Connect with us

Articles

താമരശ്ശേരി ചുരം കയറിച്ചെല്ലുമ്പോള്‍

Published

|

Last Updated

സമ്പുഷ്ടമായ സസ്യജന്തു വൈവിധ്യങ്ങള്‍, ചിറകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ജല സ്രോതസ്സുകള്‍, മഞ്ഞ് പുതച്ച തോട്ടങ്ങള്‍, തണുത്തകാറ്റ്, പേരിനെ അന്വര്‍ഥമാക്കുന്ന നെല്‍വയലുകള്‍ സഞ്ചാരികളുടെ മനസ്സില്‍ വയനാട് എന്നും കാല്‍പ്പനികതയുടെ ഒരു കുളിരാണ്. അടിവാരത്ത് നിന്നും ചുരം കയറി തുടങ്ങുന്നതോടെ തണുപ്പ് ശരീരത്തിലൂടെ അരിച്ചിറങ്ങും. ലക്കിടിയിലെ ചങ്ങല മരത്തിനടുത്തെത്തുമ്പോള്‍ കൊടുംതണുപ്പ് വരിഞ്ഞുമൂടും. ഭൗമശാസ്ത്ര ഘടനപരമായ സ്വഭാവ വിശേഷങ്ങളുള്ള വയനാടിന്റെ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും 90കള്‍ക്ക് മുമ്പത്തെ സ്ഥിതിയായിരുന്നു ഇത്.

എന്നാല്‍ വയനാടും ഇന്ന് ഒരു എയര്‍കണ്ടീഷന്‍ ജില്ലയാണ്. പച്ചപ്പും തണുപ്പും ഏറെ മെലിഞ്ഞൊട്ടിയിരിക്കുന്നു. കൊടുചൂടില്‍ കൃഷികള്‍ നശിച്ചു. കുടിവെള്ളത്തിനായി ജനം വലയുന്നു. സൂര്യാഘാതമേറ്റ് ആളുകള്‍ മരണപ്പെടുന്നു. വനവിസ്തൃതി കുറയുന്നു. കാട്ടിലെ സ്വാഭാവിക ജലസ്രോതസ്സുകള്‍ വറ്റിവരണ്ട് കുടിവെള്ളത്തിനായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നു. ഉച്ചവെയില്‍ പോലും കുളിര് ചൊരിഞ്ഞിരുന്ന വയനാടിന്റെ ഇന്നത്തെ അവസ്ഥയാണിത്.
മഴയായിരുന്നു വയനാടന്‍ പച്ചപ്പിന്റെ ആധാരം. മഴയുടെ വലിയ തോതിലുള്ള കുറവ് ഈ കാര്‍ഷിക, മലയോര ജില്ലയുടെ ആവാസ വ്യസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്തെ നാല് വരള്‍ച്ചാ ബാധിത ജില്ലകളില്‍ ഒന്നാണ് വയനാട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴയുടെ ഓരോ വര്‍ഷത്തെയും മൊത്തം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അളവില്‍ ഭീമമായ കുറവാണ് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയ ജില്ല വയനാടാണ്. 59 ശതമാനം മഴയുടെ കുറവാണ് വയനാട്ടിലുണ്ടായത്. മണ്‍സൂണ്‍ കാലത്തും കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. 2016 ജനുവരി മുതല്‍ ജൂലൈ 21വരെ വയനാട്ടില്‍ ലഭിച്ചത് ആകെ 942 മില്ലീമീറ്റര്‍ മഴയാണെന്നാണ് കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലുള്ള അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ലഭിക്കേണ്ട ശരാശരി മഴ 1400 മില്ലിമീറ്ററാണ്. 