നോട്ട് പ്രതിസന്ധി: പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറാകണം- ഉമ്മന്‍ ചാണ്ടി

Posted on: December 15, 2016 6:36 am | Last updated: December 15, 2016 at 12:37 am

കല്‍പ്പറ്റ: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചക്ക് തയ്യാറാകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കല്‍പ്പറ്റയില്‍ ഐ എന്‍ ടി യു സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി കെ ഗോപാലന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി പാര്‍ലിമെന്റില്‍ നിശബ്ദനായിരിക്കുകയാണ്. സാധാരണ ഒരാള്‍ക്ക് ഭയം തോന്നുന്നത് പിന്തുണ കുറയുമ്പോഴാണ്.

എന്നാല്‍ ലോക്‌സഭയില്‍ മതിയായ പിന്തുണയുള്ള മോദി മിണ്ടാതിരിക്കുന്നതിന്റെ കാരണം ഉത്തരമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഫെഡറല്‍ രാജ്യത്തില്‍ ഇത്തരത്തിലൊരു സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ ചെയ്യേണ്ടതൊന്നും മോദി സര്‍ക്കാറില്‍ നിന്നുണ്ടായില്ല. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ചര്‍ച്ച നടത്തുകയെന്ന സാമാന്യ മര്യാദ പോലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. ഈ നിലപാട് പ്രധാമന്ത്രി മാറ്റണം. പാര്‍ലിമെന്റ് സ്തംഭിപ്പിക്കരുതെന്ന് രാഷ്ട്രപതി പറയുന്നത് അംഗീകരിക്കേണ്ട കാര്യമാണ്. പ്രധാനമന്ത്രി പാര്‍ലിമെന്റില്‍ സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇക്കാര്യത്തിലുള്ളു. എന്നാല്‍ അദ്ദേഹം അതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.