Connect with us

Eranakulam

പെട്രോള്‍, ഡീസല്‍ വില വര്‍ധന; കോടികളുടെ അധിക വരുമാനമുണ്ടായിട്ടും വര്‍ധനവ് തടയുന്നില്ല

Published

|

Last Updated

കൊച്ചി: പെട്രോള്‍, ഡീസല്‍ വില ഇടക്കിടെ വര്‍ധിച്ചതിലൂടെ സര്‍ക്കാറിന് കോടികളുടെ അധിക വരുമാനമുണ്ടായിട്ടും വില വര്‍ധനവ് തടയാന്‍ അത് ഉപയോഗപ്പെടുത്തിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 66.24 കോടി രൂപയുടെ അധിക വരുമാനമാണ് ഈ ഇനത്തില്‍ കേരളാ സര്‍ക്കാറിന് ലഭിച്ചതെന്നാണ് എല്‍ ഡി എഫ് അധികാരത്തിലെത്തിയ കഴിഞ്ഞ മെയ് 25 മുതല്‍ സെപ്തംബര്‍ മാസം വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.
സെപ്തംബര്‍ മാസം വരെ പെട്രോളിന്റെ വില ആറ് തവണയും ഡീസലിന്റെ വില നാല് തവണയും വര്‍ധിച്ചിട്ടുണ്ട്. അതിന് ശേഷം നവംബര്‍ വരെയുള്ള വില വര്‍ധനവ് കൂടി കണക്കിലെടുത്താല്‍ 100 കോടിയോളം രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്.

2015 – 2016 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില്‍പന നികുതി ഇനത്തില്‍ 5689. 55 കോടി രൂപ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡീസലിന് 3138.48 കോടി, പെട്രോളിന് 2551. 07 കോടി രൂപ എന്നിങ്ങനെയാണ് ലഭിച്ചത്. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പെട്രോളിന്റെ അടിസ്ഥാന വിലയില്‍ 28 തവണ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതില്‍ നാല് തവണ റവന്യു ന്യൂട്രല്‍ റേറ്റ് കണ്ടെത്തി നികുതി നിരക്ക് കുറച്ച് ക്രമീകരിച്ചിട്ടുണ്ട്.
ഡീസലിന്റെ അടിസ്ഥാന വിലയില്‍ 34 തവണ വര്‍ധനയുണ്ടായപ്പോള്‍ രണ്ട് തവണ നികുതി നിരക്ക് കുറച്ച് ക്രമീകരിച്ചിരുന്നു. 2011 മെയ് 14ന് പെട്രോളിന്റെ വില വര്‍ധിച്ചപ്പോള്‍ അധിക റവന്യൂ വരുമാനമായി പ്രതിമാസം ലഭിക്കുമായിരുന്ന 11 കോടി രൂപയും 2011 സെപ്തംബര്‍ 16, 2011 നവംബര്‍ മൂന്ന്, 2012 മെയ് 24 തീയതികളില്‍ വില വര്‍ധിച്ചപ്പോള്‍ പ്രതിമാസം യഥാക്രമം ലഭിക്കുമായിരുന്ന 9.08, 5.10, 22.48 കോടി രൂപയുമാണ് നികുതി നിരക്ക് കുറച്ചു ക്രമീകരിച്ചതു വഴി കഴിഞ്ഞ സര്‍ക്കാര്‍ വേണ്ടെന്നു വച്ചിട്ടുള്ളത്.
വില വര്‍ധനവ് മൂലം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 3176.28 കോടി രൂപ അധിക നികുതി വരുമാനം ലഭിച്ചിട്ടുണ്ട്. 2011 ജൂണ്‍ 25ന് ഡീസല്‍ വില വര്‍ധിച്ചപ്പോള്‍ 13.07 കോടി രൂപ ഇപ്രകാരം വേണ്ടെന്ന് വെച്ചിരുന്നു. കൂടാതെ 2012 സെപ്തംബര്‍ 14നും ഇത്തരത്തില്‍ ഡീസല്‍ വില വര്‍ധനവുണ്ടായപ്പോള്‍ ലഭിക്കുമായിരുന്ന 19.95 കോടി രൂപ അന്നത്തെ സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചിരുന്നു.