എ ടി എമ്മുകള്‍ കാലി; ഉള്ളിടത്ത് രണ്ടായിരം

Posted on: December 10, 2016 9:27 pm | Last updated: December 10, 2016 at 9:27 pm

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ പ്രതിസന്ധി തുടരുമ്പോള്‍, മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ബേങ്ക് അവധിയില്‍ വലഞ്ഞ് ജനം. ബേങ്കുകള്‍ അവധിയായതോടെ എ ടി എം മാത്രമാണ് പണമിടപാടിനുള്ള ഏക ആശ്രയം. എന്നാല്‍ നിറച്ച പണം നിമിഷ നേരം കൊണ്ട് കാലിയാകുന്ന അവസ്ഥയാണ് നിലവില്‍ എ ടി എമ്മുകള്‍ക്കുള്ളത്. ഇതോടെ ബേങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നതുവരെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും.

നോട്ടുകള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഇത്രയും ദിവസം തുടര്‍ച്ചയായി ബേങ്ക് അവധി വരുന്നത്. രണ്ടാം ശനിയും ഞായറും നബിദിനവും അടുത്തടുത്ത് വന്നതാണ് ജനങ്ങളെ വലക്കുന്നത്. ചൊവ്വാഴ്ചയാണ് ഇനി ബേങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.
ചില്ലറ ക്ഷാമം രൂക്ഷമായതും, എ ടി എമ്മുകളില്‍ നിന്നും പിന്‍വലിക്കുന്ന തുകയുടെ പരിധി കുറച്ചതും ഇടപാടുകാരെ ദുരിതത്തിലാക്കുകയാണ്. പല എ ടി എമ്മുകളിലും 2000 രൂപ നോട്ടുകള്‍ മാത്രമേ ഉള്ളൂവെന്നതാണ് പ്രധാന പ്രശ്‌നം. 2000 രൂപ സ്വീകരിക്കാന്‍ ടെക്‌സറ്റൈല്‍ ഷോപ്പുകള്‍ അടക്കമുള്ളവ തയ്യാറാകുന്നില്ല. അതാത് ബേങ്ക് എ ടി എമ്മുകളില്‍ നിന്ന് മാത്രമേ 2500 രൂപ ലഭിക്കൂ. മറ്റ് ബേങ്ക് എ ടി എമ്മുകളില്‍ 2000 മാത്രമാണ് ലഭിക്കുക.
നിരോധനത്തിന് ശേഷം അവധി ദിനങ്ങള്‍ വന്നിരുന്നെങ്കിലും പ്രതിസന്ധി കണക്കിലെടുത്ത് ഞായറാഴ്ചയടക്കം ബേങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാലിപ്പോള്‍ തുടര്‍ച്ചയായി അവധി വന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
നഗരപ്രദേശങ്ങളിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളിലും സൈ്വപിംഗ് മെഷീന്‍ ഏര്‍പ്പെടുത്തിയത് എ ടി എം കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ സഹായകമായിട്ടുണ്ട്. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. ഇവിടെ എ ടി എമ്മുകളിലും പണം നിറക്കുന്നത് വല്ലപ്പോഴുമാണ്.