Connect with us

National

500 രൂപ നോട്ടുകള്‍ കൂടുതലായി പ്രിന്റ് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് നിരോധത്തെ തുടര്‍ന്ന് കറന്‍സി ക്ഷാമം രൂക്ഷമായ പശ്ചാതലത്തില്‍ പുതുതായി പുറത്തിറക്കിയ 500 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ വിപണിയിലെത്തിക്കുന്നതിന് മുഖ്യശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ 2000 രൂപയുടെ നോട്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇത് സാധ്യമായിട്ടുണ്ടെന്നും ഇപ്പോള്‍ 500 രൂപ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എന്നാല്‍ ഡിസംബര്‍ 30 ന് കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് തനിക്ക് അറിയില്ലെന്നും കാത്തിരുന്നുകാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം 2000,500 രൂപയുടെ നോട്ടുകള്‍ ആര്‍ ബി ഐ സ്വന്തമായി രൂപകല്‍പ്പന ചെയ്തതാണെന്നും അതിനാല്‍ ഈ നോട്ടുകളിലെ സുരക്ഷാ
സംവിധാനങ്ങളെ പറ്റി ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിച്ചു വരികയാണ്. സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ ലഭ്യത ഉറപ്പു വരുത്താന്‍ ആദ്യഘട്ടത്തില്‍ 2000 രൂപയുടെ നോട്ടാണ് കൂടുതല്‍ വിതരണം ചെയ്തത്. ഇനി 500 രൂപ കൂടുതലായി ജനങ്ങളിലേക്കെത്തും. എല്ലാ നോട്ടുകളുടെയും അച്ചടി പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ പണമെത്തിക്കാന്‍ ആകാശമാര്‍ഗവും ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ആദായനികുതി വകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത കള്ളപ്പണത്തില്‍ പുതിയ അഞ്ഞൂറിന്റെയും 2000ത്തിന്റെയും നോട്ട് കുറയാനാണ് സാധ്യത. എങ്കിലും പിടിച്ചെടുത്തവ ഉടന്‍ തിരിച്ച് വിപണിയിലെത്തിക്കും.
പണത്തിന്റെ ദൗര്‍ലഭ്യമുള്ള ഉള്‍നാടന്‍ പ്രദേശങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടേക്ക് കൂടുതല്‍ പണമെത്തിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുന്നുണ്ട്. കള്ളപ്പണക്കാര്‍ക്കെതിരെയുള്ള പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.