Connect with us

International

അലെപ്പോ: ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി

Published

|

Last Updated

അലെപ്പോ: വിമതര്‍ക്കെതിരെ സൈനിക മുന്നേറ്റം ശക്തമായ അലെപ്പോയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി. സന്നദ്ധ സംഘടനയായ ഇന്റര്‍നാഷനല്‍ റെഡ് ക്രോസി (ഐ സി ആര്‍ സി)ന്റെയും സിറിയന്‍ അറബ് റെഡ് ക്രസന്റിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. വിമതരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങളെയാണ് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നത്.
അതേസമയം, രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും സംഘര്‍ഷ ഭൂമിയില്‍ കുടുങ്ങിയ സാധാരണക്കാരെ രക്ഷപ്പെടുത്താനും സൗകര്യമേര്‍പ്പെടുത്താന്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും 13 ആംബൂലന്‍സും 20 ബസുകളും ഒഴിപ്പിക്കല്‍ യജ്ഞത്തിന് മുന്നിലുണ്ട്. ലോക ആരോഗ്യ സംഘടനകളുടെ 21 ബസുകളും 19 ആംബുലന്‍സുകളും അലെപ്പോയിലുണ്ട്. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പശ്ചിമ അലെപ്പോയിലെ ഗ്രാമ പ്രദേശങ്ങളിലേക്കാണ് ഇവരെ ഒഴിപ്പിക്കുന്നത്. ആയിരക്കണക്കിനാളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കാനുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
വൃദ്ധര്‍, പരുക്കേറ്റവര്‍, രോഗികള്‍, സ്ത്രീകള്‍, കുട്ടിങ്ങള്‍ എന്നിങ്ങനെയുള്ള ദുര്‍ബല വിഭാഗങ്ങളെയാണ് ആദ്യഘട്ടത്തില്‍ സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുക. വിമതര്‍ക്ക് സ്വാധീനമുള്ള ജില്ലക്ക് സമീപത്തെ റമൂസാഹിലാണ് രക്ഷ നേടി ജനങ്ങളും സന്നദ്ധസംഘടനകളും ഒത്തുകൂടിയത്.
അതിനിടെ, അലെപ്പോയില്‍ നിന്ന് വിമതരെ തുടച്ച് നീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ തന്നെയാണ് സിറിയന്‍ സൈന്യത്തിന്റെ ശ്രമം. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സിറിയന്‍ സൈന്യം വന്‍ സൈനിക സന്നാഹവുമായാണ് കിഴക്കന്‍ അലെപ്പോയില്‍ നിലയുറപ്പിച്ചത്. വെടിനിര്‍ത്തലിന്റെ മറവില്‍ ആക്രമണം അഴിച്ചുവിടാനുള്ള വിമതരുടെ ശ്രമം തകര്‍ക്കാനുള്ള പദ്ധതിയും സൈന്യം ഒരുക്കുന്നുണ്ട്.
അതേസമയം, അലെപ്പോയില്‍ നിന്നെത്തിയവര്‍ക്കൊരുക്കിയ അഭയാര്‍ഥി ക്യാമ്പുകളിലെ ജനജീവിതം ദുരന്ത തുല്യമായിരിക്കുകയാണെന്ന് യു എന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പലായനം ചെയ്‌തെത്തുന്നവര്‍ക്ക് ആവശ്യ സഹായമെത്തിക്കാന്‍ പാടുപെടുകയാണ് സന്നദ്ധ സംഘടനകള്‍.