എഡിജിപി ശ്രീലേഖക്കെതിരായ നടപടി അട്ടിമറിച്ചതിന് ചീഫ് സെക്രട്ടറിക്ക് കോടതിയുടെ വിമര്‍ശനം

Posted on: December 13, 2016 1:55 pm | Last updated: December 13, 2016 at 6:00 pm

തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖക്കെതിരായ അഴിമതി ആരോപണത്തില്‍ നടപടി അട്ടിമറിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് കോടതിയുടെ രൂക്ഷവിമര്‍ശനം. അധികാര ദുര്‍വിനിയോഗവും അഴിമതിയും സംബന്ധിച്ച് ശ്രീലേഖക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന കാലത്ത് ഉയര്‍ന്ന പരാതിയില്‍ നടപടി വൈകിപ്പിച്ചതിനാണ് ചീഫ് സെക്രട്ടറി വിജയാനന്ദിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതാണ് എഡിജിപിക്കെതിരായ അന്വേഷണം വൈകാന്‍ കാരണമായി ചീഫ് സെക്രട്ടറി ചൂണ്ടി കാണിച്ചത്, എന്നാല്‍ ഈ വാദം കോടതി തള്ളി. മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
ശ്രീലേഖക്കെതിരായി ഗതാഗത മന്ത്രി നല്‍കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്ന ആരോപണമാണ് ഉയര്‍ന്നത്. ഈ പരാതിയിലാണ് ചീഫ് സെക്രട്ടറിക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ അഴിമതിയിലൂടേയും അധികാര ദുര്‍വിനിയോഗത്തിലൂടെയും സാമ്പത്തിക ലാഭമുണ്ടാക്കിയെന്നാണ് ആര്‍ ശ്രീലേഖക്കെതിരായി ഉയര്‍ന്ന ആരോപണം. ശ്രിലേഖക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധനയും നടക്കുന്നുണ്ട്.