Connect with us

Malappuram

മഞ്ചേരി ബോയ്‌സിലെ പേനകള്‍ ഇനി ശില്‍പ്പമാകും

Published

|

Last Updated

മഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച പേനകള്‍

മഞ്ചേരി: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകള്‍ വലിച്ചെറിയുന്ന പ്രവണതക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച പേനകളുപയോഗിച്ച് കൊച്ചി മുസ്‌രിസ് ബിനാലെയില്‍ ശില്‍പങ്ങള്‍ ഒരുക്കും.
പ്ലാസ്റ്റിക്ക് പേനകള്‍ മഷി തീര്‍ന്നാല്‍ ഉപേക്ഷിക്കലാണ് പതിവ്. പ്രതിദിനം ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക് പേനകളാണ് ഇത്തരത്തില്‍ വലിച്ചെറിയുന്നത്. ഒരു വിദ്യാര്‍ഥി പ്രതിമാസം മൂന്ന് പേനകളെങ്കിലും ഉപയോഗിക്കുമെന്നാണ് ശരാശരി കണക്ക്. ഇതനുസരിച്ച് 45 ലക്ഷത്തോളം വരുന്ന സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ ഒരു മാസം 1.65 കോടിയിലേറെ പേനകള്‍ ഉപയോഗിക്കും. ഇതില്‍ 90 ശതമാനവും ഉപയോഗ ശേഷം വലിച്ചെറിയുകയാണ്. 600 ഓളം കുട്ടികള്‍ പഠിക്കുന്ന ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആയിരത്തിലധികം പേനകള്‍ ശേഖരിച്ചു.

മറ്റു സ്‌കൂളുകള്‍ കൂടി ഈ മാതൃക പിന്തുടര്‍ന്നാല്‍ ഇത് പരിസ്ഥിതി രംഗത്തെ വലിയ മുന്നേറ്റമാകും. റീസൈക്കിള്‍ ചെയ്യാനാകാത്ത പ്ലാസ്റ്റിക് പേനകള്‍ക്ക് പകരം മഷിപ്പേനകള്‍ ശീലമാക്കിയാല്‍ വലിയ തോതിലുള്ള മാലിന്യത്തില്‍ നിന്ന് രക്ഷനേടാന്‍ കഴിയും. മഷിപ്പേനകള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൊച്ചി മുസ്‌രിസ് ബിനാലെയില്‍ തയ്യാറാക്കുന്ന “പെന്‍ഡ്രൈവ് ” എന്ന ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിലേക്കാണ് പേനകള്‍ അയച്ചത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പഠനം കഴിഞ്ഞെത്തിയ ലക്ഷ്മി മേനോന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റലേഷന്‍. ഇതിനകം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടര ലക്ഷത്തോളം പേനകള്‍ ലഭിച്ചതായി ലക്ഷ്മിമേനോന്‍ അറിയിച്ചു. പേനകള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക്- 7510 278141.

---- facebook comment plugin here -----

Latest