അലഹബാദ് കോടതിയുടെ നിരീക്ഷണങ്ങള്‍

Posted on: December 11, 2016 6:06 am | Last updated: December 10, 2016 at 10:07 pm

വിവാഹമോചനവുമായി ബന്ധപ്പെട്ട ഖുര്‍ആനിക, പ്രവാചക വീക്ഷണങ്ങള്‍ക്ക് യോജിക്കാത്തതാണ് ഇന്ത്യയിലെ മുസ്‌ലിം വ്യക്തിനിയമങ്ങളെന്ന അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം അത്യന്തം ആശങ്കാജനകമാണ്. അങ്ങേയറ്റം ക്രൂരവും അന്തസ്സില്ലാത്തതുമായ വിവാഹമോചന രീതിയാണ് മുത്തലാഖെന്നും ഇത് ഇന്ത്യയെ പിറകോട്ട് വലിക്കുന്നുവെന്നും ജസ്റ്റിസ് ജെ സുനിത് കൂമാര്‍ അഭിപ്രായപ്പെടുന്നു. ആദ്യഭാര്യയെ വിവാഹമോചനം ചെയ്ത ഭര്‍ത്താവിനും തനിക്കും പോലീസ് സംരക്ഷണം തേടി യു പിയിലെ ബുലുന്ദ്ശഹര്‍ സ്വദേശിനി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു മുസ്‌ലിം വ്യക്തിനിയമത്തിനെതിരായ കോടതിയുടെ കടന്നാക്രമണം. മുസ്‌ലിം വ്യക്തിനിയമം ഭരണഘടനാ വിരുദ്ധമാണ്; രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ട്; ഇത് പരിഹരിക്കാന്‍ നിയമം ഭേദഗതി ചെയ്തു കൂടേ? നിര്‍ഭാഗ്യവതികളായ സ്ത്രീകളോട് അവരുടെ വ്യക്തിനിയമം ഇത്ര ക്രൂരമായി പെരുമാറുന്നതെന്തിന്? രാജ്യത്തെ ജനസംഖ്യയില്‍ പ്രബലമായ മുസ്‌ലിം സ്ത്രീകളില്‍ വ്യക്തിനിയമങ്ങളുടെ പേരിലുള്ള പുരാതനാചാര ക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിച്ചു കുടാ എന്നിങ്ങനെ പോകുന്നു ജസ്റ്റിസ് സുനിത് കുമാറിന്റെ നിരീക്ഷണങ്ങള്‍.

