എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി സി രവീന്ദ്രനാഥ്

Posted on: December 10, 2016 1:34 pm | Last updated: December 10, 2016 at 1:34 pm

കോഴിക്കോട്: വിദ്യാലയങ്ങളില്‍ എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ രണ്ട് വര്‍ഷം കൊണ്ട് ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരമുളള മികവിന്റെ കേന്ദ്രം പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവിന്റെ സ്രോതസ്സുകളിലേക്ക് വിദ്യാര്‍ഥികളുടെ മനസ്സിനെ തുറന്നു വിടുകയെന്നതാണ് ഹൈടെക് സംവിധാനങ്ങള്‍ ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ക്ലാസ് മുറികളിലും ഒരു കമ്പ്യൂട്ടര്‍ ഉണ്ടാകും. നെറ്റ് കണക്ഷനും എല്‍ സി ഡി പ്രൊജക്ടറും ഒരുക്കും. ഇതിലൂടെ ലോകത്തെ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരാനാകും. കുട്ടികള്‍ പരാജയപ്പെടുന്നത് അവരുടെ കുറ്റം കൊണ്ടും കുറവുകൊണ്ടുമല്ല. വിദ്യാഭ്യാസം വിദ്യാര്‍ഥി കേന്ദ്രീകൃതമാകണം. എല്ലാ കുട്ടികളും അതാത് ക്ലാസില്‍ ആര്‍ജിക്കേണ്ട വിവരം അവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം. അടിസ്ഥാന വിവരങ്ങള്‍ ആര്‍ജിക്കാതെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് എത്തപ്പെടുന്നത് നിലവാരമില്ലായ്മക്ക് കാരണമാകും. അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ആധുനിക പഠനരീതികള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പുരുഷന്‍ കടലുണ്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രകാശനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി കെ രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളായ എം കെ പ്രീതി, പി അച്യുതന്‍, ലത നള്ളിയില്‍, ടി വി സുധാകരന്‍, സൗദ, എസ് ജയശ്രീ, ശ്രീജ പുല്ലിരിക്കല്‍, കെ കെ ഷൈമ, ഹെഡ്മാസ്റ്റര്‍ സി പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.