാണ് ഫാമിന്റെ വരുമാനം. ഫാമില്‍ പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കൃഷി വകുപ്പിന് കൂടുതല്‍ വരുമാനം കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടന പരിപാടിയില്‍ കെ.ബാബു എം എല്‍ എ അധ്യക്ഷനാവും.
പി കെ ബിജു എം പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി , കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ , കാര്‍ഷികോത്പന്ന കമ്മീഷനര്‍ ഡോ: രാജു നാരായണസ്വാമി ,നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി രാമകൃഷ്ണന്‍, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ജിന്‍സി , ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗീത ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും.

Latest