കേസിന്റെ വിചാരണക്കിടെയുള്ള നിരീക്ഷണങ്ങളാണെങ്കിലും ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണ്. മുസ്‌ലിം വ്യക്തിനിയമത്തിനും ശരീഅത്തിനുമെതിരെയുള്ള കോടതികളുടെ കടന്നാക്രമണം അടുത്തിെടയായി വര്‍ധിച്ചിട്ടുണ്ട്. ഇവിടെ തകരാറ് ശരീഅത്തിനോ മുസ്‌ലിം വ്യക്തിനിയമത്തിനോ അല്ല, ശരീഅത്തിനെ വിലയിരുത്തുന്നതിലും പഠിക്കുന്നതിലും കോടതി സ്വീകരിച്ച മാനദണ്ഡത്തിലാണ്. മുന്‍ കാലങ്ങളില്‍ ശരീഅത്തുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികള്‍ ആധാരമാക്കിയിരുന്നത് നാല് മദ്ഹബുകളിലെ പ്രാമാണികമായ ഗ്രന്ഥങ്ങളെയാണ്. പ്രസ്തുത ഗ്രന്ഥങ്ങളില്‍ നിന്ന് മാത്രമായിരുന്നു നിയമജ്ഞര്‍ ഇസ്‌ലാമിക നിയമങ്ങളെ പഠിച്ചിരുന്നത്. കോടതികള്‍ക്ക് ഖുര്‍ആനും ഹദീസും പരിഗണിക്കേണ്ടി വരുമ്പോള്‍ അത് ആധികാരികമായ മുസ്‌ലിം വ്യാഖ്യാതാക്കളുടെ (മുഫസ്സിറുകള്‍) വീക്ഷണങ്ങളെ ആധാരമാക്കിയായിരിക്കണമെന്നും ഖുര്‍ആനിനെയും ഹദീസിനെയും സ്വന്തമായി വ്യാഖ്യാനിക്കാന്‍ അവര്‍ ശ്രമിക്കരുതെന്നും മുന്‍ സുപ്രീംകോടതി വിധികളെ ഉദ്ധരിച്ചു കൊണ്ട് മുല്ലയുടെ ‘പ്രിന്‍സിപ്ള്‍സ് ഓഫ് മുഹമ്മദന്‍സ് ലോ’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ മുന്‍ രാഷ്ട്രപതിയും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ മുഹമ്മദ് ഹിദായത്തുല്ല വ്യക്തമാക്കിയതായി കാണാം. അതായിരുന്നു കോടതികളുടെ കീഴ്‌വഴക്കവും. ഇതിന് വിരുദ്ധമായി ആധുനിക പണ്ഡിതരുടെ ഗ്രന്ഥങ്ങളെയും ആധികാരികമല്ലാത്ത ഖുര്‍ആന്‍ പരിഭാഷകളെയും അവലംബിക്കുമ്പോഴാണ് നിയമജ്ഞര്‍ക്ക് മുത്തലാഖിലും മറ്റു ശരീഅത്ത് നിയമങ്ങളിലും അപാകം തോന്നുന്നത്. ശാബാനു കേസില്‍ കോടതിക്ക് പാളിച്ച സംഭവിച്ചതും പ്രാമാണിക ഗ്രന്ഥങ്ങള്‍ക്ക് പകരം ആധുനിക പണ്ഡിതരുടെ കൃതികളെ അവലംബിച്ചതു കൊണ്ടായിരുന്നല്ലോ.
1937 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കിയ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടാണ് ഇപ്പോള്‍ വിവാദമായ മുസ്‌ലിം വ്യക്തിനിയമം. പലരും ധരിച്ച പോലെ മുസ്‌ലിം വ്യക്തിനിയമങ്ങളെ സംബന്ധിച്ച കര്‍മശാസ്ത്ര വിധികള്‍ ക്രോഡീകരിച്ചു തയ്യാറാക്കിയ ഒരു നിയമാവലിയായി പറയാനാകില്ല. വിവാഹം, വിവാഹമോചനം, അനന്തര സ്വത്ത് ഭാഗിക്കല്‍, വഖ്ഫ് തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ശരീഅത്ത് നിയമമായിരിക്കും ബാധകം എന്ന് അംഗീകരിക്കുകയാണ് അത് ചെയ്തത്. മുസ്‌ലിം സമൂഹത്തില്‍ വ്യക്തി, കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു ഉടലെടുക്കുന്ന തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് ശരീഅത്ത് അനുസരിച്ചായിരിക്കുമെന്ന അവകാശവും സ്വാതന്ത്ര്യവും നല്‍കുകയാണ് ആക്ടിന്റെ ലക്ഷ്യം. ഖുര്‍ആനിനെയും ഹദീസിനെയും ഇജ്മാഅ,് ഖിയാസിനെയും അടിസ്ഥാനപ്പെടുത്തി നാല് മദ്ഹബിന്റെ പണ്ഡിതന്മാര്‍ കണ്ടെത്തിയ കര്‍മശാസ്ത്ര വിധികളാണ് ശരീഅത്ത്. ഇതിന്റെ സാധൂകരണം മാത്രമാണ് ആക്ട് കൊണ്ട് ലക്ഷ്യമാക്കുന്നത്. അതുകൊണ്ടു തന്നെ വ്യക്തിനിയമം ഭേദഗതി ചെയ്യുകയെന്നാല്‍ അത് ശരീഅത്ത് നിയമം തിരുത്തിയെഴുതുക എന്നാണര്‍ഥം. മുസ്‌ലിം വ്യക്തിനിയമ ഭേദഗതിക്കായി മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യവും മറ്റൊന്നല്ല.

മുസ്‌ലിം വ്യക്തി നിയമത്തിന്‍ കീഴില്‍ രാജ്യത്തെ മുസ്‌ലിം സ്ത്രീകള്‍ ഏറെ ദുരിതമനുഭവിക്കുന്നുവെന്ന കോടതിയുടെ പരാമര്‍ശം അതിശയോക്തിപരമാണ്. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ പൊതുവെ അവരുടെ ദാമ്പത്യ ജീവിതത്തില്‍ സന്തുഷ്ടരാണ്. ശരീഅത്ത് തങ്ങളോട് വിവേചനം കാണിക്കുന്നതായോ, തുല്യനീതി നല്‍കന്നില്ലെന്നോ അവര്‍ക്ക് പരാതിയില്ല. ചില അപവാദങ്ങളുണ്ടാകാം. അത് പക്ഷേ മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല. ഭര്‍ത്താവിന്റെ മോശം പെരുമാറ്റം കാരണമോ, വിവാഹമോചനത്തെ തുടര്‍ന്നോ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്നവര്‍ എല്ലാ മതങ്ങളിലുമുണ്ട്, നിസ്സാര കാര്യങ്ങള്‍ക്ക് ഭാര്യമാരെ കൈയൊഴിയുന്ന പ്രവണതയും മുസ്‌ലിം സമൂദായത്തില്‍ മാത്രമല്ല. മതങ്ങളല്ല, ധാര്‍മികത കൈമോശം വന്ന ഇന്നത്തെ പൊതുസാമൂഹികാവസ്ഥയാണ് ഇക്കാര്യത്തില്‍ വില്ലന്‍. മതനിയമങ്ങള്‍ ഭേദഗതി ചെയ്യുകയല്ല, സമൂഹത്തില്‍ ധാര്‍മിക ബോധം വളര്‍ത്തുകയാണ് ഇതിന് പരിഹാരം.