ഹോട്ടല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

Posted on: December 17, 2016 11:16 am | Last updated: December 17, 2016 at 11:16 am

മഞ്ചേരി: ഹോട്ടല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുമെന്ന് കെട്ടിട ഉടമ ഭീഷണിപ്പെടുത്തിയതായി നടത്തിപ്പുകാരന്‍ മഞ്ചേരി പോലീസില്‍ പരാതി നല്‍കി. മഞ്ചേരി മേലാക്കം പൊന്നൂസ് തട്ടുകട ഉടമ നെല്ലിക്കുത്ത് ഊരക്കോടന്‍ അനീസാണ് പരാതി നല്‍കിയത്.

പുല്ലൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. രണ്ട് വര്‍ഷം മുമ്പ് ഹോട്ടല്‍ നടത്തുന്നതിനായി അനീസിന് വാടകക്ക് നല്‍കിയതായിരുന്നു. കെട്ടിടം അധിക വാടകക്ക് നല്‍കുന്നതിനായി ഉടമ അനീസിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ ഈയിടെ ഏറെ പണം മുടക്കിയാണ് സ്ഥാപനം സൗകര്യപ്പെടുത്തിയതെന്ന് പറഞ്ഞെങ്കിലും ഉടമ സമ്മതിച്ചില്ല. തുടര്‍ന്ന് അനീസ് കോടതിയെ സമീപിച്ച് ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ നേടി. ഇന്‍ജംഗ്ഷന്‍ ഓര്‍ഡറില്‍ കെട്ടിടം ഒഴിപ്പിക്കുകയോ കച്ചവടത്തിന് തടസം നില്‍ക്കുകയോ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

തുടര്‍ന്ന് സമവായ ചര്‍ച്ചക്കെത്തിയ ഉടമ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചെങ്കിലും കേസ് പിന്‍വലിച്ച ശേഷം നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ല.
കട ഒഴിഞ്ഞു തരണമെന്ന് ആവശ്യപ്പെട്ട് ഉടമയും മക്കളും വീണ്ടും പ്രശ്‌നങ്ങളാരംഭിച്ചപ്പോള്‍ അനീസ് മഞ്ചേരി മുന്‍സിഫ് കോടതിയെ സമീപിക്കുകയും ഒരിക്കല്‍ കൂടി ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ സമ്പാദിക്കുകയും ചെയ്തു. കോടതി അഡ്വ. കെ മുഹമ്മദ് ശാഫിയെ കമ്മീഷണറായി നിയമിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 15ന് ഉച്ചക്ക് മൂന്നര മണിക്ക് കമ്മീഷന്‍ കടയിലെത്തി പരിശോധന നടത്തുന്നതിനിടെ കെട്ടിട ഉടമയുടെ മകന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗുണ്ടകള്‍ കടയിലെത്തി ഷട്ടര്‍ താഴ്ത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസും വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കളും എത്തിയാണ് രംഗം ശാന്തമാക്കിയത്.

രാത്രി വീണ്ടുമെത്തിയ സംഘം തന്നെ വാഹനം ഇടിച്ച് കൊലപ്പെടുത്തും, ജെ സി ബി ഉപയോഗിച്ച് കട പൊളിക്കും, ഭക്ഷണത്തില്‍ വിഷം കലര്‍ത്തും, കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ത്തും എന്നിങ്ങനെ ഭീഷണിപ്പെടുത്തിയതായി അനീസ് മഞ്ചേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ അടിയന്തിര അന്വേഷണം നടത്തി സമാധാനപരമായി കച്ചവടം ചെയ്യുന്നതിന് സാഹചര്യം ഒരുക്കണമന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നീലകണ്ഠന്‍ എന്ന സ്വാമി, രഘു പുഷ്പ, ശാഫി ഹിറ റെസ്റ്റ്, ശംഭു കൃഷ്ണ, അനീസ് പങ്കെടുത്തു.