കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണം ഹൈടെക്ക് സെല്‍ അന്വേഷിക്കും

Posted on: December 11, 2016 7:27 am | Last updated: December 11, 2016 at 7:56 am
SHARE

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത് അന്വേഷണം നടത്താന്‍ ഹൈടെക് സെല്ലിനും സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന സോഷ്യല്‍ മീഡിയ പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം സംബന്ധിച്ച് പരിശോധിക്കാനാണ് സൈബര്‍ സെല്ലിനും ഹൈടെക് സെല്ലിനും നിര്‍ദേശം നല്‍കിയത്. ഡി ജി പിക്ക് പരാതി നല്‍കിയ നിഷാന എന്ന യുവതിക്കുള്ള മറുപടിയായാണ് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.
ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജനങ്ങള്‍ ഭയചകിതരും ഏറെ ആശങ്കാകുലരുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ഒട്ടും ഭയപ്പെടേണ്ട സാഹചര്യമില്ല. ഇത്തരം വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഇതേക്കുറിച്ച് മലപ്പുറത്തും കണ്ണൂരിലും മറ്റു ജില്ലകളിലുമെല്ലാം പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തില്‍ വരുന്ന പല വാര്‍ത്തകളും വസ്തുതാ വിരുദ്ധമോ അതിശയോക്തി കലര്‍ന്നതോ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായത്. വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിജസ്ഥിതി മനസിലാക്കാതെ ഈ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്നും അറിയിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നും ഇത്തരത്തില്‍ വന്ന ചില വാര്‍ത്തകളില്‍ പോലീസ് അന്വേഷിക്കുകയും അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയും ചെയ്തു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാറും പോലീസും നല്‍കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി പോലീസ് ആവിഷ്‌കരിച്ചു വരികയാണ്. നഗരങ്ങളില്‍ പിങ്ക് പട്രോള്‍ സംവിധാനം തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിച്ചത് കോഴിക്കോട്ടും കണ്ണൂരും കൂടി ഉടന്‍തന്നെ നടപ്പില്‍ വരും. ബസ് സ്റ്റോപ്പുകളിലും പൊതു സ്ഥലങ്ങളിലും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ബീറ്റ് സംവിധാനം, ഷാഡോ പോലീസ് നിരീക്ഷണം എന്നിവ നിലവിലുണ്ട്. ഇവ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനതലത്തില്‍ തൃശൂര്‍ റൂറല്‍ എസ് പി. ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ പോലീസ് തലത്തിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന രഹിതമായ വാര്‍ത്തകളില്‍ ആശങ്കയോ ഭയമോ വേണ്ട. നിങ്ങള്‍ക്കൊപ്പം ജാഗ്രതയോടെ പോലീസുണ്ട്. എതെങ്കിലും സഹായത്തിനോ സംശയ നിവാരണത്തിനോ 1091 (വനിതാ ഹെല്‍പ്പ് ലൈന്‍)/1090 ( െ്രെകം സ്‌റ്റോപ്പര്‍)/1098 (ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.