Connect with us

Articles

മഅ്ദനി ചോദിക്കുന്നു

Published

|

Last Updated

എല്ലാമനുഷ്യരുടേയും അര്‍ഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം. ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, നിയമത്തിനു മുമ്പില്‍ തുല്യ നീതിക്കുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയവയാണ് പ്രധാനപ്പെട്ട മനുഷ്യാവകാശങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാര്‍ധക്യം, ശാരീരിക ബലഹീനതകള്‍ ഉള്‍പ്പെടെയുള്ള അവശതകളില്‍ ലഭിക്കേണ്ട സംരക്ഷണം എന്നിങ്ങനെ നീളുന്നു മനുഷ്യാവകാശങ്ങളുടെ പട്ടിക.

ഇത്താരം അവകാശങ്ങളിലെ ഏതെങ്കിലും ഒരു അടിസ്ഥാനപരമായ മാനുഷിക പരിഗണന ആര്‍ക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണ് മനുഷ്യാവകാശ ലംഘനമെന്ന് നിര്‍വചിക്കുന്നത്. ഒരു പ്രത്യേക മതത്തിലോ ജാതിയിലോ വിഭാഗത്തിലോ ഉള്‍പ്പെട്ട ഒരാള്‍ക്ക് ഒരു സാധാരണ പൗരനു ലഭിക്കേണ്ട പരിഗണനകളില്‍ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാനായില്ലെങ്കില്‍ അത് മനുഷ്യാവകാശ ലംഘനമായി. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ലോകമിന്ന്(ഡിസംബര്‍-10) അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിക്കുമ്പോഴും ഏതെങ്കിലും ഒരു പരിഗണനക്കുറിവില്‍ മാത്രമല്ല, എല്ലാ അടിസ്ഥാന മാനുഷിക മൂല്യങ്ങളും നിഷേധിക്കപ്പെട്ട് ,നമ്മുടെ മൂക്കിനു താഴെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയായി കഴിയുകയാണ് അബ്ദുന്നാസര്‍ മഅ്ദനിയെന്ന ഒരു മത-രാഷ്ട്രീയ നേതാവ്. കുറ്റവാളിയാണെങ്കില്‍ തന്നെ തൂക്കി കൊല്ലാനും നിരപരാധിയെങ്കില്‍ വിട്ടയക്കാനും കേണപേക്ഷിച്ച് വികലാംഗനും രോഗിയുമായ ആ മനുഷ്യന്‍ വിചാരണ തടവുകാരനായി കാരാഗൃഹത്തിനുള്ളില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഒന്നരപ്പതീറ്റാണ്ടായി. എങ്കിലും മനുഷ്യാവകാശസംരക്ഷണം ഉദ്‌ഘോഷിക്കുന്നവര്‍ക്കൊന്നും അതൊരു അനീതിയായിക്കാണാന്‍ പോലും കണ്ണില്ലാതായിരിക്കുന്നു.

15 വര്‍ഷക്കാലമായി അബ്ദുന്നാസര്‍ മഅ്ദനി വിചാരണ കാത്ത് ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട്. 1998-ലെ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റിലായി ഒമ്പതു വര്‍ഷമാണ് വിചാരണത്തടവുകാരനായി ആദ്യം തമിഴ്നാട്ടിലെ ജയിലില്‍ കിടന്നത്. 2007 ഓഗസ്റ്റ് ഒന്നിന് ഈ കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅ്ദനിയെ വെറുതെ വിട്ടു. എന്നാല്‍, 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നാരോപിച്ച് 2010 ആഗസ്റ്റ് 17ന് കര്‍ണാടക പോലീസ് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. ഈ കേസിലും നാളിതു വരെ കൂറ്റം തെളിയിക്കപ്പെടാതെ ബെംഗുളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ടും ഇപ്പോള്‍ ആറ് വര്‍ഷമായിരിക്കുന്നു. പ്രമേഹം മൂലം ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും മറ്റൊരു കണ്ണിന്റെ കാഴ്ച്ച ഭാഗികമായും നഷ്ടപ്പെട്ടിരിക്കുന്നു. ഒറ്റക്കാലില്‍ കഴിയുമ്പോഴും നട്ടെല്ലിന് സ്ഥാനചലനം സംഭവിച്ചും വൃക്കകള്‍ തകരാറിലായുമെല്ലാം കടുത്ത രോഗശയ്യയില്‍ പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ പോലുമാകാതെ ജയിലിലും ആശുപത്രിയിലുമായി ജീവിതം തള്ളിനീക്കുകയാണ് ഈ മനുഷ്യനിപ്പോള്‍. മനുഷ്യാവകാശ ലംഘനമാണെന്ന് പച്ചയായി എല്ലാവര്‍ക്കും ബോധ്യമാണെങ്കിലും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഓമനപ്പേരിട്ട് എല്ലാ അവകാശങ്ങള്‍ക്ക് മുകളിലും ധ്വംസനങ്ങളുടെ പെരുമഴ പെയ്യിക്കാനാണ് ചില ഭരണഘൂട ഭീകരര്‍ക്കിഷ്ടം.

