Connect with us

Palakkad

കേരളത്തിന്റെ പുനഃസൃഷ്ടി ഹരിതകേരളം മിഷനിലൂടെ സാധ്യമാവും: മന്ത്രി പി തിലോത്തമന്‍

Published

|

Last Updated

പാലക്കാട്: കാര്‍ഷിക മേഖലയെ സമൃദ്ധിയിലെത്തിച്ച് കേരളത്തിന്റെ പുന:സൃഷ്ടി സാധ്യമാക്കാന്‍ ഹരിതകേരളം മിഷന്‍ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
പുലാപ്പറ്റ-മണ്ടഴിയില്‍ ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനവരാശി നേരിടുന്ന വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. പ്രകൃതിയുടെ വെല്ലുവിളിക്ക് കാരണക്കാരായ നമ്മള്‍ തന്നെ ആ വെല്ലുവിളി തരണം ചെയ്യാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ രാജ്യത്തെ കാര്‍ഷിക മേഖല തകര്‍ന്നു പോയി.

കുട്ടനാടും പാലക്കാടും മാത്രമായി കേരളത്തിന്റെ നെല്ലറ ചുരുങ്ങി. ഭക്ഷ്യ സംസ്‌കാരത്തില്‍ വന്ന മാറ്റം ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണമായി . ഇതിനെയെല്ലാം മറികടക്കാനാണ് സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ നടപ്പാക്കുന്നത്. ഭൂമിയുടേയും ഭാവിതലമുറയുടേയും സംരക്ഷണം നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ശുചിത്വം, ജലസംരക്ഷണം, കൃഷി വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തെ ഓരോ വാര്‍ഡിലും ഒരു വികസന പദ്ധതിയാണ് ഹരിതകേരളം മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നവകേരള സൃഷ്ടിക്കായി തുടക്കമിടുന്ന നവകേരളമിഷന്റെ ആദ്യഘട്ടമാണ് ഹരിതകേരളം മിഷന്‍. ഗ്രാമീണ മേഖലയില്‍ കനാലുകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവ ശുചീകരിക്കുന്നതിനാണ് പദ്ധതി മുന്‍ഗണന നല്‍കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലുള്ള ഏതെങ്കിലും പ്രവൃത്തിയോ പദ്ധതികളിലുള്‍പ്പെടാത്ത പ്രത്യേക പദ്ധതികളോ ഏറ്റെടുത്ത് നടത്തും. സ്‌കൂളുകളില്‍ ജൈവപച്ചക്കറി തോട്ടങ്ങള്‍ ആരംഭിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരപ്രദേശങ്ങള്‍ വൃത്തിയാക്കും.
കോളശ്ശേരി പുത്തന്‍കുളത്തിന്റെ നവീകരണത്തോടെയാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവുന്നത്. 43 സെന്റുള്ള പുത്തന്‍കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികളെ വിനിയോഗിച്ചാണ് നടത്തുക. 15 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

1791 ദിവസങ്ങളാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമുള്ളത്. പുത്തന്‍കുളം നവീകരിക്കുന്നതോടെ സമീപ പ്രദേശത്തെ ധാരാളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവും. പരിപാടിയില്‍ ഒറ്റപ്പാലം എം എല്‍ എ പി ഉണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി , ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി , ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍, കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗം ശ്രീജ, ബ്ലോക്ക് പഞ്ചായത്തംഗം പി എം നാരായണന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്തംഗം പി ശാന്ത, രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ സുരേഷ് രാജ് , എന്‍ ഹരിദാസ്, പി എസ് അബ്ദുള്‍ ഖാദര്‍, വി പി ജയപ്രകാശ്, പി വേണുഗോപാല്‍, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ കെ എസ് അബ്ദുള്‍ സലീം, കുടുംബശ്രീ-ആശാ പ്രവര്‍ത്തകര്‍, എന്‍ സി സി, എന്‍ എസ് എസ് , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Latest