2015ല്‍ 1800 മില്ലിമീറ്റര്‍ മഴ ലഭിച്ചിട്ടും കടുത്ത വരള്‍ച്ച വയനാട്ടിലുണ്ടായി എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രാദേശികമായി ഓരോ സ്ഥലത്തിലും ലഭിക്കുന്ന മഴയുടെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും അവയെല്ലാം സൂചിപ്പിക്കുന്നത് വയനാട്ടില്‍ മഴയുടെയും കാവാസ്ഥയുടെയും താളംതെറ്റലാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കുപ്രകാരവും കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് വയനാട്. മഴ ലഭ്യത കുറവിനൊപ്പം ഈര്‍പ്പം കൂടിയ പ്രദേശങ്ങള്‍ കുറയുന്നതും വയനാടിന്റെ വരള്‍ച്ചയുടെ തോത് വര്‍ധിപ്പിക്കുന്നതായി കലാവസ്ഥ വിദഗ്ധര്‍ പറയുന്നു. മഴ ദൗര്‍ലഭ്യം മൂലം ജലസ്രോതസ്സുകള്‍ വറ്റിവരണ്ട് വയനാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത് കഴിഞ്ഞ വര്‍ഷം ദര്‍ശിച്ചതാണ്. കഴിഞ്ഞ വര്‍ഷത്തിലേതിലും പരിതാപകരമായ അവസ്ഥയാണ് ഇത്തവണ വയനാട് കാത്തിരിക്കുന്നതെന്നാണ് കാലാവസ്ഥ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ആഗോളതാപനവും അന്തരീക്ഷത്തിലെ മറ്റ് വ്യതിയാനങ്ങളുമാണ് കലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാല്‍ വയനാടിന്റെ സ്ഥിതി മറിച്ചാണ്. മനുഷ്യ നിര്‍മിതമായ ദുരന്തത്തിന്റെ ഒരു ശേഷിപ്പാണ് ഇന്ന് വയനാട്. 14 വില്ലേജുകളിലായി രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള 514 പ്രദേശങ്ങള്‍ വയനാട്ടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായാണ് കണക്കാക്കപ്പെടുന്നത്. തിരുനെല്ലി, പേരിയ, തൊണ്ടര്‍നാട്, കിടങ്ങാട്, നൂല്‍പ്പുഴ, തരിയോട്, അച്ചൂര്‍, പൊഴുതന, മേപ്പാടി, ചുണ്ടേല്‍, വെള്ളരിമല തുടങ്ങി വില്ലേജുകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളെല്ലാം മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ മൂലം വലിയ തോതിലുള്ള പ്രകൃതി നശീകരണമാണ് ഉണ്ടായതെന്ന് ഗാഡ്കില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മരങ്ങല്‍ മുറിച്ചുമാറ്റപ്പെട്ടു. കുന്നുകള്‍ ഇടിച്ചുനിരത്തി, മണലൂറ്റലില്‍ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടു, പാറ ഖനനവും ക്വാറി പ്രവര്‍ത്തനവും കാരണം സമ്പുഷ്ടമായ സസ്യ- ജൈവ സമ്പത്ത് നിറഞ്ഞ കുന്നുകള്‍ വരെ നിരപ്പായി. അതീവ സംരക്ഷിത പ്രദേശങ്ങളില്‍ പോലും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞു. പരിസ്ഥിതിലോല മേഖലകള്‍ റിസോര്‍ട്ട് മാഫിയകള്‍ കൈയടക്കി. അമിതമായ കീടനാശിനി പ്രയോഗം വയനാടിന്റെ അന്തരീക്ഷം മലിനമാകുകയും പച്ചപ്പ് നശിക്കുകയും ചെയ്തു. കാട്ടുതീ കാരണം വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകിടം മറിഞ്ഞു. വലിയ തോതില്‍ കാടുകള്‍ ചുട്ടെരിക്കപ്പെട്ടു. വയനാട്, മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ വിസ്തീര്‍ണം പകുതിയോളം ചുരുങ്ങി.

