ഡി എഫ് എ; ആദ്യഘട്ടത്തില്‍ 12 കോടിയുടെ പദ്ധതികള്‍

Posted on: December 15, 2016 9:00 pm | Last updated: December 15, 2016 at 9:00 pm
ഡി എഫ് എ ഉദ്ഘാടന ചടങ്ങില്‍ നിന്ന്

ദുബൈ ഫ്യൂചര്‍ ആക്‌സിലറേറ്റേഴ്‌സ് പ്രോഗ്രാമി(ഡി എഫ് എ)ന്റെ പ്രഥമഘട്ടത്തില്‍ 12 കോടിയുടെ 19 പദ്ധതികള്‍ക്ക് ധാരണയായി. ഡി എഫ് എ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി അറിയിച്ചതാണിത്. ഏഴ് ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലാണ് പദ്ധതികള്‍. മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഹൈപ്പര്‍ലൂപ് അടക്കമുള്ള 14 ബഹുരാഷ്ട്ര കമ്പനികള്‍ ദുബൈയിലേക്ക് ആസ്ഥാനം മാറ്റാന്‍ തീരുമാനിച്ചതായും സംഘാടകരായ ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, ഗതാഗതം, അടിസ്ഥാന സൗകര്യവികസനം, സാങ്കേതികത, ഗതാഗതം എന്നീ ഏഴ് മേഖലകളിലാണ് പുതിയ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. ദിവ ‘ഇകോയിസ്‌മെ’ എന്ന കമ്പനി മുഖേന നടപ്പാക്കുന്ന പദ്ധതി ഇവയില്‍ ശ്രദ്ധേയമാണ്. വിവിധ സംവിധാനങ്ങളിലൂടെ എമിറേറ്റിലെ വൈദ്യുതി, ജല ഉപഭോഗം കുറച്ചുകൊണ്ടുവരുന്നതാണിത്. ദുബൈയില്‍നിന്ന് അബുദാബിയിലേക്ക് ഹൈപ്പര്‍ലൂപ് സര്‍വീസ് തുടങ്ങുന്നതിനുള്ള പ്രാരംഭ പദ്ധതിക്കും ഡി എഫ് എയില്‍ അംഗീകാരം ലഭിച്ചു.

ഹൈപ്പര്‍ലൂപ് വണ്ണുമായി ചേര്‍ന്ന് ആര്‍ ടി എ യാണ് പദ്ധതി നടപ്പാക്കുന്നത്. സ്വയംനിയന്ത്രിത കാറുകളുടെ സര്‍വീസ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിക്കും ധാരണയായിട്ടുണ്ട്. എയര്‍കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കാതെ, തണുപ്പിക്കുന്ന സൗരോര്‍ജ സംവിധാനം ‘ഷുവര്‍ ചില്‍’ നടപ്പാക്കാന്‍ ദീവ ‘മിസ്റ്റ് ബോക്‌സ്’ എന്ന കമ്പനിയുമായി ധാരണയായിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ പതിന്മടങ്ങ് വേഗത്തില്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങള്‍ക്കായി ദുബൈ പോലീസ് ‘കോമാഇ’ എന്ന കമ്പനിയുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചു. ശസ്ത്രക്രിയാപരിശീലനങ്ങള്‍ക്കായി അവയവങ്ങളുടെ ത്രീഡി പ്രിന്റ് മാതൃകകള്‍ ഒരുക്കുന്ന പദ്ധതിക്ക് ദുബൈ ഹെല്‍ത് അതോറിറ്റി മെഡാറ്റീവ് എന്ന കമ്പനിയുമായി ധാരണയിലെത്തി.