വര്‍ധ ചുഴലിക്കാറ്റ്: ചെന്നൈ സാധാരണ നിലയിലേക്ക്

Posted on: December 13, 2016 12:10 pm | Last updated: December 13, 2016 at 1:56 pm

 

ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ചെന്നൈ സാധാരണ നിലയിലേക്ക് മടങ്ങുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. നഗരത്തിലെ വൈദ്യുതി സംവിധാനങ്ങള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. അതിനിടെ ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം പത്തായി. ദുരന്തനിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ആന്ധ്രയിലേക്ക് നീങ്ങിയെങ്കിലും ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 24 മണിക്കൂര്‍ കൂടി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വടക്കന്‍ കേരളത്തിലും കര്‍ണാടകയിലും രണ്ട് ദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റില്‍ തകര്‍ന്ന നഗരത്തെ പൂര്‍വസ്ഥിതിയിലാക്കാന്‍ ദുരന്തനിവാരണ സേന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കടപുഴകിവീണ വൃക്ഷങ്ങള്‍ മുറിച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വൈദ്യുതിബന്ധം പൂര്‍ണമായി പുനസ്ഥാപിക്കാന്‍ രണ്ട് ദിവസം വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.