വയനാട്ടിലെ ഏറ്റവും തണുത്ത പ്രദേശങ്ങളായിരുന്നു വൈത്തിരി പഞ്ചായത്തിലെ ലക്കിടിയും പരിസരവും. വലിയ തോതില്‍ മഴ ലഭിച്ചിരന്ന ഇവിടെ കേരളത്തിന്റെ ചിറാപുഞ്ചി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഉച്ചസമയത്ത് പോലും മൂടല്‍ മഞ്ഞ് നിറഞ്ഞ പ്രദേശമായിരുന്ന ഇവിടെ വൃശ്ചിക മാസത്തില്‍ പോലും ഇപ്പോള്‍ കടുത്ത തണുപ്പില്ല. മഴക്കാലത്ത് പോലും വേണ്ട അളവില്‍ മഴ ലഭിക്കുന്നില്ല. കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞ ഈ പ്രദേശം ഇന്ന് റിസോര്‍ട്ട് മാഫിയകളുടെ പിടിയിലാണ്. നൂറിലധികം റിസോര്‍ട്ടുകളും അമ്പതിലധികം ഹോം സ്റ്റേകളുമാണ് വൈത്തിരി പഞ്ചായത്തില്‍ മാത്രമായുള്ളത്. ചുരം കയറി വരുന്ന പ്രദേശത്തുള്ള രണ്ട് വാര്‍ഡുകളില്‍ സാധാരണക്കാര്‍ വീട് വിട്ടൊഴിയുകയാണ്. ഇവരുടെ വീടും സ്ഥലവും വലിയ വിലക്ക് റിസോര്‍ട്ട് ലോബികള്‍ കൈക്കലാക്കുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിനെ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരും താെഴക്കിടയിലുള്ള രാഷ്ട്രീയ- ഭരണ നേതൃത്വവും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നു. ദേശീയ- സംസ്ഥാന രാഷ്ട്രീയത്തിലെ വലിയ നേതാക്കള്‍ക്ക് പോലും ബിനാമി പേരില്‍ ഇവിടെ റിസോര്‍ട്ടുകളുണ്ട്. വൈത്തിരി പഞ്ചായത്തിലെ മാത്രം അവസ്ഥയല്ലിത്. വയനാട്ടില്‍ ഏറെ തണുപ്പ് ലഭിക്കുന്ന പ്രദേശങ്ങളായ തോല്‍പ്പെട്ടി, തരിയോട്, മേപ്പാടി, വടുവംഞ്ചാല്‍ എന്നിവിടങ്ങളിലെ തോട്ടങ്ങളും കൃഷിഭൂമികളുമെല്ലാം റിസോര്‍ട്ട് ലോബികളുടെ നിയന്ത്രണത്തിലാണ്.
നെല്‍വയലുകള്‍ നിറഞ്ഞ വയല്‍നാടാണ് പിന്നീട് വയനാട് എന്ന നാമത്തിലേക്ക് ലോപിച്ചത്. വയനാട്ടിലെ പ്രദേശങ്ങളുടെ പേരുകളിലതികവും വയല്‍ എന്ന വാക്കിനാല്‍ പരിഗ്രഹിക്കപ്പെട്ടതാണ്. ഗന്ധകശാലയും മറ്റും വിളഞ്ഞ് നിന്നിരുന്ന ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി വയനാട്ടിലുണ്ടായിരന്നു. എന്നാല്‍ പേരിന് പോലും നെല്‍വയലുകള്‍ ഇല്ലാത്ത അവസ്ഥയിലേക്കാണ് ഈ നാട് പോകുന്നത്. വയനാട്ടിലെ കര്‍ഷകരില്‍ 90 ശതമാനവും നെല്‍കൃഷി ഉപേക്ഷിച്ചു. വയനാട്ടിലെ അവശേഷിക്കുന്ന നെല്‍കൃഷി നൂല്‍പ്പുഴ പഞ്ചായത്തില്‍ മാത്രം ഒതുങ്ങുന്നു.
ബത്തേരി താലൂക്കിലെ വില്ലേജുകളിലെ കര്‍ഷകരുടെ പ്രധാന ജലസ്രോതസ്സായിരുന്നു കബനി നദി. മഴയുടെ ചെറിയ കുറവുണ്ടായപ്പോള്‍ കനത്ത ചൂടിനെ തുടര്‍ന്ന് കബനി നദി കഴിഞ്ഞ വര്‍ഷം വറ്റിവരണ്ടു. കര്‍ണാടകയുടെ അതിര്‍ത്തി പഞ്ചായത്തായ മുളങ്കൊല്ലിയിലെയും സമീപത്തെയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടി. ഹെക്ടര്‍ കണക്കിന് കൃഷി നശിക്കുകയും വന്യ മൃഗങ്ങളും വളര്‍ത്തു മൃഗങ്ങളും അടക്കം നൂറ്കണക്കന് ജീവജാലങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്തു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി തുടങ്ങിയ വയനാട്ടിലെ നഗര പ്രദേശങ്ങളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷം കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു. കനത്ത ചൂടില്‍ കല്‍പ്പറ്റക്കടുത്ത പുത്തൂര്‍വയലില്‍ ആദിവാസി യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു.
വേണ്ട സമയത്ത് മഴയില്ലാത്തിനാല്‍ കുരുമുളക്, കാപ്പി, ഇഞ്ചി തുടങ്ങിയവയുടെ ഉത്പാദനത്തില്‍ ഇത്തവണ വലിയ കുറവുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് വയനാടിന്റെ സമ്പത്‌വ്യവസ്ഥയയെയും കാര്യമായി ബാധിക്കും. ജില്ലക്കായി സമഗ്ര വരള്‍ച്ചാ നിവാരണ പദ്ധതി അനിവാര്യമായിരിക്കുകയാണ്. നിലവിലുള്ള കുടിവെള്ള സ്രോതസ്സുകള്‍ നവീകരിച്ചും അരുവികളും കനാലുകളും പുഴകളും അരിക് കെട്ടി സംരക്ഷിച്ചും ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് തടഞ്ഞും പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ വയനാടിനെ കാത്തിരിക്കുന്നത് വലയി ദുരന്തമാകും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു പൊരുത്തം തിരിച്ചുപിടിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും നാളില്‍ വിദര്‍ഭക്ക് സമാനമായ വരള്‍ച്ചായാണ് വയനാടിനെ കാത്തിരിക്കുന്നതെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെയും കാലാവസ്ഥ രംഗത്തുള്ളവരുടെയും മുന്നറിയിപ്പ്.

നാളെ: എല്ലാം കടലെടുക്കുന്ന കാലം

 

---- facebook comment plugin here -----

Latest