ഇത് ഒരു അബ്ദുന്നാസര്‍ മഅ്ദനിയുടെ മാത്രം അവസ്ഥയുമല്ല. 15 വര്‍ഷക്കാലമായി കുറ്റവാളിയല്ലാതെ ജയിലിലടക്കപ്പെട്ട മഅ്ദനി രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പ്രതീകം മാത്രമാണ്. അസഹിഷ്ണുതയും വര്‍ഗീയതയും വിതക്കുകയും കൊയ്യുകയും ചെയ്യുന്ന ഭരണഘൂട ഭീകരതയുടെ ഇരയായി ഇത്തരത്തില്‍ ഒട്ടേറെ “മഅ്ദനി”മാരാണ് മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് വിചാരണ തടവുകാരായി ജയിലുകളിലുള്ളത്. ദേശീയ കുറ്റാന്വേഷണ റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2,82,076 കുറ്റാരോപിതരാണ് രാജ്യെത്തെ വിവിധ ജയിലുകളിലായി വിചാരണ തടവുകാരായുള്ളത്്. നിലവില്‍ ജയിലുകളില്‍ കഴിയുന്ന കുറ്റവാളികളേക്കാള്‍ കൂടുതലാണ് കുറ്റാരോപിതര്‍ (67 ശതമാനം). വിചാരണ തടവുകാരായി കഴിയുന്നവരില്‍ 55 ശതമാനവും മുസ്‌ലിംകളും ദളിതരുമാണെന്നതാണ് മറ്റൊരു വസ്ഥുത. എന്നാല്‍ കുറ്റവാളികളായവരില്‍ വളരെ പിറകിലുമാണ് ഈ വിഭാഗങ്ങള്‍. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ 14.2 ശതമാനം മാത്രമാണ് മുസ്‌ലിംകളും 16.6 ശതമാനമാണ് പട്ടികജാതിക്കാരും , 8.6 ശതമാനമാണ് പട്ടികവര്‍ഗക്കാരുമുള്ളെന്നിരിക്കെയാണ് ഈ അന്തരമെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് ഭരണകൂട ഭീകരതയുടെ വികൃത മുഖം വ്യക്തമാകുക. വിചാരണ തടവുകാരില്‍ 65 ശതമാനം പേരും മൂന്നുമാസം മുതല്‍ അഞ്ച് വര്‍ഷമായും ജയിലില്‍ കഴിയുന്നവരാണെന്നും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനസംഖ്യയിലെ ഏറ്റവും ചെറിയ വിഭാഗങ്ങള്‍ എങ്ങനെ വിചാരണ തടവുകാരില്‍ പകുതിയിലധികം വന്നെന്നുള്ളതിനെക്കുറിച്ച് മനസ്സിലാക്കാന്‍ കൂടുതല്‍ ഗവേഷണങ്ങളൊന്നും വേണ്ടി വരില്ല. ഒമ്പത് വര്‍ഷം ജയിലില്‍ കിടന്ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ച മഅ്ദനി അവര്‍ണന് അധികാരം, പീഡിതര്‍ക്ക് മോചനം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന പി ഡി പി എന്ന പാര്‍ട്ടിയുടെ അധ്യക്ഷനുമായി അറിയപ്പെടുന്ന നേതാവായിരുന്നു. എന്നാല്‍ അറിയപ്പെടാത്തവരും അല്ലാത്തവരുമായ ഒട്ടേറെ മുസ്‌ലിം യുവാക്കളെയും ദളിതരെയുമാണ് ഇത്തരത്തില്‍ തീവ്രവാദമാരോപിച്ചും മറ്റുമായി കള്ളക്കേസുകളില്‍ കുടുക്കി ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ചിരിക്കുന്നത്. പ്രതികരിക്കാന്‍ പുറപ്പെടുന്നവരും പ്രതികളാവുമെന്നതിനാലും തീവ്രവാദ ബന്ധം ചാര്‍ത്തി ജീവിതം തകര്‍ക്കുമെന്നുള്ള ഭയത്താലും ആരും ഇത്തരക്കാര്‍ക്ക് വേണ്ടി ശബ്ദിക്കാനുയരുന്നില്ലെന്നുള്ളതും ഭരണകൂടഭീകരതക്ക് ആക്കം പകരുന്നു. വിചാരണ തടവുകാരായി ജയിലിലടച്ചവരെയും മറ്റും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തുന്നതും ഇതു തന്നെയാണ് തുറന്ന് കാട്ടുന്നത്.

കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശങ്ങളായി ഐക്യരാഷ്ട്ര സഭ കണക്കാക്കപ്പെടുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ മതേതര- ജനാതിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന നമ്മുടെ രാജ്യത്ത് ഇത്തരം കാട്ടുനീതിയും അനീതികളും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളുമിപ്പോഴും അനുവര്‍ത്തിച്ചുപോരുന്നത്. ലിഖിതമായ ഭരണഘടനയെപോലും നോക്കുകുത്തിയാക്കി മാറ്റി, അവകാശ സംരക്ഷകരാവേണ്ട ഭരണഘൂടവും നീതി പീഠവുമാണ് ഇവിടെ മനുഷ്യാവകാശ ലംഘകരായി മാറിയിരിക്കുന്നതെന്നുള്ളതെന്നതുമാണ് വിരോധാഭാസം.

Latest