തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴ

Posted on: December 15, 2016 8:39 am | Last updated: December 15, 2016 at 11:15 am

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡ് ഹരിദ്വാര്‍ കോടതിയാണ് പിഴ ശിക്ഷവിധിച്ചത്. പിഴയട്ക്കാന്‍ പതഞ്ജലി ഒരു മാസം സമയം ചോദിച്ചു.

2012 ലാണ് കമ്പനിക്കെതിരായ പരാതി കോടതിയിലെത്തിയത്. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്പന്നങ്ങള്‍ പരിശോധിച്ച ശേഷം മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ട് കേസെടുക്കുകയായിരുന്നു. കടുക് എണ്ണ, ഉപ്പ്, കൈതച്ചക്ക ജാം, കടലമാവ്, തേന്‍ എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചത്.

ഭക്ഷ്യസുരക്ഷാനിയമത്തിലെ 52-53 ചട്ടപ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങളും ഭക്ഷോത്പന്നങ്ങളുടെ നിലവാരം സംബന്ധിച്ച 23.1 (പാക്കേജിംഗ് ആന്‍ഡ് ലേബലിംഗ്) ചട്ടങ്ങളും പതഞ്ജലി ലംഘിച്ചുവെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കോടതിയില്‍ ഉന്നയിച്ച പരാതി.