Connect with us

Editorial

ദളിതരോട് കോടതിയും!

Published

|

Last Updated

ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി വി നാഗാര്‍ജുന റെഡ്ഡിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാനെ സമീപിച്ചിരിക്കയാണ് 61 പാര്‍ലമെന്റ് അംഗങ്ങള്‍. ദളിതനായ കഡപ്പ ജില്ലയിലെ മുന്‍ പ്രിന്‍സിപ്പല്‍ ജൂനിയര്‍ സിവില്‍ ജഡ്ജി രാമകൃഷ്ണക്ക്, നാഗാര്‍ജുന റെഡ്ഡിയില്‍ നിന്നേല്‍ക്കേണ്ടിവന്ന പീഡനങ്ങളും അവഹേളനവും മുന്‍നിര്‍ത്തിയാണ് എം പി മാര്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. പീഡനമേറ്റ് മരിച്ച ഒരാളുടെ മരണമൊഴിയില്‍ അക്രമികളുടെ പേരുകളുടെ കൂട്ടത്തില്‍ ജസ്റ്റിസ് റെഡ്ഡിയുടെ സഹോദരന്‍ പവര്‍കുമാര്‍ കൂടി ഉള്‍പ്പെട്ടിരുന്നു. അയാളുടെ പേര് മര്‍ദകരുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് രാമകൃഷ്ണയോട് ജസ്റ്റിസ് റെഡ്ഡി ആശ്യപ്പെടുകയുണ്ടായി. നിയമവിരുദ്ധമായതിനാല്‍ രാമകൃഷ്ണ അതിന് വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ജസ്റ്റിസ് റെഡ്ഡി തന്നെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി അടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. റെഡ്ഡിയുടെ പീഡനത്തിനെതിരെ രാമകൃഷ്ണ ഹൈകോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ഹൈകോടതി ചീഫ് ജസ്റ്റിസിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പരാതികളയച്ചു. രാമകൃഷ്ണക്ക് സ്ഥലംമാറ്റവും സസ്‌പെന്‍ഷനുമായിരുന്നു ഫലം.

താന്‍ ദളിതനായത് കൊണ്ടാണ് ന്യായാധിപരില്‍ നിന്ന് പീഡനവും അവഹേളനവും ഏല്‍ക്കേണ്ടി വന്നതെന്നാണ് രാമകൃഷ്ണ വിശ്വസിക്കുന്നത്. ഈ ജഡ്ജിക്കെതിരെ ഇതിന് മുമ്പും ദളിത് പീഡനം ആരോപിക്കപ്പെട്ടതായി “കാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ്” ചൂണ്ടിക്കാട്ടുന്നു.
കോടതികളിലെ ദളിതരായ ജീവനക്കാരെ ജഡ്ജിമാര്‍ പീഡിപ്പിക്കുന്നതും അവരെ കൊണ്ട് നിയമ വിരുദ്ധമായി വീട്ടുജോലികള്‍ ചെയ്യിക്കുന്നതും രാജ്യത്ത് സാധാരണമാണ്. തന്റെ അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതിയിലെ ദളിത് ജീവനക്കാരിക്ക് അടുത്തിടെ ഈറോഡിലെ ഒരു കീഴ്‌ക്കോടതി ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് വിവാദമായതാണ്. ഉദ്യോഗത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് കോടതികളിലെ ദളിത് ജീവനക്കാരുടെ ഏക ജീവിതാശ്രയം. അത് നഷ്ടമായാല്‍ അവരുടെയും കുടുംബത്തിന്റെയും ജീവിതം വഴിമുട്ടും. ഈയവസ്ഥ ചൂഷണം ചെയ്തു പല ന്യായാധിപന്മാരും അവരെ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നു. തന്റെ വീട്ടില്‍ മീന്‍കറി വെക്കാന്‍ വിസമ്മതിച്ചതിന് ഒരു ജഡ്ജി ജീവനക്കാരന് മെമ്മോ നല്‍കിയത് രണ്ട് വര്‍ഷം മുമ്പാണ്. കന്യാകുമാരിയില്‍ ജഡ്ജിയുടെ ഭാര്യയോട് പറയാതെ മരുന്നുവാങ്ങാന്‍ പോയതിന്റെ പേരിലാണ് മറ്റൊരു കോടതി ജീവനക്കാരന് മെമ്മോ കിട്ടിയത്. ഹൈക്കോടി പിന്നീട് മെമ്മോ റദ്ദാക്കുകയുണ്ടായി.

