കറന്‍സി അസാധുവാക്കല്‍ : മൊറോട്ടോറിയം പ്രഖ്യാപിക്കണം

Posted on: December 11, 2016 1:47 pm | Last updated: December 11, 2016 at 1:47 pm

മഞ്ചേരി: കറന്‍സി നിരോധനത്തിലൂടെ പ്രതിസന്ധിയിലായ ചെറുകിട വ്യവസായ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോ. ജില്ലാ കമ്മിറ്റി.

നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയിലെ പതിനായിരത്തോളം വരുന്ന ചെറുതും ഇടത്തരവുമായ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെ മിക്കവാറും ചെറുകിട വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കത്താണ്. കൂലി കൊടുക്കാനും വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തു വാങ്ങാനും പണമില്ല. മഞ്ചേരി, പയ്യനാട്, തേഞ്ഞിപ്പലം തുടങ്ങിയ ഇടങ്ങളിലെ വ്യവസായ എസ്റ്റേറ്റുകളിലുള്‍പ്പെടെ യൂനിറ്റുകളിലെയും ഇതര സംസ്ഥാന തൊഴിലാളികളെയും പിരിച്ചുവിട്ടു. സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും നിരവധി പേര്‍ക്ക് ഈ രംഗത്ത് ജോലിയും നല്‍കുന്നുണ്ട്. കാര്‍ഷിക ഉത്പന്നങ്ങളില്‍ അധികവും മൊത്ത വിതരണ കേന്ദ്രത്തില്‍ എത്തിക്കാനാകാതെ വലയുകയാണ് കര്‍ഷകര്‍. മലഞ്ചരക്ക് വ്യാപാരവും സ്തംഭിച്ചു. ബേങ്ക് വായ്പ തിരിച്ചടക്കാനാകാതെ മിക്ക യൂനിറ്റുകളും പ്രതിസന്ധിയിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കും വാണിജ്യ വകുപ്പിനും നല്‍കാനുള്ള നികുതിയൊടുക്കാന്‍ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.