റോഡുകളില്‍ അപകട മരണങ്ങളുടെ വര്‍ധന: പരിശോധന ശക്തമാക്കുമെന്ന് ഗതാഗത മന്ത്രി

Posted on: December 10, 2016 1:46 pm | Last updated: December 10, 2016 at 1:46 pm

കോഴിക്കോട്: നഗര റോഡുകളില്‍ അപകട മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ്- ട്രാന്‍സ്‌പോര്‍ട്ട് സംയുക്ത പരിശോധന ശക്തമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കലക്ടറേറ്റില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനങ്ങളുടെ അമിത വേഗം നിരീക്ഷിക്കാന്‍ ബസുകളില്‍ ജി പി എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനെകുറിച്ച് ആലോചിക്കും. നിരത്തുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചുള്ള നിരീക്ഷണവും ശക്തിപ്പെടുത്തും. ജംഗ്ഷനുകളില്‍ പുതുതായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ജീവനക്കാര്‍ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിനും നടപടിയെടുക്കും. അപകടം വരുത്തുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. ഇതു സംബന്ധിച്ച് ബസ് ഉടമകളുടെ യോഗം മേയറുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ക്കും. ബസ് ഡ്രൈവര്‍മാര്‍ക്ക് പോലീസ്- ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തീവ്ര പരിശീലനം നല്‍കും.
നഗരത്തില്‍ വിവിധ ഇടങ്ങളിലായി പോലീസ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ജീവനക്കാര്‍, എന്‍ എസ് എസ്, സ്‌കൗട്ട്, സ്റ്റുഡന്റ്‌സ് പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ ബോധവത്കരണ പരിപാടികള്‍ നടത്തും. ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച നിയമത്തിലെ അപാകത കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

നേരത്തെ സമയക്രമം പാലിച്ചായിരുന്നു റൂട്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ അപേക്ഷ നല്‍കുന്ന ആര്‍ക്കും പെര്‍മിറ്റ് അനുവദിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ ഡി എം. ടി ജനില്‍കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുഹമ്മദ് നജീബ് പങ്കെടുത്തു.