കോടതികളിലെ നിയമനങ്ങളിലും ദളിതരോട് അവഗണന നിലനില്‍ക്കുന്നതായി പരാതിയുണ്ട്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ മാറ്റി നിര്‍ത്തിയാല്‍ അടുത്ത കാലത്ത് സുപ്രീംകോടതി ജഡ്ജ് നിയമനങ്ങളില്‍ ദളിതരാരും ഇടം നേടിയിട്ടില്ല. ഹൈക്കോടതി ജഡ്ജിമാരിലും നിലവില്‍ ദളിതരില്ല. പല കോടതി തീര്‍പ്പുകളും ദളിത് വിരുദ്ധമാണെന്ന വിമര്‍ശവുമുണ്ട്. ഈ വിഭാഗത്തില്‍ ഏറ്റവും ശ്രദ്ധേയമായതാണ് രാജസ്ഥാനിലെ ശൈശവ വിവാഹ വിരുദ്ധ പ്രവര്‍ത്തക ബന്‍വാരി ദേവിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ടു കൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ്. “”ഉയര്‍ന്ന ജാതിക്കാര്‍ക്ക് പിന്നാക്ക സമുദായത്തില്‍ പെട്ട സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്നതു പോയിട്ട് സ്പര്‍ശിക്കാന്‍ പോലും തോന്നുകയില്ല. അതിനാല്‍ കക്ഷിയുടെ പരാതി തന്നെ ഭാരതത്തിന്റെ സംസ്‌ക്കാരത്തിനും മനുഷ്യമനഃസാക്ഷിക്കും എതിരാണ്”” എന്നായിരുന്നു പ്രതികളെ വെറുതെ വിടാന്‍ കോടതി കണ്ടെത്തിയ ന്യായീകരണം. രാജ്യത്തെമ്പാടും നടക്കുന്ന ദളിത് പീഡനങ്ങളിലും കൂട്ടക്കൊലകളിലും തെളിവിന്റെ അഭാവം ചൂണ്ടിക്കാട്ടിയും ബാലിശമായ ന്യായങ്ങള്‍ ഉന്നയിച്ചും, നിയമത്തെയും ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശങ്ങളെയും നോക്കുകുത്തിയാക്കിയും ജാതീയ അതിക്രമങ്ങള്‍ അഴിച്ചു വിട്ടവര്‍ക്ക് കോടതികള്‍ കുട പിടിക്കുയാണെന്നാണ് ഈ വിധി പ്രസ്താവത്തോടുള്ള പല നിയമ വിദഗ്ധരുടെയും പ്രതികരണം.

2013 ജൂണില്‍ നാഷനല്‍ ക്രൈം റെക്കോഡ് ബ്യുറോ പ്രസിദ്ധപ്പെടുത്തിയ “ക്രൈം ഇന്‍ ഇന്ത്യ 2012” റിപ്പോര്‍ട്ട് പ്രകാരം, ദളിത്ആദിവാസി ജനവിഭാഗങ്ങള്‍ക്ക് നേരേ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നാല് ശതമാനം പേര്‍ക്കെതിരെ മാത്രമാണ് ശിക്ഷാനടപടികള്‍ ഉണ്ടായത്. ബാക്കി 96 ശതമാനം പേര്‍ നീതിക്കായി കോടതികളില്‍ പോരാട്ടം തുടരുകയോ കൂടുതല്‍ അതിക്രമങ്ങള്‍ ഭയന്നു ജീവിക്കുകയോ ചെയ്യുകയാണ്. ചെറുത്തുനില്‍പുകളെ നേരിട്ടു നിയമ നടപിടകളുമായി മുന്നോട്ട് പോകാന്‍ തയാറാകുന്നവരുടെ മാത്രം കണക്കാണ് ഇത്. അതിക്രമങ്ങളെയും അനിതീകളെയും നേരിടാനാകാതെ എല്ലാം സഹിച്ചു ജീവിതം തള്ളി നീക്കുന്നവരാണ് കൂടുതല്‍ പേരും. നിയമപാലകരില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും നീതി നിഷേധിക്കപ്പെടുമ്പോല്‍ രാജ്യത്തെ ഏതൊരു പൗരന്റെയും അവസാന പ്രതീക്ഷയാണ് കോടതികള്‍. ഇവിടെയും അവഗണനയും നീതിനിഷേധവുമാണെങ്കില്‍ ദളിത് വിഭാഗത്തിന് ഇനി എവിടെയാണ് ആശ്രയം?