നിരോധിച്ച നോട്ടുകള്‍: റിസര്‍വ് ബേങ്ക് കണക്കുകളില്‍ ധനമന്ത്രാലയത്തിന് അവിശ്വാസം

Posted on: December 16, 2016 6:30 am | Last updated: December 16, 2016 at 12:32 am

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും തിരിച്ചെത്തിയെന്ന് വ്യക്തമാക്കി റിസര്‍വ് ബേങ്ക് പുറത്ത് വിട്ട കണക്കുകളില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് അവിശ്വാസം. ഇതുസംബന്ധിച്ച കണക്കുകള്‍ ഒന്നു കൂടി പരിശോധിക്കണമെന്നും ഇരട്ടഗണന വന്നതായി സംശയിക്കുന്നതായും ധനകാര്യ സെക്രട്ടറി ശക്ത കാന്ത ദാസ് പറഞ്ഞു. അസാധുവാക്കപ്പെട്ട 500, 1,000 നോട്ടുകളില്‍ മൊത്തം 12.44 ലക്ഷം കോടി തിരിച്ചെത്തിയെന്നാണ് ആര്‍ ബി ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മൊത്തം അസാധുവാക്കിയതിന്റെ മൂല്യം 14.42 ലക്ഷമാണ്. അതോടെ കള്ളപ്പണം പിടിക്കാനായിരുന്നു അസാധുവാക്കല്‍ പ്രഖ്യാപനമെന്ന അവകാശ വാദം പൊളിയുമെന്നുറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് കണക്കുകള്‍ ഒന്നു കൂടി കൂട്ടി നോക്കാന്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ‘12.44 ലക്ഷം കോടി തിരിച്ചെത്തിയെന്നാണ് ആര്‍ ബി ഐ പറയുന്നത്. എന്നാല്‍ ഇതില്‍ ഇരട്ടഗണന ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ധനകാര്യ മന്ത്രാലയം കരുതുന്നു. ഒരു സംഖ്യ തന്നെ പല തവണ കണക്കിലെടുത്തിട്ടുണ്ടാകാം. കര്‍ക്കശമായ പരിശോധന ആവശ്യമുള്ള മേഖലയാണിത്. തെറ്റുതിരുത്തലും പരിശോധനയും കൃത്യമായി നടക്കണമെന്ന് ആര്‍ ബി ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്’ – ദാസ് പറഞ്ഞു.

12.44 ലക്ഷം കോടി തിരിച്ചെത്തിയെന്നത് ഈ മാസം പത്ത് വരെയുള്ള കണക്കാണ്. സഹകരണ ബേങ്കുകളില്‍ ഉള്ള പഴയ നോട്ടുകള്‍ ഇതില്‍ പെടുത്തിയിട്ടില്ല. അസാധു നോട്ടുകള്‍ ബേങ്കില്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ അവസാനം വരെ സമയമുണ്ട് താനും. ഭൂട്ടാന്‍ നോപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ പഴയ ഇന്ത്യന്‍ നോട്ടുകള്‍ ഉണ്ട്. ഇതെല്ലാം കൂടി കണക്കെടുക്കുമ്പോള്‍ അസാധുവാക്കിയ മുഴുവന്‍ പണവും തിരിച്ചെത്തുമെന്നതാണ് കേന്ദ്ര സര്‍ക്കാറിനെ കുഴക്കുന്നത്. ഇതോടെ കള്ളപ്പണം പിടിക്കാനായിരുന്നു തീരുമാനമെന്ന വാദം പൊളിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് റെയുഡുകള്‍ കര്‍ശനമാക്കിയതും ഡിജിറ്റലൈസേഷനാണ് ലക്ഷ്യമെന്ന പുതിയ വാദം മുന്നോട്ട് വെച്ചതും.